ത്രിവേണീ സംഗമ സുവര്‍ണ്ണ ജൂബിലിയില്‍
Mail This Article
വ്യോമവീഥിയിലർക്കൻ പശ്ചിമാബ്ധിപൂകവേ
ഭൂമാതിന്നൊളിയായി ശശാങ്കനുദിക്കവേ,
നവ്യമാം പകലുകൾ ഇരവും പ്രഭാതവും
ജീവിത വീഹായസിൽ സൃന്ദനം സ്ഫുരിക്കുവേ
അമ്പതു സംവത്സരം വൈവാഹ്യ വീഥിയിലും
അമ്പതു സംവത്സരം വൈദിക പൻഥാവിലും
അമ്പതു സംവത്സരം ഐക്യനാട്ടിൽ വാസവും
അൻപാർന്ന തമ്പുരാൻ ഇത്രനാൾ ഒരുക്കിയും,
ശങ്കരപുരി ജാതൻ ‘യോഹന്നാൻ ശെമ്മാശന്’
‘എല്‍സി’ വധൂടിയായി അഞ്ചു ദശാബ്ദം മുന്നം,
വൈദികനായ് നിതരാം കോറെപ്പിസ്‌ക്കോപ്പയായി
വൈദിക കര്‍മ്മണ്യനായ് അര്‍ദ്ധ ശതാബ്ദപൂര്‍ണ്ണന്‍
വിദ്യാഭ്യാസവീഥിയില്‍ യൂയെസ്സിലെത്തീ തഥാ
ഒട്ടേറെ യത്‌നമാര്‍ന്നു വിദ്യാധനം നേടാനായ്
കഷ്ടപ്പാടേറെ താണ്ടി കൊച്ചു ജോലികള്‍ ചെയ്തും
ഡിഗ്രികളേറെ നേടി വര്‍ഷങ്ങള്‍ വ്യയമാര്‍ന്നും,
സംശാന്ത്യാ ജീവയാനം ഇത്രനാള്‍ നയിച്ചതാല്‍
സ്‌തോത്രങ്ങളര്‍പ്പിക്കുന്നേന്‍ വിശ്വത്തിന്‍ വിധാതാവേ !
സന്തോഷ സന്താപങ്ങള്‍ സമ്മിശ്രം സമ്മേളിച്ചും
സംതൃപ്ത്യാ തുഴഞ്ഞെത്തി ജീവിത സായന്തനേ!
ബന്ധുക്കള്‍ മിത്രങ്ങളെത്രപേരെ യൂയെസ്സില്‍
എത്തിച്ച തോണിയായും ആര്‍ത്തര്‍ക്കത്താണിയായും,
മല്‍ ഗേഹം പുണ്യക്ഷേത്രം വീട്ടാര്‍ക്കും വിരുന്നര്‍ക്കും
മല്‍ ഗേഹേ വരുന്നോരോ, അതിഥി ദേവോ ഭവഃ
മാര്‍ത്തോമന്‍ ദീപശിഖ ഐക്യനാട്ടില്‍ പടര്‍ത്താന്‍
ഓര്‍ത്തഡോക്‌സ് ദേവാലയ സംസ്ഥാപനം വളര്‍ത്താന്‍
ആദിമകാലങ്ങളില്‍ അങ്ങിങ്ങായ് യാത്ര ചെയ്തും
ദേവാലയങ്ങളേഴു സ്ഥാപിച്ച കര്‍മ്മയോഗി,
ഖേദത്തില്‍ ഞെരുക്കത്തിലെന്തിലും പതറാത്തോന്‍
അത്യന്തം സഹിഷ്ണുവാന്‍ ആപത്തില്‍ സഹായിയും,
മുന്‍പൊക്കെ അന്ാന്മായ് മുന്‍കോപം ഉണ്ടാകിലും
അന്‍പുറ്റ സ്‌നേഹവായ്പും ശാന്തനും സൗമ്യനും താന്‍
ആരില്‍ നിന്നുമൊന്നുമേ വാങ്ങുവാനിച്ഛിക്കാത്ത
ആദര്‍ശ ധീരനെന്നതാണ് തന്‍ നന്മയെന്നും,
ചിട്ടയും ചട്ടങ്ങളും നിഷ്ഠയും യഥാവിധം
തിട്ടമായ് പാലിക്കുന്ന ധീരനാം കര്‍മ്മോന്മുഖന്‍
എന്തു തീഷ്ണമാം ബുദ്ധി എന്തൊരു പ്രഭാഷണം
എന്തൊരു കര്‍മ്മോന്മുഖമായ സാഹസികത്വം !
ഞാനഭിമാനിക്കയാണതീവ വിനീതയായ്
ധന്യനാമീ വന്ദ്യന്റെ ജീവിതാഭ നുകര്‍ന്നും,
എന്നിലെ കാവ്യസിദ്ധി ജ്വാലയായ് തെളിച്ചോവേ
എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ,
എന്നിലെ സ്വപ്നങ്ങളില്‍ ചലനം സൃഷ്ടിച്ചോവേ
സുന്ദര സംതൃപ്തമാം ജീവിത ദാതാവും തേ !
ദൈവദാന ലബ്ധമാം പുത്രദ്വയം പൗത്രിയും
ജീവിത സായന്തനം സാനന്ദമാക്കുന്നീനാള്‍
സര്‍വ്വേശ കൃപാദാനമാകും തല്‍ പൗരോഹിത്യം
സര്‍വ്വേശ പുകഴ്ചയ്ക്കായ് മേലിലും പൂരിക്കട്ടെ !
ആയിരം പൂര്‍ണ്ണേന്ദുക്കള്‍ ദര്‍ശിപ്പാന്‍ കൃപചെയ്തും
ആയുസ്സോ ടീദിനത്തി ലെത്തിച്ച ധാത്രീശ്വരാ !
വേണ്ടതിലപ്പുറമായ് അര്‍ത്ഥിച്ചതിനും മേലായ്
താങ്ങിയും നടത്തിയും കാത്തൊരു കാരുണ്യമേ !
താവക തൃപ്പദത്തില്‍ കേഴുന്നേന്‍ കൃപയ്ക്കായി
സൗവ്വര്‍ണ്ണ സംഗമമീ ത്രിവേണീ ജൂബിലിയില്‍!
നന്ദിയല്ലാതെയൊന്നം ഇല്ല മല്‍ ഹൃദന്തത്തില്‍
നന്ദിയിന്‍ പുഷ്പാര്‍ച്ചന അര്‍പ്പിപ്പേന്‍ ജഗന്നാഥാ !