ആഘോഷരാവിൽ അണിചേർന്ന് ബോളിവുഡ് താരങ്ങളും; തൊഴിലാളികൾക്കായി 5 ലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങളുമായി ദുബായ്
Mail This Article
ദുബായ്∙ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. 5 ലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകോളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബായിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ദുബായ് അൽ ഖുസിലാണ് പ്രധാന ചടങ്ങ് നടന്നത്.
'നേട്ടങ്ങൾ ആഘോഷിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നു' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജിഡിആർഎഫ്എ ദുബായുടെ വർക്ക് റഗുലേഷൻ സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ്, ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി പുലർച്ചെ വരെ നീണ്ടുനിന്നു. നടി പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകൻ രോഹിത് ശ്യാം റൗട്ട് തുടങ്ങിയവരുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. കാറുകൾ, സ്വർണനാണയങ്ങൾ, ഇ-സ്കൂട്ടറുകൾ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ 200 ലധികം വിജയികൾക്ക് സമ്മാനമായി നൽകി.
തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.