എം.ടിയുടെ വേർപാട് നികത്താനാകാത്ത നഷ്ടം :മലയാളം മിഷൻ ഒമാൻ
Mail This Article
മസ്‌കത്ത് ∙ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടിയുടെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് മലയാളം മിഷന്‍ ഒമാന്‍ ഭാരവാഹികൾ അനുശോചിച്ചു.
വിദ്യാര്‍ഥി കാലം മുതല്‍ തന്നെ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ലോക ചെറുകഥാ മത്സരത്തില്‍ സമ്മാനിതനാവുകയും ചെയ്ത എംടി പിന്നീട് മലയാള സാഹിത്യത്തിലെ ഉന്നതമായ നേട്ടങ്ങള്‍ എല്ലാം കരസ്ഥമാക്കുന്നതിനൊപ്പം മലയാളിയുടെ മനസ്സില്‍ സമകാലീനരായ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാനില്ലാത്ത സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതായും നികത്താവാനാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തുഞ്ചന്‍ സാംസ്‌ക്കാരിക സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകം സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവച്ച എംടി, മലയാളം മിഷന്‍ ഭാഷാ പ്രതിജ്ഞയുടെ ഉപജ്ഞാതാവെന്ന നിലയില്‍ ഭാവി തലമുറയുടെ വാക്കിലും ധിഷണയിലും എക്കാലവും നിറഞ്ഞു നിലനില്‍ക്കുമെന്നും, ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും സാഹിത്യത്തിന്റെയും വിവിധ തുറകളില്‍ എംടിയുടെ കാല്‍പ്പാടുകള്‍ എക്കാലവും മായാതെ പതിഞ്ഞു കിടക്കുമെന്നും മിഷന്‍ ഒമാന്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.