ബഷീർ മുളിവയൽ എഴുതുന്ന രണ്ട് കവിതകൾ
Mail This Article
∙ ബസ് ഒരു മതേതരത്വ രാജ്യമാണ്
ബസ് ഒരു മതേതരത്വ, ജനാധിപത്യ രാജ്യമാണ്
യാത്രികരെല്ലാം പൗരന്മാർ
അവിടെ
ഇരിക്കുന്നവരിരുന്നും,
നിൽക്കുന്നവർ നിന്നും
ജീവിച്ചു മരിക്കുന്നു
ഭരണകർത്താക്കളോ, നിയമങ്ങളോ ഒരിടപെടലും നടത്തുന്നില്ല!
ഞങ്ങളും നികുതി നൽകുന്നില്ലേ?
എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല!
എല്ലാരും സ്വന്തം വിധിയിൽ വിശ്വസിച്ചു
ലക്ഷ്യത്തിലെത്താനുള്ള ഓട്ടം തുടരുന്നു!
ബസ് കുഴിയിൽ ചാടിക്കണോ,
വേഗത്തിൽപോകണോ,
പതുക്കെ പോകണോ എന്ന് ഡ്രൈവർ തീരുമാനിക്കും
(ഡ്രൈവറെ തീരുമാനിക്കാനുള്ള അധികാരം യാത്രികർക്കില്ല എന്നത് കൊണ്ടാണ് ബസ് ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ് എന്ന വരി കവിതയായിപ്പോയത്).
∙ രണ്ടാൾ
ബസ്റ്റാന്റിൽ ഒരാൾ മനോഹരമായി പാട്ട് പാടുന്നു
അരികിൽ മറ്റൊരാൾ തലകുലുക്കി താളം പിടിക്കുന്നു
പാടുന്നയാൾ അന്ധനാണ്,
താളം പിടിക്കുന്നയാൾ ബധിരനും!
പാട്ടുകൾ എങ്ങനെ പഠിക്കുന്നു?
ഞാൻ അന്ധനോട് ചോദിച്ചു
അവൻ പാടിത്തരുന്നത് കേട്ട് പഠിക്കും അയാൾ
ബധിരന് നേരെ വിരൽ ചൂണ്ടി
ഒരാളുടെ കണ്ണും
മറ്റേയാളുടെ കാതും ചേർന്ന് ഒരു പാട്ട് മനോഹരമായവതരിപ്പിക്കുന്നു.
രണ്ടാളുകൾ ചേർന്നാൽ ഒരു കുറവും കുറവല്ല
ഈ കവിത തന്നെ മികച്ച ഉദാഹരണം
എഴുതിയ ഞാനും
വായിക്കുന്ന നീയും
ചേർന്നപ്പോൾ ഇതൊരു കവിതയായി.