ADVERTISEMENT

ലേബർ ക്യാംപുകളിൽ 

നിരന്നുകിടക്കുന്ന 

ഉറക്കിടങ്ങൾക്കുമേൽ

അലക്ഷ്യമായി ശയിക്കുന്നുണ്ട്   

തഴമ്പിച്ച തലയിണകൾ.

 

ഓരോ തലയിണയും പറയുന്നുണ്ട് 

ഓരോ കഥ... 

ആരും കേട്ടിട്ടില്ലാത്ത 

അപൂർവകഥകൾ...

 

അംബരചുംബികളായ

മിനുമിനുത്ത 

വർണ്ണസ്വപ്‌നങ്ങൾ 

പരുപരുത്ത 

ഉരുളൻകല്ലുകൾക്കുമേൽ

ചുട്ടുപഴുത്ത 

മണൽത്തരികളിൽ 

വേവിച്ചെടുക്കാൻ കൊതിക്കുന്ന

ചില ഒറ്റയാൾ ദേഹങ്ങളുടെ

നിലയ്ക്കാത്ത പോരാട്ടകഥകൾ.

 

ഓരോ രാവിലും 

തങ്ങളെ ചേർത്തണയ്ക്കുന്ന 

ചില ആൾരൂപങ്ങളുടെ

വലിയ സ്വപ്നങ്ങളുടെ

വിയർപ്പുറഞ്ഞ കഥകൾ

ഒറ്റപ്പെട്ട പകലുകളിൽ 

അവർ പരസ്പരം 

പങ്കുവയ്ക്കുന്നതു  കേൾക്കാം. 

 

ചിലതിൽ, 

'കറുത്ത ചായ'ക്കൂട്ടുകളുടെ 

മുഷിഞ്ഞ മണമുണ്ടാകും. 

മധ്യവയസ്സു പിന്നിട്ട മോഹങ്ങളുടെ 

യൗവനത്തിലേയ്ക്കുള്ള 

അടങ്ങാത്ത പരകായപ്രവേശമാണത്. 

 

വേറെ ചിലതിൽ

നൂലിഴകൾ പൊട്ടി, 

പഞ്ഞിക്കെട്ടുകൾ പുറത്തേയ്ക്കു 

തെറിച്ചു നിൽക്കുന്നതു  കാണാം 

തുരുമ്പെടുത്ത സ്വപ്നങ്ങളുടെ

ഒടുങ്ങാത്ത കണ്ണീർച്ചൂടേറ്റ് 

പിന്നിപ്പോയതാണവ. 

 

മറ്റു ചിലത് 

ചുളുങ്ങി, ചൂളിയിരിക്കുന്നു 

വിരഹത്തിന്റെ  

അർധവിരാമങ്ങൾക്കിടയിൽ 

സ്ഖലിച്ചുപോയ

പ്രവാസരാവുകളെ

സുഗന്ധലേപനങ്ങളാൽ 

മറച്ചുപിടിക്കാൻ 

ശ്രമിക്കുകയാണവ!

 

മറച്ചുവയ്ക്കുന്ന

വേദനകളുടെയും വിരഹങ്ങളുടെയും

മറയില്ലാത്ത 

പ്രവാസദേഹങ്ങളാണ് 

ലേബർ ക്യാംപുകളിലെ 

തലയിണകൾ. 

 

കടലുകൾക്കപ്പുറത്തേയ്ക്ക് 

നിരന്തരം

ചിറകടിച്ചു പറക്കുന്ന

നിലയ്ക്കാത്ത 

കരുതൽരൂപങ്ങളുടെ 

'പ്രവാസയിണ'കളാണ് 

ഓരോ തലയിണയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com