പ്രവാസം
Mail This Article
കടൽ കടന്നു വന്നവരാരും
കഥകളൊന്നും പറഞ്ഞിരുന്നില്ല...
പൂശിയ അത്തറിന് പിന്നിലെ
പൂഴ്ത്തിയ വിയർപ്പു ഗന്ധങ്ങൾ....
ഗഗന സഞ്ചാര ഗമയിലെത്തും
ഗതിപിടിക്കാതെത്ര നൊമ്പരങ്ങൾ...
അസ്തമിക്കുന്ന യവ്വനം മറക്കുന്നവരുടെ
അഷ്ടിക്ക് വക തേടുന്ന ചിറകടികൾ....
കിട്ടുന്നതൊക്കെയും വീട്ടിലെത്തിച്ച്
കിട്ടുന്നത് തട്ടി കൂട്ടി കഴിക്കുമവർ...
ഉറങ്ങാതൊറ്റമുറി കട്ടിലിൽ കിടന്നവർ
ഉറ്റവർക്ക് മാളിക സ്വപ്നം നെയ്യുമവർ...
വേദനകൾ ഉള്ളിൽ ഒളിപ്പിക്കുമ്പോഴും
വേതന ദിനത്തിലുറ്റവർക്കായ് ചിരിക്കും...
ആഘോഷ, ജനന മരണ വാർത്തകളെല്ലാം
ആത്മാവിലലിയിച്ച് മൗനമായ് നടക്കും...
അവധിക്കാലം അടുത്തെത്തിയെന്നാൽ
അലഞ്ഞു നടന്നു നിറക്കുന്ന പെട്ടികൾ...
അതിലൊരിത്തിരി കുറവ് വന്നാൽ
അകന്നു പോകുന്ന ബന്ധങ്ങളെ ഭയം...
നാട്ടിലെത്തി ചേരുന്ന നാൾ മുതൽ
നാട്ടാരിൻ എപ്പോൾ മടക്ക ചോദ്യ ഭയം....
പ്രസവത്തിനൊരു ദിന പേറ്റു നോവെങ്കിൽ
പ്രവാസത്തിനോരോ ദിനവും നോവ് തന്നെ...
കാലം കടക്കും, കാലുകൾ ഓടി തളരും
കോലത്തിന് ഷുഗറും പ്രെഷറും കൂട്ടാവും...
നാട് പിടിക്കാനൊരു മോഹമുദിക്കും
നേടിയതോർത്തോരു നെടുവീർപ്പുമുണ്ടാവും....
എല്ലാം വളർന്നു, എല്ലാരും വളർന്നേറെ
എന്നോ തളർന്നവനെത്തിടും നാട്ടിലൊരുനാൾ....
വരവേൽപ്പ് കിട്ടിയാൽ മുജ്ജന്മ സുകൃതം
വഴിയിലേക്ക് വീണാൽ വിധിയല്ലാതെന്ത്...
പെട്ടികൾ ഏറെ ചുമന്ന ചുമലുകൾ
പെട്ടിയിലാവാതെ വരുന്നതുമൊരു പുണ്യം....