കുട്ടിയും കോലും
Mail This Article
കുട്ടിയും കോലും കളിച്ചു നടന്നതിൻ
ഓർമ്മകൾ പേറിടും ബാല്യകാലം
അക്കാലമാണെന്‍റെ ജീവിതപാതയിൽ
മധുര മനോഹരമായ കാലം.
തോടും, തൊടികളും, പാടങ്ങളും താണ്ടി
ചാടി തിമിർത്തു നടന്നൊരു ബാല്യ കാലം.
അക്കാലം ഇന്നെന്‍റെ ഓർമ്മതൻ ചെപ്പിൽ
മായാതെ മാറാല മൂടി കിടക്കും കാലം.
തെങ്ങോല കൊണ്ടൊരു ഓലപ്പന്തുണ്ടാക്കി
ഏട്ടന്‍റെ പുറം നോക്കി എറിയും കാലം.
തോലുകൊണ്ടുള്ളൊരു നാടൻ പന്ത് തട്ടി
ചെമ്മൺ തൂകിയ നാട്ടുവഴിയിൽ കളിച്ച കാലം.
ചെമ്മൺ നിറഞ്ഞിടും നാട്ടുവഴി മാറി
കോൺക്രീറ്റ് പാകിയ പുതുവഴിയായി.
കാളവണ്ടി, സൈക്കിൾ, പിടിവണ്ടി
എല്ലാം റോഡിൽ നിന്നും മാഞ്ഞുപോയി.
ഓട്ടോറിക്ഷകൾ, മോട്ടോർ കാറുകൾ
ചീറിപ്പായും ടിപ്പർ ലോറികളും
റോഡ് ആയ റോഡ് ഒക്കെ കീഴടക്കി
പിന്നെ തലങ്ങും വിലങ്ങും പാഞ്ഞിടുന്നു.
അസ്ത്രം പോലെ പായും ബൈക്കിന്‍റെ മേൽ
വാനര രൂപം പോൽ പതുങ്ങി കുട്ടികൾ
റോഡ് ആയ റോഡ് ഒക്കെ കീഴടക്കി
പിന്നെ തലങ്ങും വിലങ്ങും പാഞ്ഞിടുന്നു.
കുട്ടിയും കോലും കളിച്ചു നടന്നതിൽ
ഓർമ്മകൾ പേറിടും ബാല്യകാലം
അക്കാലമാണെന്‍റെ ജീവിതപാതയിൽ
മധുര മനോഹരമായകാലം.
ഗാനത്തിന്‍റെ യൂട്യൂബ് വിഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .