ADVERTISEMENT

പൊങ്ങി ചിതറി നീന്തുന്ന ഒരു ചുവന്ന മേഘത്തുണ്ട്. അതിന്‍റെ മറവിലൂടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രന്‍. താഴെ തണുത്തുറഞ്ഞ ഭൂമി. ഭൂമിയിലെ ഒരു താഴ്​വാരം ക്രിസ്മസിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്നു.അലങ്കരിക്കപ്പെട്ടിരിക്കുന്ന ക്രിസ്മസ് ട്രീകള്‍ക്കിടയിലൂടെ നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍ പഞ്ഞിനൂലു പോലെ പൊഴിയുന്നു.

വീടുകള്‍ക്കു മുകളിലൂടെ മാനുകള്‍ വലിക്കുന്ന തേരില്‍ തെന്നിനീങ്ങുന്ന സാന്താക്ലോസ് അപ്പൂപ്പന്‍. കീ ബോര്‍ഡില്‍ നിന്നുയരുന്ന നേര്‍ത്ത സംഗീതം. അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ, നിര്‍മ്മല ഹൃദയത്തുടിപ്പോടെ 'അനഘ' കയ്യിലിരുന്ന ടാബ്ലറ്റിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു. യുട്യൂബില്‍ ക്രിസ്മസ് അവതരണ കഥകള്‍ കണ്ട്, ബോണ്ടു സ്ട്രീറ്റിലോ എഡിന്‍ബര്‍ഗിലോ ആണ് അനഘയുടെ കുഞ്ഞുമനസ്സിപ്പോള്‍. ഒരു വീടിന്‍റെ ചിമ്മിനിക്കുള്ളിലൂടെ തേരില്‍ ഇറങ്ങിവന്ന ക്രിസ്മസ് അപ്പൂപ്പന്‍ വര്‍ണ്ണ പേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ ക്രിസ്മസ് ട്രീയുടെ കീഴില്‍വച്ച് വീണ്ടും ആകാശത്തു കൂടെ നീങ്ങുന്നു. സ്വര്‍ണ്ണ കണ്ണട, വെളുത്ത മനോഹരമായ താടിരോമങ്ങള്‍, ചുവന്ന ചുണ്ടിലെ പുഞ്ചിരി. എന്തു രസാണ് അപ്പൂപ്പനെ കാണാന്‍.

ഉറക്കത്തിലും അനഘയുടെ കുഞ്ഞു മനസ്സില്‍ യൂട്യൂബില്‍ കണ്ട അത്ഭുത ലോകം ആയിരുന്നു. എന്തൊക്കെ സമ്മാനങ്ങളാണ് ക്രിസ്മസ് അപ്പൂപ്പന്‍ കൊണ്ടുവരുന്നത്? ഉറക്കത്തിന്‍റെ പാളികള്‍ ഒന്നന്നായി അടഞ്ഞപ്പോള്‍ സ്വപ്നത്തില്‍ ആ വിസ്മയ ലോകത്തേക്ക് അവളും ചിറകേറി പറന്നു. നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍ മുഖത്തു തട്ടിയപ്പോള്‍ കണ്‍പീലികള്‍ ചെറുതായി ഇളകി. ക്രിസ്മസ് ഗാനങ്ങള്‍ക്കായി കാതോര്‍ത്തു.

സ്കൂളില്‍ പോകാനായി മുടി കെട്ടു മ്പോള്‍ അനഘ മനസ്സില്‍ ഉറപ്പിച്ചു. കൂട്ടുകാരി 'സേറ'യോടു ചോദിക്കണം ഇതൊക്കെ സത്യം ആണോ എന്ന്. അഞ്ചാം ക്ലാസിലെ ഫസ്റ്റ് പീരിയഡില്‍ തന്നെ അനഘയുടെ ക്രിസ്മസിന്‍റെ മായാ ലോകം സത്യമോ മിഥ്യയോ എന്ന ചോദ്യം കേട്ട് സേറ ഒരു വിഷാദ ഭാവത്തില്‍ പറഞ്ഞു, സംഗതി ഒക്കെ സത്യമാണ്. പക്ഷേ നമുക്കൊന്നും ക്രിസ്മസ് അപ്പൂപ്പന്‍റെ കൈയ്യില്‍ നിന്നും സമ്മാനം വാങ്ങാന്‍ ഭാഗൃം ഉണ്ടെന്നു തോന്നുന്നില്ല, അപ്പൂപ്പന്‍ വേറേതോ രാജ്യത്തല്ലേ? ഏതോ തണുപ്പുള്ള രാജ്യത്ത്! ഗൂഗിളില്‍ സാന്‍റാക്ലോസിന്‍റെ അഡ്രസ്സ് ഉണ്ട്, നീ ഒരു കത്ത് അയച്ചു നോക്ക്. പിന്നെ മനസ്സില്‍നിന്നുള്ള കടിഞ്ഞാണ്‍ ഇല്ലാത്ത ചിന്ത.

വൈകുന്നേരം നാമം ചൊല്ലുമ്പോഴും കുളിക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും അവളുടെ ചിന്ത എങ്ങിനെ ക്രിസ്മസ് അപ്പൂപ്പനു കത്തയയ്ക്കാം എന്നതായിരുന്നു.എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം അറിയുന്ന അച്ഛന്‍ മധുവിനോടു തന്നെ ചോദിച്ചു നോക്കാം. അച്ഛന്‍റെ മൂഡു നല്ലതാണെങ്കില്‍ പറഞ്ഞുതരും. അല്ലെങ്കില്‍ 'പഠിക്കാന്‍ ഒന്നു മില്ലേ' എന്നു ചോദിച്ച് ഓടിച്ചു വിടും. മകളുടെ കുഞ്ഞുകണ്ണിലെ പ്രതീക്ഷകണ്ട് മധുപറഞ്ഞു നീ ആദ്യം കത്തെഴുതിതരൂ അച്ഛന്‍ അയയ്ക്കാം.

 അന്നു രാത്രിതന്നെ കുമരകത്തെ ആ ചെറിയവീട്ടിലെ തന്‍റെ പഠന മുറിയില്‍ ഇരുന്ന്  നോര്‍ത്ത് പോളില്‍ എല്‍ഫ് റോഡിലുള്ള സാന്‍റാക്ലോസ് അപ്പൂപ്പന് അവള്‍ ഒരു കത്തെഴുതി. സാന്‍റാക്ലോസിന്‍റെ ധവളവര്‍ണ്ണ താടി രോമംപോലെ കളങ്കമില്ലാത്ത സ്നേഹ ത്തില്‍ ചാലിച്ച് ഒരു 'റ്റെഡിബിയര്‍' സമ്മാനം ആയിവേണം എന്ന ആഗ്രഹം എഴുതി ചേര്‍ത്തു. കത്തു പോസ്റ്റു ചെയ്യുവാന്‍ അച്ഛനെ ഏല്‍പ്പിക്കുമ്പോള്‍ പ്രതീക്ഷകളുടെ ഒരു സൂര്യോദയമായിരുന്നു ആ കുഞ്ഞു കണ്ണുകളില്‍.

കാത്തിരിപ്പിന്‍റെ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ പോലെ തോന്നി. രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ശനിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മാന്‍ 'അനഘ മധുകുമാര്‍' എന്നെഴുതിയ ഒരു ബോക്സ്  കൊണ്ടുവന്നത്. ഫ്രം അഡ്രസ്സ്.  സാന്‍റാ ക്ലോസ്, 123 എല്‍ഫ് റോഡ്, നോര്‍ത്ത് പോള്‍. സ്നേഹപൂര്‍വ്വം സാന്‍റാക്ലോസ്.

സന്തോഷം ആകാംഷയ്ക്കു വഴിമാറി, ആ വലിയ കവറില്‍ നിന്നും ടെഡി ബിയറനെ എടുത്ത് ഉമ്മവെച്ചപ്പോള്‍ അനഘ കരഞ്ഞു പോയി. ലോകത്തിന്‍റെ ഏതോ ഒരു വന്‍കരയിലെ ഏതോ ഒരു സ്ഥലത്തുനിന്നും സാന്താക്ലോസ് അപ്പൂപ്പന്‍ തനിക്കായി സ്വപ്നതുല്ലൃമായ ഒരു സമ്മാനം അയച്ചിരിക്കുന്നു. മഞ്ഞുകണങ്ങള്‍ പോലെ നനുനനുത്ത രോമങ്ങള്‍ ഉള്ള ഒരു ഓമന ടെഡിബിയര്‍. ഏകമകളുടെ സന്തോഷം തിരതല്ലുന്ന മുഖം കണ്ട് മധുവും ഭാര്യ ബിന്ദുവും ഉള്ളു നിറഞ്ഞു ചിരിച്ചു.

അപ്പോഴാണ് അനഘ മാറോടു ചേര്‍ത്തു വെച്ചിരിക്കുന്ന ആ കരടി കുട്ടിയുടെ മുതുകത്ത് ഒട്ടിച്ചിരുന്ന, കോട്ടയം നോവല്‍റ്റി ഗിഫ്റ്റ് ഷോപ്പിന്‍റെ സ്റ്റിക്കര്‍ മധു കണ്ടത്, ബിന്ദുവിനെ കണ്ണുകാണിച്ചപ്പോള്‍ തന്നെ അവളതു സൂത്രത്തില്‍ എടുത്തുമാറ്റി.

മകരമഞ്ഞിന്‍റെ നേരിയ തണുപ്പില്‍ പ്രിയപ്പെട്ട ടെഡിബിയറിനെ പുല്‍കി ഉറങ്ങുന്ന അനഘ, വീണ്ടും നക്ഷത്രങ്ങള്‍ ചിതറിയ ആകാശത്ത് സ്വപ്നരഥത്തില്‍ താണിറങ്ങുന്ന ക്രിസ്മസ് അപ്പൂപ്പന്‍റെ ചിരിക്കുന്ന മുഖം കണ്ടു. ഒരു നിമിഷം അപ്പൂപ്പന്‍ മുഖം മൂടി ഒന്നു മാറ്റി, അപ്പോള്‍ കണ്ടത് അച്ഛന്‍റെ മുഖം ആയിരുന്നോ? 

പണികഴിഞ്ഞെത്തിയ മധു നല്ല ഉറക്ക ത്തിലായ മകളുടെ നെറുകയില്‍ ചുംബിച്ചു. സ്വപ്നങ്ങള്‍ ജീവിക്കാനുള്ള പ്രേരണയാണ്. ഒരാളുടെ സ്വപ്നസാഫല്ല്യത്തിനു സ്വയം ഉതകിയാല്‍ ഇരുട്ടില്‍ വിളക്കു കൊളുത്തുന്ന തുപോലെയാകും. അവള്‍ ഉറങ്ങട്ടെ, പ്രതീക്ഷകളുടെ ഒരു നാളേയ്ക്ക് ഉറങ്ങി ഉണരുവാനായി....

English Summary:

With love, Santa Claus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com