കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങി: കുവൈത്തില്‍ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു
Mail This Article
കുവൈത്ത് സിറ്റി∙ അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ഇതില്‍ നിന്നുള്ള പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളുടെ മരണം കണ്ടെത്തിയത്. ഇതേ കുറിച്ച് തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.
നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക ശ്വസിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണത്തിലേക്ക് നയിച്ചേക്കാം. കരി കത്തിച്ചാല്‍ നിറമോ മണമോ ഇല്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡ് ഉല്‍പാദിപ്പിക്കപ്പെടുമെന്ന് ആരോഗ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്വസിക്കുമ്പോള്‍, ഇത് മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുകയും രണ്ടു മുതല്‍ മൂന്നു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.
ഇന്നു മുതല്‍ കുവൈത്തില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഏകദേശം 49 ലക്ഷം ജനസംഖ്യയുള്ള കുവൈത്ത് നിവാസികളില്‍ കൂടുതലും വിദേശികളാണ്. ഇന്നു മുതല്‍ താപനിലയില്‍ കുറവുണ്ടാകുമെന്നും വാരാന്ത്യത്തില്‍ കാലാവസ്ഥ പൊതുവെ തണുപ്പായിരിക്കുമെന്നും കാര്‍ഷിക, മരുഭൂ മേഖലകളില്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കിഴക്കന്‍ യൂറോപ്പില്‍ നിന്ന് വരുന്ന തണുത്ത വായു പ്രവാഹം കുവൈത്തിനെ ബാധിക്കുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ദരാര്‍ അല്‍അലി പറഞ്ഞു. കുവൈത്തില്‍ ഇന്ന് കൂടിയ താപനില 18 മുതല്‍ 20 ഡിഗ്രി സെന്‍റിഗ്രേഡ് വരെയും കുറഞ്ഞ താപനില ആറു മുതല്‍ ഒൻപതു സെന്‍റിഗ്രേഡ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.