ADVERTISEMENT

ക്രൂരനാം മൃത്യുവിന്‍റെ കരാളഹസ്തങ്ങളില്‍

ധീരപോരാളിയാമാ വിശുദ്ധനമര്‍ന്നല്ലോ!

നീറുമെന്‍ മാനസത്തില്‍ വേപഥു തുളുമ്പുന്നു 

നുറുങ്ങും ഹൃദന്തത്തില്‍ ദുഃഖവഹ്നി ശേഷിപ്പൂ!

ഏഴര ദശാബ്ദങ്ങള്‍ മണ്ണിനെ വിണ്ണാക്കുവാന്‍ 

കണ്ണുനിര്‍ ചൊരിഞ്ഞൊരു കാരുണ്യ വാരിരാശേ !

കണ്ണുനിര്‍ മുത്തല്ലാതെ കാഴ്ചയായില്ലൊന്നുമേ 

വിണ്ണിലെ താരകമായ് മാറിയ ദേവാത്മജാ!

 

മാധുര്യമൂറും നറുപുഞ്ചിരി തഞ്ചും വക്ത്രം

സുന്ദരദിവാകര മുഗ്ദ്ധമാം മുഖാംബുജം

സൗമ്യനായ് മൃത്യുവിലും ശാന്തഗംഭീരനായി

രമ്യനായ് ശയിച്ചല്ലോ സ്വര്‍ഗ്ഗീയ തീരം നോക്കി!

 

ദിവ്യദീപമീ ഭൂവില്‍ പൊലിഞ്ഞീ ദിനമൊന്നില്‍

ദിവ്യതാരമുദിച്ചു വിണ്‍വീഥിയില്‍ പ്രഭാവാല്‍

അല്ലലിലും തളരാതുള്ളൊരാ മനോധൈര്യം

തെല്ലുമാശങ്കയറ്റ് പ്രതിസന്ധികള്‍ താണ്‍ടി 

 

എന്തെന്തു വ്യവഹാര ത്തീച്ചൂള യെരിഞ്ഞിട്ടും

ഹന്ത താന്‍ തളര്‍ന്നില്ല, ധീരനായ് പൊരുതിയോര്‍,

ത്യാഗോജ്വല ജീവിതാല്‍ കണ്‍മണിയാം സഭയിൽ 

മംഗളം വിരിയിച്ചും കര്‍മ്മ,യോഗിയായ് ജദലിച്ചു,

ആത്മീയതാ രൂപിയാം സൂര്യഗോളം മാഞ്ഞു

ആത്മീയ ചെതന്യത്താല്‍ വാനിടത്തില്‍ ലയിച്ചു,

മാലാഖാ ഗണങ്ങളാ ദിവ്യാത്മാവിനെ ചേര്‍ക്കാന്‍

ചേലൊടു പറന്നെത്തി വിണ്‍പഥേ ചേര്‍ത്തു കൊണ്‍ടു,

 

നിഷ്ക്കളങ്കതയുടെ സൗന്ദര്യ സാക്ഷാത്ക്കാരം

നേരോടും സത്യത്തോടും ജീവിതചക്രം പൂര്‍ത്തം

ലാളിത്യന്‍, മതാതീതാത്മീയാഗ്രന്‍ ഋഷീശ്വരന്‍

ഓര്‍ത്തഡോക്സ് സഭാഗ്രിമന്‍ അഷ്ടമ കാതോലിക്കാ 

പരി.ശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ

എന്നാളും ഞങ്ങള്‍ക്കങ്ങുന്നാശ്വാസ നിലാവായി

സന്തതം ലസിക്കണേ വ്യഥിതര്‍ക്കാശ്വാസമായ് 

അന്ത്യകാഹളധ്വനി മുഴങ്ങും ദിനം വരെ!!?

 

സര്‍വ്വവും പിന്നിട്ടീ ലോകവാസം വെടിഞ്ഞെന്‍ താതനഹോ പോയേനിതാ

സര്‍വ്വേശന്‍ സവിധേ സാദരം സമര്‍പ്പണത്തിനായ് ഭൂവിന്‍ സത്കൃതങ്ങള്‍

സര്‍വ്വസ്രംഗ പരിത്യാഗിയായ് പ്രാർഥനാ നിരതനായ്, കര്‍മ്മയോഗിയായ്

സര്‍വ്വേശാ, കൈക്കൊള്ളൂകേ, നിവഹമണയുമീ ചിത്ത നൈവേദ്യമങ്ങു!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com