ADVERTISEMENT

ദമാം ∙ കാര്‍ബണ്‍ വേര്‍തിരിച്ചെടുത്ത് സംഭരിക്കാൻ ജുബൈലിൽ പുതിയ കേന്ദ്രത്തിന്റെ നിർമാണത്തിന് തുടക്കമിട്ട് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്ററുകളിലൊന്നായി ജുബൈലിലെ കേന്ദ്രം മാറും.  2060 ല്‍ സീറോ എമിഷന്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സുസ്ഥിരത വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെപ്പാണിതെന്ന് അധികൃതർ അറിയിച്ചു.

ജുബൈലിലെ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്ററിന്റെ ആദ്യ ഘട്ട നിര്‍മാണം ആരംഭിച്ചു. പ്രതിവര്‍ഷം 90 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വേര്‍തിരിച്ചെടുക്കാനും സംഭരിക്കാനും ശേഷിയുള്ള സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 അവസാനത്തോടെ പൂര്‍ത്തിയാകും. 2035നകം  എണ്ണ പര്യവേക്ഷണ, ഉല്‍പാദന മേഖലയില്‍ കാര്‍ബണ്‍ തീവ്രത 15 ശതമാനമായി കുറക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു.

ഊര്‍ജ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിന്റെ പ്രധാന ഘടകത്തെ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്റര്‍ പ്രതിനിധീകരിക്കുന്നു. സുസ്ഥിര വികസനം കൈവരിക്കാന്‍ സഹായിക്കുന്നതിനായി സൗദി അരാംകോ വികസിപ്പിച്ചെടുത്ത നീല ഹൈഡ്രജന്‍, അമോണിയ പ്രോഗ്രാമിനെ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ സെന്റര്‍ സഹായിക്കും. 

സുസ്ഥിരതയിലും നൂതന ഊര്‍ജ സ്രോതസ് മേഖലാ പ്രവര്‍ത്തനങ്ങളിലും കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിക്കുന്നതായി സൗദി അരാംകോ സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഷ്റഫ് അല്‍ഗസാവി പറഞ്ഞു. ആഗോളതലത്തില്‍ കാര്‍ബണ്‍ കൈകാര്യം ചെയ്യാനും പുറന്തള്ളല്‍ കുറക്കാനുമുള്ള കമ്പനിയുടെ ലക്ഷ്യം കൈവരിക്കാനുള്ള പ്രധാന ചുവടുവെപ്പായി കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികവിദ്യയുടെ പ്രഖ്യാപനം കണക്കാക്കപ്പെടുന്നു.

പരിസ്ഥിതി സംരക്ഷണം വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സൗദി ഗ്രീന്‍ ഇനിഷിയേറ്റീവിന്റെ ഭാഗമായാണ് പുതിയ സെന്റർ. സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിലൂടെ ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും സൗദി അറേബ്യ ശ്രമിക്കുന്നു. ഇത് സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി പാത കൈവരിക്കാന്‍ കാരണമാകും.

വേര്‍തിരിച്ചെടുക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ഭൂഗര്‍ഭ സംഭരണിയില്‍ ഉപ്പുവെള്ള തടത്തില്‍ സംഭരിക്കുകയാണ് ചെയ്യുക. ഈ രീതി രാജ്യത്തെ കാര്‍ബണ്‍ സംഭരണത്തിനുള്ള അതുല്യമായ ഭൗമശാസ്ത്ര സാധ്യതകളുണ്ടാക്കും. സുസ്ഥിര ഊര്‍ജത്തിലേക്ക് മാറാനും പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള സൗദി അറേബ്യയുടെ നീക്കത്തിന്റെ ഭാഗമായാണ് ജുബൈലില്‍ കാര്‍ബണ്‍ എക്‌സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്റര്‍ സ്ഥാപിക്കുന്നത്. 

English Summary:

Saudi Aramco to build one of world’s largest CCS facilities using Carbon Clean technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com