കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ 2 നാലാം തീയതി മുതൽ
Mail This Article
അബുദാബി ∙ കോഴിക്കോടൻ രുചിയും കലാസാംസ്കാരിക പരിപാടികളും അബുദാബിയിൽ ഒരുക്കി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 4, 5 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി രാത്രി പന്ത്രണ്ടു വരെ തുടരും. കോഴിക്കോടിന്‍റെ മഹിമ വിളിച്ചോതുന്ന ഫെസ്റ്റിൽ ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്‍റെ തനിമയുള്ള കലാപരിപാടികൾ, റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങൾ എന്നിവയിലായി ഇരുനൂറോളം കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്നായിരിക്കും മറ്റൊരു ആകർഷണം.
കൊതിയൂറുന്ന കോഴിക്കോടൻ വിഭവങ്ങളുടെ മുപ്പതോളം സ്റ്റാളുകൾ ഭക്ഷണ പ്രേമികളുടെ വയറും മനസ്സും നിറയ്ക്കും. നാളെ വൈകിട്ട് ഏഴിന് ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാ. ഗീവർഗീസ്, സ്വാമി അഭിലാഷ് ഗോപി കുട്ടൻപിള്ള എന്നിവർ പങ്കെടുക്കുന്ന മത സൗഹാർദ സദസ്സും ഉണ്ടാകും. കോഴിക്കോടിന്‍റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ഡോക്യുമെന്‍ററിയും പ്രദർശിപ്പിക്കും. പ്രവാസികൾക്ക് നാട്ടോർമ്മകൾ സമ്മാനിക്കുന്ന കാഴ്ചകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഫെസ്റ്റ് വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമിച്ചു നൽകും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ നൽകും. ഫെസ്റ്റിന്‍റെ ഭാഗമായി വനിതകൾക്കായി പാചക മത്സരവും നടത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ കെഎംസിസി നേതാവ് യു.അബ്ദുല്ല ഫാറൂഖി, ജില്ലാ പ്രസിഡന്‍റ് സി.എച്ച്.ജാഫർ തങ്ങൾ, അഷ്‌റഫ് നജാത്, മജീദ് അത്തോളി, സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് അബ്ദുൽബാസിത് കായക്കണ്ടി, ബഷീർ കപ്ലിക്കണ്ടി, നൗഷാദ് കൊയിലാണ്ടി, അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ, ഷഹീർ ഫാറൂഖി, ഷറഫ് കടമേരി എന്നിവർ പങ്കെടുത്തു.