ശസ്ത്രക്രിയയ്ക്കായ്
Mail This Article
വേദന, ഹൃദയം പിളർക്കുന്ന വേദന
മൃത്യുവക്ത്രത്തിലെ കത്തുന്ന യാതന
കാതരമായ് കൺകളുയർത്തിയാ നോക്കിൽ
ചിത്തത്തിൽതീജ്വാലകത്തിയുയർന്നുവോ?
പാത പിരിയുമാസ്പത്രികവലയിൽ
ചോദിച്ചൊരായിരംചോദ്യങ്ങൾ ഞാൻ സ്വയം !
ജീവിതത്തിന്നൊപ്പംനീങ്ങുന്നു മൃത്യുവും
ജന്മമൃതികൾഇണചേർന്നു കഴിയുന്നു
മൂന്നക്ഷരംമാത്രമീ മർത്യജീവിതം!
എത്ര സ്വപ്‌നങ്ങൾ പടുക്കുന്നു മാനവർ
എത്ര നിലകളിൽ പൊക്കുന്നു സൗധങ്ങൾ
എത്രയൗന്നത്യത്തിലാർന്ന ധനവാനും
എത്ര നൈമിഷ്യമൊരുശ്വാസത്തിലന്ത്യം!
ജീവിക്കും നേരം നാം നിനയ്‌ക്കില്ലന്ത്യത്തെ
ജീവിതമേറെ നാളുണ്ടെന്നു ചിന്തിക്കെ
പൊട്ടിച്ചിതറുന്ന സ്ഫടികച്ചില്ലുപോൽ
മിന്നൽപ്പിണർപോലെ കാറ്റിലെ നാളം പോൽ
മിന്നിപ്പൊലിയുന്നതേ മർത്യജീവിതം !
ഹൃത്തടം പൊട്ടുന്ന കാഴ്‌ചയാണെൻ കാന്തൻ
ഹൃത്തു പിളർന്നുള്ളൊരോപ്പറേഷൻ താൺടി
വക്ത്രത്തിൽ നാസാദ്വാരങ്ങളിലൊട്ടേറെ
ട്യൂബുകളുംപേറിമിഴിയടച്ചുള്ളൊരാ
ദൃശ്യത്തിലാകെതകർന്നു ഞാനെങ്കിലും
ജീവനുണ്ടപ്പോഴുമെന്നുള്ളതാശ്വാസം!
ദൈവത്തിനർപ്പിച്ചൊരായിരം സ്തോത്രങ്ങൾ
ജീവിതംവീൺടും തിരിച്ചുതന്നെന്നതാൽ,
നന്മയും സത്യവും ധർമ്മവും പിൻപറ്റി
ചിന്മയശക്തിയിലാശ്രയംതേടുകേ,
ഓരോ ദിനത്തിലുംസ്വാന്തനം സാകല്യം
കോരിച്ചൊരിയുമെൻ വിശൈ്‌വകശാന്തിതേ!
വന്നു ഭവിക്കുംദൈവേച്ഛ പോൽ സർവ്വതും
മാനുഷശക്തിക്കതീതം പരാശക്തി!
(വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പയെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനെ അനുസ്മരിച്ച് എഴുതിയത്)