സന്ദർശക വീസ നിരസിക്കുന്നു, വലഞ്ഞ് പ്രവാസി കുടുംബങ്ങൾ; അറിയണം മൂന്ന് കാര്യങ്ങൾ, യുഎഇയിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
Mail This Article
ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ചും ഒക്ടോബർ മുതല്‍ മാർച്ച് വരെയുളള മാസങ്ങളില്‍. ആഗോള ഗ്രാമമായ ഗ്ലോബല്‍ വില്ലേജും മിറക്കിള്‍ ഗാർഡനും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമെല്ലാം ലോകസഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നു. സന്ദർശക വീസയെടുത്ത് രാജ്യം കാണാനെത്തുന്നവരില്‍ യൂറോപ്പ് മുതല്‍ ഇന്ത്യവരെയുളള രാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികളുണ്ട്.
അതേസമയം യുഎഇയിലേക്ക് വിസിറ്റ് വീസയ്ക്ക് അപേക്ഷിച്ചാല്‍ നിരസിക്കപ്പെടുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ട്. അതിലേറ്റവും പ്രധാനമായി അപേക്ഷിക്കുന്നവരില്‍ പലരും കൃത്യമായ രേഖകള്‍ ഹാജാരാക്കുന്നതില്‍ വീഴ്ചവരുത്തുന്നു എന്നത് തന്നെയാണ്. വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രധാനമായും വേണ്ടത് മൂന്ന് കാര്യങ്ങളാണ്. യുഎഇയില്‍ വിനോദസഞ്ചാരികളായി എത്തുന്നവർ എന്ന രീതിയിലാണ് യുഎഇ വിസിറ്റ് വീസയിലെത്തുന്നവരെ ഈ രാജ്യം കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെ നിശ്ചിത കാലത്തെ വിസിറ്റ് വീസയിലെത്തുന്നവർ വീസ കാലാവധി അവസാനിക്കുമ്പോള്‍ തിരിച്ചുപോകണം. അതുകൊണ്ടുതന്നെ ആദ്യം വേണ്ടത് തിരിച്ച് പോകാനുളള ടിക്കറ്റാണ്. ഇവിടെയെത്തിയാല്‍ താമസിക്കുന്നതിനുളള സ്ഥലം (ഹോട്ടല്‍ ബുക്കിങ്ങോ, ബന്ധുക്കളുടെ താമസ രേഖയോ) ഉണ്ടായിരിക്കണം, ഇവിടെ തങ്ങുന്നതിന് ആവശ്യമായ പണത്തിന്‍റെ സോഴ്സ് എന്നിവ ഉണ്ടായിരിക്കണം. ഈ മൂന്ന് രേഖകളും കൃത്യമായാല്‍ വിസിറ്റ് വീസ ലഭിക്കും.
യുഎഇ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വരുന്നതിന് കർശന നിയന്ത്രണങ്ങളില്ല. രേഖകള്‍ കൃത്യമായാല്‍ യുഎഇയില്‍ വരാം. ഇന്ത്യക്കാർ അടക്കമുളള വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ രാജ്യം കാണുക എന്നതിലുപരി ഇവിടെയത്തി ജോലി അന്വേഷിക്കാനായി വിസിറ്റ് വീസയ്ക്ക് അപേക്ഷ നല്‍കാറുണ്ട്. ജോലി അന്വേഷിച്ച് ഇവിടെയെത്തുന്നവർ ജോലി ലഭിക്കുന്നതുവരെ ഇവിടെ തുടരാനുളള പ്രവണത കാണിക്കാറുമുണ്ട്.
അതേസമയം വിനോദസഞ്ചാരത്തിനായി എത്തുന്നവർ കാലാവധി അവസാനിച്ചാല്‍ തിരിച്ചുപോകും. അധികൃതർ ഈ രണ്ട് വിഭാഗങ്ങളെയും രണ്ടായിതന്നെയാണ് കാണുന്നത്. വിസിറ്റ് വീസയിലെത്തുന്നവർ ഇവിടെത്തെ കാഴ്ചകള്‍ ആസ്വദിച്ച് വീസ കാലാവധി തീരും മുന്‍പ് മടങ്ങണമെന്നാണ് അധികൃതരുടെ കാഴ്ചപാട്. വിസിറ്റ് വീസയിലെത്തി ജോലി ലഭിച്ചാല്‍ നിയമപ്രകാരം താമസ-ജോലി വീസയിലേക്ക് മാറണം. വിസിറ്റ് വീസയില്‍ ജോലി ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്.
രണ്ട് തരത്തിലുളള ടൂറിസ്റ്റ് വീസകളുണ്ടെന്ന് ഓയാസീസ് ടൂർസ് ആന്‍റ് ട്രാവല്‍സിലെ ജാഫർ ഷെരീഫ് പറയുന്നു. നിലവില്‍ ഒരു വ്യക്തി വിസിറ്റ് വീസയിലെത്തി തിരിച്ചുപോയി അപ്പോള്‍ തന്നെ വീണ്ടും വിസിറ്റ് വീസയ്ക്ക് അപേക്ഷിച്ചാല്‍ അനുമതി ലഭിക്കുന്നില്ല. ഒരു മാസം കഴിഞ്ഞുമാത്രമാണ് പലപ്പോഴും അനുമതി ലഭിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ എടുത്താല്‍ ഒന്നിലധികം തവണ വന്നുപോകാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയ്ക്ക് ദുബായില്‍ അനുമതി ലഭിക്കുന്നുണ്ട്.
60 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയ്ക്ക് 950 ദിർഹമാണ് നിരക്ക്. 30 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയ്ക്ക് 750 ദിർഹമാണ് നിരക്ക്. 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയ്ക്ക് 560 ദിർഹമാണ് നിരക്ക്. 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയ്ക്ക് 360 ദിർഹമാണ് നിരക്ക്. അതേസമയം ഷാർജ, അബുദാബി എമിറേറ്റുകളില്‍ വിസിറ്റ് വീസയ്ക്ക് ഡെപോസിറ്റ് നല്‍കണം. 1030 ദിർഹമാണ് ഡെപോസിറ്റ് നിരക്ക്. വീസയ്ക്കും നിരക്ക് കൂടുതലാണ്. 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയ്ക്ക് 650 ദിർഹമാണ് നിരക്ക്. 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയ്ക്ക് 560 ദിർഹമാണ് നിരക്ക്.
അതേസമയം തന്നെ ഒരു വ്യക്തി വിസിറ്റ് വീസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ ആ വ്യക്തി യുഎഇയില്‍ ഏത് ജോലിയിലിരുന്നയാളാണ് എന്നതുകൂടി വിലയിരുത്തിയാണ് ചില സാഹചര്യങ്ങളില്‍ അപേക്ഷ അനുവദിക്കുന്നത്. മറ്റ് രീതിയിലുളള പിഴയോ അനധികൃത താമസമോ വ്യക്തിയുടെ പേരിലുണ്ടെങ്കിലും വിസിറ്റ് വീസ അനുമതി ലഭിക്കാന്‍ പ്രയാസമുണ്ടെന്നും ജാഫർ പറയുന്നു. 60 ദിവസത്തെ വിസിറ്റ് വീസയിലാണ് എത്തുന്നതെങ്കില്‍ വ്യക്തിയുടെ പക്കല്‍ ചെലവിനായി 5000 ദിർഹം അതല്ലെങ്കില്‍ 5000 ദിർഹത്തിന് തുല്യമായ (ഏകദേശം 1 ലക്ഷം ഇന്ത്യന്‍ രൂപ) തുക അക്കൗണ്ടിലുണ്ടായിരിക്കണം.
30 ദിവസത്തെ വിസിറ്റ് വീസയിലാണെങ്കില്‍ 3000 ദിർഹം അല്ലെങ്കില്‍ ഏകദേശം 75000 ഇന്ത്യന്‍ രൂപ അക്കൗണ്ടിലുണ്ടായിരിക്കണമെന്നുളളതാണ് നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഡമ്മി ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ നൽകുന്നതാണ് വീസ നിരസിക്കലിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തല്‍. അപൂർണമായ രേഖകളും വീസ നിരസിക്കലിന് ഇടയാക്കാം. കൃത്യമായ രേഖകല്‍ സമർപ്പിച്ചാല്‍ വിസിറ്റ് വീസ ലഭിക്കുന്നതിന് തടസ്സങ്ങളൊന്നുമുണ്ടാകില്ല, മാത്രമല്ല യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 ന് അവസാനിക്കാനിരിക്കുകയാണ്.
വിസിറ്റ് വീസയില്‍ ഉള്‍പ്പടെ വന്ന് രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ താമസം നിയമാനുസൃതമാക്കാനോ നല്‍കിയ അവസരമാണ് പൊതുമാപ്പ്. അനധികൃത താമസക്കാർ രാജ്യത്ത് നിന്ന് മടങ്ങിയെന്ന് ഉറപ്പിച്ചാല്‍ വിസിറ്റ് വീസയില്‍ നിലവിലുളള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നാണ് ട്രാവല്‍ മേഖലയിലുളളവർ പ്രതീക്ഷിക്കുന്നത്.