അവളുണർന്നിരിക്കുന്നിടത്ത്
Mail This Article
അവളെ അടക്കിയത് വീടിന് മുൻപിലെ മാവിൻ ചോട്ടിലാണ്
പൊഴിഞ്ഞു വീഴുന്ന പച്ചിലകൾ പ്രഭാതത്തിൽ അവളെ പുതച്ച്...
യാത്ര പറയുമ്പോൾ
എളുപ്പം വരണേയെന്നവൾ
കട്ടായം പറയുന്ന വാക്കിനെ
ഒരു മൂളലോടെ മറികടക്കും.
അവൾ പോയെന്ന് പറയുന്നവരോട്
ദേഷ്യപ്പെടും
രാത്രി ഫുട്ബോൾ മാച്ച് കാണുമ്പോൾ
ടി വി റിമോട്ടെടുത്ത് സീരിയൽ വയ്ക്കുന്ന
കുറുമ്പ്
നിങ്ങൾ കാണാറുണ്ടോ എന്ന് ചോദിക്കും.
രാവിലെ
ഈറൻ മുടി മുഖത്തിട്ടുലമ്പി കുണുങ്ങുന്നത്,
കാപ്പിക്കപ്പിന്റെ
ചൂട് ചുമലിൽ തട്ടിച്ച്
ദേഷ്യപ്പെടുത്തുന്നത്,
ഷർട്ടിന്റെ ഇടാൻ വിട്ടു പോയ കുടുക്ക്
പാഞ്ഞു വന്ന് ഇടുന്നത്
നിങ്ങളൊന്നും കാണുന്നില്ലെ എന്ന്
ചോദിക്കാനോങ്ങും.
അറിയാത്ത
പ്രളയത്തിൽ ഒലിച്ചുപോയ
കാലം
വ്യഥാ മറവിയുടെ
ഇരുട്ടിലമരാതിരിക്കാൻ ശ്രമിക്കും.
അത്രമേൽ ഒന്നായി ഇഴുകിയതിനെ
എത്രയകൽച്ചയും
അടർത്തില്ലല്ലോയെന്ന്
അവളുടെ വസന്തം പൊഴിച്ചിട്ട
പൂവിനെ
മടിയിൽ തലോടി വെറുതെ..
വെറുതെയിങ്ങനെ.