28 വർഷത്തിനു ശേഷം സൗദിയിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ; ഇന്ത്യ–സൗദി ബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി
Mail This Article
ജിദ്ദ ∙ ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് മൻമോഹൻ സിങ് സൗദി അറേബ്യ സന്ദർശിക്കുന്നത്.
2006 ൽ അന്നത്തെ സൗദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന് നാല് വർഷത്തിന് ശേഷമായിരുന്നു മൻമോഹൻ സിങ് സൗദിയിൽ എത്തിയത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹമെന്നതിനാൽ വൻ സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. 1982-ൽ ഇന്ദിരാഗാന്ധിയ്ക്ക് ശേഷം 28 വർഷക്കാലം ഇന്ത്യൻ പ്രധാനമന്ത്രിമാർ ആരും സൗദി സന്ദർശിച്ചിരുന്നില്ല. സൗദി അറേബ്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ സ്പെഷ്യൽ ക്ലാസ് ബഹുമതിയും നൽകിയാണ് സൗദി മൻമോഹൻ സിങിനെ ആദരിച്ചത്.
പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയുമായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് സൗദി അറേബ്യയിലെ പ്രശസ്തമായ കിങ് സഊദ് സർവകലാശാല സന്ദർശന വേളയിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. ബഹുമതി ഏറ്റുവാങ്ങിയുള്ള സദസ്സിൽ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന തന്റെ നാളുകളെക്കുറിച്ചും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ചും അനുസ്മരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.
അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശർമ, പെട്രോളിയം പ്രകൃതി വാതക മന്ത്രി മുരളി ദേവ്‌റ, വിദേശകാര്യ സഹമന്ത്രി ശശി തരൂർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് ഇന്ത്യയിലെ സിഇഒമാരുടെ 25 അംഗ പ്രതിനിധി സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി റിയാദിൽ എത്തിയത്.