മികവിന്റെ ഫാസ്റ്റ് ട്രാക്കിൽ ദുബായ്; തൊട്ടതെല്ലാം പൊന്നാക്കി ഷെയ്ഖ് മുഹമ്മദ്, എണ്ണമറ്റ നേട്ടങ്ങളുടെ 19 വർഷങ്ങൾ
Mail This Article
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചുമതലയേറ്റിട്ട് 19 വർഷം. 2006 ജനുവരി 4ന് അന്നത്തെ ദുബായ് ഭരണാധികാരിയും സഹോദരനുമായിരുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്നായിരുന്നു സ്ഥാനാരോഹണം.
ജീവിതത്തിലെയും കരിയറിലെയും സുപ്രധാന പദവിയിൽ മികച്ച പിന്തുണയുമായി നിഴലായി നിന്ന പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂമിന് സ്ഥാനാരോഹണ ദിനം സമർപ്പിച്ച ഷെയ്ഖ് മുഹമ്മദ്, നേട്ടത്തിനു പിന്നിലെ ചാലക ശക്തിയാണ് അവരെന്നും പ്രശംസിച്ചു. ദുബായുടെ ആത്മാവെന്നും ഷെയ്ഖുമാരുടെ അമ്മ എന്നുമാണ് ഷെയ്ഖ ഹിന്ദിനെ വിശേഷിപ്പിച്ചത്.
അനുകമ്പയുള്ള ഉദാരമതിയും കാരുണ്യമുള്ള വ്യക്തികളിൽ ഒരാളുമായ ഷെയ്ഖ ഹിന്ദ് ആണ് വീടിന്റെ നെടുംതൂൺ. കുടുംബത്തിന്റെ അടിത്തറയും ഏറ്റവും വലിയ പിന്തുണയുമാണ് അവരെന്നും പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണ ദിനം മുതൽ ഭരണരംഗത്ത് ഇന്നലെ വരെയുള്ള സുപ്രധാന ചിത്രങ്ങൾ ചേർത്തുവച്ച് ഹ്രസ്വചിത്രമാക്കി പോസ്റ്റ് ചെയ്താണ് ഷെയ്ഖ ഹിന്ദ് സന്തോഷം പങ്കിട്ടത്.
നിങ്ങൾ കാണുന്ന സ്വപ്നം ദുബായ് യാഥാർഥ്യമാക്കിത്തരുമെന്നും അസാധ്യം എന്ന വാക്ക് ദുബായുടെ നിഘണ്ടുവിലില്ലെന്നും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ഭരണചക്രം ഏറ്റെടുത്തതോടെ ദുബായുടെ വികസനത്തിന് പ്രകാശ വേഗമായിരുന്നു. ടൂറിസം, ധനകാര്യം, വാണിജ്യം, നൂതന സാങ്കേതികവിദ്യ തുടങ്ങി സമസ്ത മേഖലകളിലും ദുബായിയെ ലോകം ഉറ്റുനോക്കുന്ന ആഗോള കേന്ദ്രമാക്കി ഉയർത്തി.
∙ നേട്ടങ്ങൾ
മരുഭൂമിക്ക് പുതിയൊരു ഗതാഗത ശീലം സമ്മാനിച്ച് 09–09–09ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ ദുബായിൽ ഓടിച്ച് ചരിത്രം കുറിച്ചു. 2010ൽ തുറന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ഇപ്പോൾ 15–ാം വാർഷികം. ദുബായ് മറീന, ദുബായ് മെട്രോ, ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ഫ്യൂച്ചർ മ്യൂസിയം, ദുബായ് ഫ്രെയിം തുടങ്ങി എണ്ണമറ്റ പദ്ധതികളിലൂടെ ദുബായിയെ കൂടുതൽ മികവിലേക്ക് ഉയർത്തി.
കോവിഡ് കെടുതികളിൽനിന്ന് അതിവേഗത്തിൽ കരകയറാൻ ദുബായിയെ സഹായിച്ചത് ഷെയ്ഖ് മുഹമ്മദിന്റെ ദീർഘ വീക്ഷണവും നിശ്ചയദാർഢ്യവുമാണ്. കോവിഡിൽ ലോകം വീടുകളിലേക്കു ചുരുങ്ങിയ കാലഘട്ടത്തിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കി എക്സ്പോ 2020 ദുബായ് വിജയകരമായി സംഘടിപ്പിച്ചതും ആഗോള ശ്രദ്ധ നേടുക മാത്രമല്ല ലോകത്തിനു മാതൃകയാവുകയും ചെയ്തു.
1949ൽ ദുബായ് ശിന്ദഗയിൽ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാന്റെയും മകനായാണ് ജനനം. പിതാവും രാഷ്ട്രശിൽപിയുമായ ഷെയ്ഖ് റാഷിദിൽനിന്നും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൽനിന്നും ഭരണകാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയ കുട്ടിക്കാലത്തു തന്നെ മികച്ച കഴിവ് പ്രകടിപ്പിച്ചിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനവും സൈനിക പരിശീലനവും ആ കഴിവ് പരിപോഷിപ്പിച്ചു. തിരിച്ചെത്തിയ ഷെയ്ഖ് മുഹമ്മദിനെ 1968ൽ ദുബായ് പൊലീസിലെ പൊതുസുരക്ഷാ തലവനായി നിയമിച്ചു. രാജ്യം രൂപീകരിച്ച 1971ൽ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി. 95ൽ ദുബായ് കിരീടാവകാശി.
ചെറിയ പട്ടണത്തിൽനിന്ന് 38 ലക്ഷത്തിലേറെ ജനസംഖ്യയുള്ള വലിയ നഗരമായി ദുബായ് വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ദുബായുടെ ഉയർച്ചയിൽ ഷെയ്ഖ ഹിന്ദ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കോവിഡ് കാലങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയതിനു 2020 ഒക്ടോബറിൽ യുഎൻ ഷെയ്ഖ ഹിന്ദിനെ ആദരിച്ചിരുന്നു. റമസാനിൽ ഒരു കോടി ആളുകൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിൽ 1.53 കോടി ഭക്ഷണ പൊതികൾ സംഭാവന ചെയ്തിരുന്നു. അറബ് വുമൺ അവാർഡ് 2020ലെ ഹ്യൂമാനിറ്റേറിയൻ ഓഫ് ദി ഇയർ ആയി ഷെയ്ഖ ഹിന്ദിനെ തിരഞ്ഞെടുത്തിരുന്നു. 2017 മുതൽ യുഎഇ ഫുഡ് ബാങ്കിനെ നയിച്ചതും ഷെയ്ഖ ഹിന്ദ് ആയിരുന്നു.