മേഘസങ്കീർത്തനം: മുരളി മംഗലത്ത് എഴുതിയ കവിത
Mail This Article
ഹേ! ശ്യാമപ്രഭാവമേ മോഹപ്രദീപമേ
ദാഹാർത്തധാത്രിക്കു നീർധാര തീർക്കും
ഘനസാന്ദ്രമഹാജീവതേജ:പ്രവാഹമേ
മനമാർദ്രമുറയുന്നു നിൻ ദർശനത്തിൽ....
ആകാശം നിന്നെത്തേവി
ആഹ്ളാദത്തൂമഴ തൂവുന്നു
അലകടലിന്നാഴത്തിൽ നിൻ
അഴകിൻ ചുരുളുകൾ നിവരുന്നു
അമ്പിളിവെട്ടം പൊഴിയും വട്ടമുഖം
അന്തിത്താരമൊളിച്ചെടുത്തുതിളങ്ങുന്ന
മോദമാർന്നുതിർക്കുന്നു
മോഘശൂന്യമണ്ഡലം
മോഹാർദ്രഗാനഹർഷവർഷം...
മേദിനി കൂപ്പുന്നു കൈകൾ നിന്നാദരാൽ
മേലെ നിൻ ഛായ കാൺകേ മയിലുകൾ
മേലാകെ നിറയ്ക്കുന്നു നീലപ്പീലി...
ലയിച്ചിരുന്നുപോയി ഞാനീ അഴകാഴിയിൽ
ലസിതസുഖാരവത്തിലലിഞ്ഞുപോയ് കാലം
ലവണമായ്ത്തൂവും സ്നേഹോന്മാദലഹരിയിൽ
ലയതരംഗമുൽഭൂതമാകുന്നു ധമനിയിൽ......
ലഹരി പെയ്‌തുറയുമ്പോഴല്ലോ ലോകമാകെയും
ലസൽകാന്തിയിൽ പുലരിയായ്ത്തിളങ്ങിടുന്നു
ലതാനികുഞ്ജങ്ങൾ തളിർത്താകെക്കുളിരിൻ
ലലനകാന്തിയിൽ വികസിച്ചിടുന്നു ലോകം....
ലാവണ്യത്തിന്നേഴു വർണ്ണങ്ങൾ ചൂഴും വേദിയിൽ
ലാസ്യനടനത്തിന്നലകൾ പാറിടുന്നു വിസ്മയമായ്
ലാളനം കൊതിച്ചുണരുന്നു മിഴികളാർദ്രസ്‌പർശം
ലാസനിർവൃതീപരിമളം നിറഞ്ഞൊഴുകുന്നു ചുറ്റും
ഹേ! ശ്യാമമോഹിനീ മമാകർഷഹേമശോഭിണീ
ഹേതു നീ സർവചരാചരപ്രേമഹർഷങ്ങൾക്കാകെ
ഹേമന്തജ്വാലയായ് പൂത്തുലകത്തിനുജ്ജീവനമേകി
ഹേ, കാമിനീ വിടർത്തുകുലകത്തിൽ വാസന്തർത്തു!!