ADVERTISEMENT

"ലിഖാഅ് "

റമദാനിൻ നിലാവൊളിയിൽ

മലക്കുകൾ പരന്നൊഴുകി

വഴിനീളെ പൂമണം വിതറി

മനമാകെ മഴനനഞ്ഞു ...

 

*മഗ്ഫിറത്തിനായിറ്റിറ്റുവീഴും 

ഏഴയാമടിമതൻ

കണ്ണീരുരുക്കങ്ങൾ

അർശിന്റെ സൗരഭമൂറ്റി

ഈദിന്നത്തറായ് മണത്ത്

മഴനൂലിലൊലിച്ചിറങ്ങി ...

 

മുത്തും പവിഴവുമുതിർന്നുവീണ്

മസ്ജിന്നകത്തളം നിറഞ്ഞുതൂവി ...

മനതാരിന്നകക്കാമ്പ് 

പുളകിത പുഷ്പിലയായി...

 

അടിമയുമുടമയും

അത്രമേൽ പ്രേമത്തിൻ

ആനന്ദാതിരേകത്താൽ

ഇറുകെപ്പുണർന്നു ...

 

സൽകർമ്മിയാം ദാസന്

മൃത്യുവരിക്കവേ മാത്രം

സുസാധ്യമാം ദൈവദർശനം

ധരണിയിൽ നിന്നേഴാകാശവും

തുളഞ്ഞേറുമേഴതൻ 

സജലമാം നേത്രങ്ങളേറ്റുവാങ്ങി ...

 

സപ്തവാനങ്ങൾക്കുമുടയവന്റെ

കണ്ണഞ്ചിപ്പിക്കും ദിവ്യപ്രഭയിൽ

നിർവൃതിതന്നുത്തുംഗതയുടെ

സുഖസുഷുപ്തിയിലഭിരമിച്ച് 

മന്ത്രിക്കുന്നടിമതന്നധരങ്ങൾ,

"നാഥാ .. നാഥാ..എന്റെ നാഥാ"

 

ആയിരം മാസങ്ങൾ 

സൽകർമ്മിയായതിൻ

തുല്യമാമൊരു പുണ്ണ്യ -

രാത്രിയെപ്പുൽകാനല്ല,

യുഗങ്ങൾ മുഴുക്കെ

*ഇഅ്തികാഫിരുന്നാലും

മതിവരാതിമർപ്പിൻ തിട്ടൂരം

ദിഗന്തമെമ്പാടും നിറഞ്ഞ് 

നാഥൻതൻ മണിനാദ -

വിസ്മയ നദികടക്കവേ 

നിധികളായ് നിറയുന്നു 

സ്വർഗ്ഗീയസുഖാസ്വാദ്യതയിൽ

മനംകുളിർന്നും കുതിർന്നും ...

 

നിലയ്ക്കാത്ത നിലാവൊളിയിൽ

പൂത്തുലയും പുളകിതമാം

വിധിനിർണ്ണായകരാത്രിയിൽ 

മലക്കുകൾ മദിച്ചിറങ്ങിയ

വിസ്മയ വിസ്ഫോടനത്തിൽ

മണ്ണിൽ മതിമറന്നാടുന്ന

മാനസേ മതിയാവുന്നില്ല

മന്നവനിൽ മതിമറക്കുന്ന

വാരുറ്റ വർണ്ണരാവുകൾ..!

 

ധരണിയിലെ മുഴുദിനങ്ങളും

*ലൈലത്തുൽ ഖദ്റുകളല്ലോ ..

നാഥനിലർപ്പിച്ച മർത്യന്

ജന്മ സാഫല്യമതല്ലോ...

*ജന്നത്തുൽ ഫിർദൗസതല്ലോ ...

----

* ലിഖാഅ് : ദർശനം

* മഗ്ഫിറത്ത് : പാപമോചനം

* അർശ് : ദൈവ സിംഹാസനം

*ഇഅ്തികാഫ് : പള്ളിയിൽ ഭജനമിരിക്കൽ

* ലൈലത്തുൽ ഖദ്ർ :വിധിനിർണ്ണായക രാത്രി

* ജന്നത്തുൽ ഫിർദൗസ് : ഉന്നതമായ സ്വർഗ്ഗം

 

-------------

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com