ADVERTISEMENT

ചെറുകഥകളാൽ സമൃദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ മലയാള ഭാഷ കടന്ന് പോകുന്നത്. ലോകത്ത് എവിടെ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന മലയാള കഥകൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടം കൂടിയാണിത്. പ്രവാസ കഥകളാണെങ്കിലും സ്വദേശ കഥകളാണെങ്കിലും അവയെല്ലാം തന്നെ വർത്തമാന കാല മനുഷ്യാവസ്ഥകളേയും സാമൂഹ്യാവസ്ഥകളേയും അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ, രചനാ സങ്കേതങ്ങളിലും ഭാഷയിലുമെല്ലാം വിവിധങ്ങളായ പരീക്ഷണങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

ഇത്തരമൊരു സാഹിത്യസ്ഥലിയിൽ നിന്ന് കൊണ്ട് വേണം അക്ബർ ആലിക്കരയുടെ ചിലക്കാത്ത പല്ലി എന്ന ചെറുകഥാ സമാഹാരം വായിച്ചെടുക്കേണ്ടത്. പ്രവാസത്തിൻറെ വരണ്ട ഭൂമികയിലിരുന്ന് കൊണ്ട്, കേരളത്തിൻറെ സാമൂഹ്യാസ്ഥ നോക്കിക്കാണുന്ന കഥാകൃത്താണ് അക്ബർ ആലിക്കര. അക്ബറിൻറെ ചിലക്കാത്ത പല്ലി, ദേശത്തിൻറേയും ദേശം വിട്ടവൻറേയും അകക്കാഴ്ചയിലും പുറം കാഴ്ചയിലും പിറവിയെടുത്ത കഥകളുടെ സമാഹാരമാണ്.

ശീർഷക കഥയായ ചിലക്കാത്ത പല്ലി എന്ന കഥ ജീർണ്ണിച്ച് കൊണ്ടിരിക്കുന്ന മാധ്യമ സംസ്കാരത്തേയും ശവഭോഗത്തിന് പോലും തയ്യാറാകുന്ന നവ യൗവ്വനത്തിൻറേയും കഥയാണ്. രക്ഷപ്പെടുത്താവുന്ന മനുഷ്യ ജീവനെ, തങ്ങളുടെ കാമശമനത്തിനായി ഉപയോഗിക്കുന്ന, ഒരു സമൂഹത്തേയും ഈ കഥ തുറന്നിടുന്നുണ്ട്. സാമൂഹ്യവിമർശനങ്ങളാൽ സമ്പന്നമാണ്, ചിലക്കാത്ത പല്ലി എന്ന കഥ. ശേഖരേട്ടൻ ഒരു വ്യക്തി എന്നതിലുപരി മാധ്യമ വേട്ടയ്ക്കിരയാക്കപ്പെടുന്ന ഒട്ടേറെ മനുഷ്യരുടെ പ്രതിനിധിയാണ്. വീട്ടിലെ ടെലിവിഷൻ ശേഖരേട്ടൻ തകർക്കുമ്പോൾ,  നിലവിലെ മാധ്യമപ്രവണതയെ തകർത്തെറിയാനുള്ള പ്രേരണയാണ്, വായനക്കാരൻറെ മസ്തിഷ്കത്തിലേക്ക് കടന്നെത്തുന്നത്.

പരാജിതരുടെ കുപ്പായത്തിൽ സതി, വഴി തെറ്റിപ്പോകുന്ന, സാമൂഹ്യദ്രോഹികളായി മാറുന്ന യുവതലമുറയുടെ അമ്മമാരുടെ പ്രതിനിധിയാണ്.ഓരോ വ്യക്തിയും അവനവൻറെ വഴി കണ്ടെത്തി സഞ്ചരിക്കുന്നു.പലപ്പോഴും സാമൂഹ്യപരമായ ചുറ്റുപാടുകൾ ഒരു വ്യക്തിയുടെ ജനിതകപരമായ തുടർച്ചയേപ്പോലും മാറ്റുന്നുവെന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. സെലീനാമ്മയുടെ ദൈവങ്ങൾ എന്ന കഥയിലെത്തുമ്പോൾ, ആൾദൈവങ്ങളുടെ കാപട്യത്തെ തുറന്നിടുകയാണ് കഥാകൃത്ത്. ഭക്തിയുടെ മറവിൽ നടത്തപ്പെടുന്ന ചൂഷണത്തെ, വായനക്കാർക്ക് മുമ്പിൽ അനാവൃതമാക്കുന്നു. മനുഷ്യരുടെ നിസ്സഹായമായ മാനസികാവസ്ഥയെ ചൂഷണം ചെയ്ത് വീർക്കുകയാണ് ആൾദൈവങ്ങൾ. നിവൃത്തികേടിൽ നിന്ന് തീവ്രതയിലേക്ക് വഴി തെറ്റിപ്പോകുന്ന ഒട്ടേറെ സ്റ്റീഫന്മാരുടേതാണ് ഈ ലോകം.

മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റ് പോകാത്ത ആത്മബന്ധത്തിൻറെ കഥ പറയുകയാണ് മീസാൻ കല്ലുകൾ. പ്രവാസത്തിൻറെ ദു:ഖസാന്ദ്രമായ നിസ്സഹായതയെ വരച്ചിടുന്നുണ്ട്, ഈ കഥ. മയ്യിത്ത് പോലും കാണാൻ കഴിയാതെ പോകുന്ന ചില നിസ്സഹായതകളുടെ നേർചിത്രമാണത്. സമ്പന്നതയ്ക്കും ആഢ്യത്വത്തിനും മുമ്പിൽ വിധേയപ്പെട്ടു പോകുന്ന പൌരോഹിത്യത്തിൻറേയും ഭക്തിയുടേയും കഥ പറയുകയാണ് നബീസാടെ മോൻ. കുഞ്ഞുന്നാളിലേ മഹത്വവത്കരിച്ച് കണ്ട  ബിംബങ്ങൾ വീണുടഞ്ഞ് പോകുന്ന ചില നിമിഷങ്ങൾ ഈ കഥയിൽ കാണാം. ബിംബകല്പനകളാൽ സമ്പന്നമാണ് അരാജകവാദികളായ ചിതലുകൾ എന്ന കഥ.കാശീടെ വള ഓരോ മനുഷ്യരിലും അന്തർലീനമായിരിക്കുന്ന ശക്തിയെ പ്രതിനിധീകരിക്കുന്നു. ഓർമയുടെ പെരുമഴയത്ത് അലഞ്ഞ് നടക്കുന്ന ഒരു കാശിയെ ഈ കഥയിൽ കാണാം. ഏകാന്തതയിൽ ഓരോ മനുഷ്യരേയും വരിഞ്ഞു മുറുക്കുന്ന ചിന്താഭാരങ്ങളുടെ കഥ കൂടിയാണ് കാശീടെ വള.

വെള്ളപ്പൊക്കം@ദുബൈ എന്ന കഥ അറബി വീടിൻറെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ബഷീറിൻറെ ഭൂമിയുടെ അവകാശികൾ ചേർത്ത് വെച്ച് കൊണ്ടാണ് കൊമ്പൻ ചെല്ലി എന്ന കഥ ആരംഭിക്കുന്നത്. പ്രവാസത്തിൻറെ തിരിച്ച് പോക്കും കൃഷിയും എല്ലാം സമ്മേളിച്ച ഈ കഥയിൽ നരഭോജികളായി മാറിയ പട്ടിക്കൂട്ടങ്ങളുടെ ഹിംസ്രാത്മകതയിൽ അകപ്പെട്ട് പോയ ജോയിയെ അവതരിപ്പിക്കുന്ന കഥാകൃത്ത്, ബഷീറിൻറെ കഥയെ ചോദ്യം ചെയ്ത് കൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.

അകം-പുറം ദേശങ്ങളുടെ ഓർമ്മച്ചെപ്പിൽ നിന്നാണ് അക്ബർ ആലിക്കര കഥകൾ മെനഞ്ഞെടുക്കുന്നത്. ലളിതമായ ഭാഷയിൽ എഴുതപ്പെട്ട കഥകളായത് കൊണ്ട് തന്നെ , വായനയുടെ ഭാരം താങ്ങാതെ തന്നെ വായനക്കാരന് ഇതിലെ കഥകളും വായിച്ചു പോകാനാകും. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറെ വില 140 രൂപ. പേജ് 98

English Summary:

Akbar Alakkara's short story collection Chilakatha Palli's Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com