സൗദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യത,പേമാരി പെയ്യും,കാറ്റ് കനക്കും; ജാഗ്രതാ നിർദേശം
Mail This Article
റിയാദ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മക്കയിലും റിയാദിലും പേമാരിക്ക് സാധ്യത. ബുധനാഴ്ച വരെ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ ബുധനാഴ്ച വരെ തുടരും. മക്കയിൽ പേമാരിയ്ക്കും ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.ശക്തമായ പൊടിക്കാറ്റും ഉണ്ടാകും. മക്ക നഗരം, ജിദ്ദ, ബഹ്റ, അൽ ജുമും, റാബിഗ്, ഖൊലെയ്സ്, അൽ കാമൽ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
തെയ്ഫ്, മയ്സൻ, അൽ മുവെയ്, തുർബ, അൽ ഖുർമ, റാനിയ, അൽ ലെയ്ത്, അൽ ഖുൻഫുദ എന്നിവിടങ്ങളിലും മഴ കനക്കും. റിയാദ് മേഖലയിലും ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം വീഴും. തബൂഖ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹെയ്ൽ, ഖ്വാസിം, കിഴക്കൻ പ്രവിശ്യകൾ, മദീന എന്നിവിടങ്ങളിലും മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജാഗ്രത വേണം
മഴ ശക്തമാകുന്ന സമയങ്ങളിൽ പൊതുജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും താഴ്വരകൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, കടലിൽ നീന്തൽ എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ നൽകിയിരിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ ഓർമ്മപ്പെടുത്തി.