യുഎഇയിൽ 21 വയസ്സിൽ താഴെയുള്ളവർക്ക് പേറ്റന്റ് റജിസ്ട്രേഷന് ഫീസില്ല
Mail This Article
അബുദാബി ∙ വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതിയ പേറ്റന്റ് റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം 42 മാസത്തിൽ നിന്ന് 6 മാസമാക്കി കുറച്ചിട്ടുണ്ട്. ‘പേറ്റന്റ് ഹൈവ്’ എന്ന പദ്ധതി തയാറാക്കിയാണ് റജിസ്ട്രേഷൻ ത്വരിതപ്പെടുത്തുന്നത്. ‘നിലവിൽ 4,481 പേറ്റന്റുകളാണ് റജിസ്റ്റർ ചെയ്യുന്നത്. 2026നകം ഇത് 6,000 ആക്കി ഉയർത്താമെന്നാണ് പ്രതീക്ഷ.
ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി (ഡബ്ല്യുഐപിഒ) സഹകരിച്ച് സാമ്പത്തിക മന്ത്രാലയം പ്രത്യേക പരിശീലനം നൽകും. പേറ്റന്റ് ഹൈവ് പദ്ധതി യുഎഇയെ ഗ്ലോബൽ ഇന്നവേഷൻ സൂചിക പ്രകാരമുള്ള ലോകത്തിലെ മികച്ച 15 രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.