ഹൃത്തിലെ ഉരുൾപൊട്ടൽ
Mail This Article
കുറച്ച് ദിവസങ്ങളായി മനസ്സാകെ കലങ്ങി ചേറിൽ പുരണ്ടുകിടക്കുകയാണ്; വയനാട്ടിലെ മുണ്ടക്കൈ പോലെയും ചൂരൽമല പോലെയും. മനസ്സിന് കനംവച്ച് ഇപ്പോൾപൊട്ടും എന്നപോലെയായിരിക്കുന്നു എന്റെ ഹൃദയം. പടച്ചവനേ, ഇത്തരം ദുരന്തങ്ങൾ ഇനിയും ഞങ്ങളുടെ മേൽ ഇറക്കല്ലേ എന്നാത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു. അതിനിടയിൽ വരുന്ന സോഷ്യൽ മീഡിയ ഭ്രാന്തന്മാരുടെ സന്ദേശങ്ങൾ കണ്ട് വിറങ്ങലിക്കുകയാണ് മനസ്സ്. 'ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ!!' എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞത് പോലെ അവലക്ഷണം പറയുന്നവരും അത്രതന്നെയെ കാണൂ. പക്ഷേ, അതുമതിയല്ലോ. 'നഞ്ച് എന്തിന് നാനാഴി?'.
ഇത് മലപ്പുറം ജില്ലയിലായിരുന്നത്രെ നടക്കേണ്ടിയിരുന്നത്, ചിലരുടെ ഭാഷ്യം. കാരണം മലപ്പുറത്തുകാർ ബീഫ് തിന്നുന്നവരത്രേ. എന്നാൽ നിങ്ങളറിയാതെ പോയ ഒരു സത്യമുണ്ട്. മലപ്പുറത്തിപ്പോൾ ബീഫ് കിട്ടാനില്ല. കാരണം; ഈ പറയുന്നവർ തന്നെ ബീഫ് തിന്നു തീർക്കുകയാണ്. ഞങ്ങൾ മലപ്പുറത്തുകാർ ബീഫുകൊണ്ടാണല്ലോ കുടിവെള്ളം പോലും ഉണ്ടാക്കുന്നത്.
ഹൃദയമില്ലാത്തവരേ; ഞങ്ങൾ മലപ്പുറത്തുകാർ എല്ലാവരും ഒത്തൊരുമിച്ചു ഒരേമനസ്സായി കഴിയുന്നവരായിരുന്നു ഈയടുത്ത കാലംവരെ. ആ ഒരുമയിൽ അസൂയമൂത്ത ആരോ വിഷം കുത്തിവെക്കുന്നത് വരെ.!! എന്നാലും ഇന്നുമതൊരു അഞ്ചുശതമാനത്തിൽ താഴെയേ കാണൂ- സമാധാനിക്കാം, ലോകാരംഭം മുതലേ സാത്താനും നമ്മുടെ കൂടെയുണ്ടല്ലോ.!!
ഞാൻ അഭിമാനിക്കുന്നു, മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരി ആയതിൽ. ആ സുന്ദരഭൂമികയിലല്ലേ തുഞ്ചത്തെഴുത്തച്ഛനും എംടിയും വള്ളത്തോളും, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, സി രാധാകൃഷ്ണൻ, കടവനാട് കുട്ടികൃഷ്ണൻ തുടങ്ങിയ മഹാരഥന്മാരും പുതുതലമുറയിലെ പ്രിയപ്പെട്ട ആലങ്കോട് ലീലാകൃഷ്ണനും രാമനുണ്ണിയും ഇനിയും എത്രയോ പ്രമുഖർ, എഴുത്തുകാർ, കലാകാരന്മാർ, ചിന്തകർ, കവികൾ തുടങ്ങി എന്റെ 3 തലമുറ മുന്നേ അനാചാരത്തിനെതിരെ പോരാടിയ, തമിഴ് മലയാളത്തിൽ ദുരാചാരമർദ്ദനമെന്ന കാവ്യമെഴുതി പേന ആയുധമായെടുത്ത മുതുമുത്തച്ഛൻ മലയംകുളത്തേൽ മരക്കാർ മുസ്ലിയാർ, എന്ന് വേണ്ട; മാധവികുട്ടിയെന്ന കമല സുരയ്യ- ഇവരൊക്കെ ജനിച്ച പൊന്നാനിയെന്ന പൊൻതട്ടകവും അതിനടുത്ത പ്രദേശങ്ങളും. ഇപ്പറഞ്ഞവരൊക്കെ ഈ പുണ്യഭൂമിയിലുള്ളവരാണ്. നിങ്ങളറിയുമോ മലപ്പുറം വിരോധികളേ, അമ്പലവും പള്ളിയും സൗഹൃദസമ്പർക്കത്തോടെ നിലനിൽക്കുന്ന ഞങ്ങളുടെ നാട്ടിൽ തന്നെയാണ് ഏതൊരു താന്ത്രികകർമ്മങ്ങളുടെയും ചുക്കാൻ പിടിക്കുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളും ഗുരുവായൂർ തന്ത്രിയായിരുന്ന ചേന്നാസ് നമ്പൂതിരിപ്പാടുമെല്ലാം. ഈ നാട്ടിൽ തന്നെയാണ് ശക്തൻ തമ്പുരാനുൾപ്പെട്ട കൊച്ചി രാജവംശത്തിന്റെ ഉല്പവും. ഈ ഇന്ത്യ മഹാരാജ്യത്തിൽ ഏതു യാഗം നടക്കണമെങ്കിലും അഗ്നി കൊണ്ടുപോയിരുന്നത് ഈ പൊൻതട്ടകത്തിലെ വട്ടംകുളത്തെ വേദഗ്രാമത്തിൽ നിന്നായിരുന്നു.
ഇനി ഒരു ചരിത്രം പറയാതെ അവസാനിപ്പിക്കാനാവില്ല. ഞങ്ങളുടെ കുട്ടിക്കാലത്ത്; അതായത് എഴുപതുകളിൽ ഞങ്ങളുടെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു സാധാരണ ആശുപത്രി; അവിടെ ഒരു ഫ്ലോറെൻസ് നൈറ്റിങ്ഗേൽ ഉണ്ടായിരുന്നു. പേര് യശോദ. നേഴ്സ് എന്നാണ് എല്ലാവരും വിളിക്കുക. വെളുത്ത് തുടുത്ത് സുന്ദരിയായ നഴ്സ്, എല്ലാവർക്കും വേണ്ടപ്പെട്ടവളായിരുന്നു. അവർ വന്നാൽ പ്രസവവേദനകൊണ്ട് പുളയുന്നവർ ആ വേദന മറക്കും. 'ഹാവൂ, നഴ്സ് വന്നല്ലോ!! സമാധാനായീ' എന്ന് വീട്ടുകാരും വേദനിക്കുന്നവളും ഒരുപോലെ പറയും. പ്രസവം സുഖമായി നടക്കുന്നു. സുഖപ്രസവം തന്നെ. ഏതു പാതിരാക്കും നഴ്സ് വിളിപ്പുറത്താണ്. നഴ്സിന്റെ ഭർത്താവ് പോസ്റ്റ് മാസ്റ്ററായിരുന്നു. മൂന്ന് പൊൻമക്കളും അവർക്ക്. എങ്ങനെയാണെന്ന് അറിയില്ല, എന്റെ ഉമ്മയും നഴ്സും ഇണപിരിയാത്ത കൂട്ടുകാരായി. മാഷിന് സ്ഥലംമാറ്റമായപ്പോൾ അവർ കാഞ്ഞിരമുക്ക് പോസ്റ്റോഫീസിൽ ക്വർട്ടേഴ്സിൽ ആയി. അത് കഴിഞ്ഞ് പൊന്നാനിയിലും. അപ്പോൾ ബസ്സിലായി വരവ്. തണ്ണീർ പന്തൽ എന്ന് പഴമക്കാർ വിളിച്ചിരുന്ന മാറഞ്ചേരി ചന്തയിൽ ഇറങ്ങേണ്ടയാൾ തൊട്ടുമുന്നെയുള്ള ഞങ്ങളുടെ മാസ്റ്റർപടി സ്റ്റോപ്പിൽ ബസ്സിറങ്ങും. എന്റെ ഉമ്മാനെ കണ്ട് രണ്ട് മിനിറ്റ് വർത്താനം പറയാൻ. എന്റെ അനുജൻ ആ സമയം നഴ്സിന്റെ കൈ നീട്ടത്തിനായി കാത്തുനിൽപ്പുണ്ടാവും. അവന്റെ കയ്യിൽ പത്തു പൈസ കൊടുത്ത് ആ ശുഭ്രവസ്ത്രധാരിയായ ആ സുന്ദരരൂപം ജോലിക്കായിപോകും. ചില രാത്രിയിൽ പ്രസവക്കേസ് അറ്റൻഡ് ചെയ്ത് പൊന്നാനിയിൽ പോകുന്നതിനു പകരം കുഞ്ഞുമാഷുടെ വീട്ടിൽ കൊണ്ടുപോയാക്കിയാൽ മതിയെന്ന് പറയും നഴ്സ്. ടാക്സിയുടെ അധികബാധ്യത ഒഴിവാക്കികൊടുക്കാനായിരുന്നു അത്. സാമ്പത്തികശേഷിയുള്ളവർ നഴ്സിനെ പൊന്നാനിയിൽ കൊണ്ടാക്കിക്കൊടുക്കും. നഴ്സ് വരുന്നതും കാത്ത് ഉമ്മ ഉറക്കമിളച്ച് കാത്തിരിക്കും. വന്ന് കുളിച്ചുറങ്ങി രാവിലെയാണ് പോകുക. ഇതൊക്കെ ഞാനെഴുതുന്നത്, ഞങ്ങൾ സ്നേഹിച്ചിരുന്നത് മതം ഏതാണെന്ന് നോക്കിയല്ല എന്ന് ഈ മതഭ്രാന്തന്മാർ ഓർമ്മിപ്പിക്കാനാണ്. ആ മൂന്ന് പൊന്മണികളും വളർന്ന് വലുതായി ഒരാൾ ഷഷ്ഠിപൂർത്തിയോടടുക്കുന്നു. ഒരാൾ സർക്കാർ ജോലിയിൽ - അതേ; 'അമ്മ സർക്കാർ സർവീസിലിരിക്കേ മരണപ്പെടുകയായിരുന്നല്ലോ- ആ ജോലി മകൾക്ക് കിട്ടി. അവളിപ്പോൾ വിരമിച്ചു. മൂന്നാമത്തെയാൾ കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഇനിയുമെത്രയോ എഴുതാനുണ്ട്. ഒരുദിവസം ഉപ്പയുടെ ഒരു സ്നേഹിതൻ ഉപ്പയുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഉച്ചനേരത്താണ്. അദ്ദേഹം പോയപ്പോൾ ഞാൻ ചോദിച്ചു എന്താ ഉപ്പാ അവർ ചോറുകഴിക്കാതെ പോയതെന്ന്. 'മോളെ, അവൻ മീൻ കൂട്ടില്ല. നമ്പൂതിരിയാ'. 'അതിനെന്താ ഉപ്പാ; ഇവിടെ ഉപ്പേരി(തോരൻ)യും തൈരുമെല്ലാമുണ്ടല്ലോ. ഉപ്പ പോയി വിളിച്ചോ'.
അത് കേട്ടതും ഉപ്പ വേഗത്തിൽ പുറത്തേക്കോടി. ടിസി മാമുക്കാടെ പീടിക വരെ എത്തിയിരുന്ന അദ്ദേഹം ഉപ്പാടെ കൂടെ തിരിച്ചു വന്നു. മീൻകറിയും പൊരിച്ചതും കൂട്ടി ഉപ്പയും തൈരും ഉപ്പിലിട്ടതും തോരനും കൂട്ടി അദ്ദേഹവും തൊട്ടുതൊട്ടിരുന്ന് ആസ്വദിച്ച് കഴിച്ചു. മാനത്തുള്ളൊരു വല്യമ്മാമന് മതമില്ല ജാതിയുമില്ല എന്ന പി ഭാസ്കരന്റെ വരി അനുസ്മരിപ്പിക്കും വിധം അങ്ങിനെയും ഒരു കാലമുണ്ടായിരുന്നു എന്ന് ഈ കെട്ടകാലത്ത് പറയേണ്ടി വന്നല്ലോ.
ഞാൻ ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ പഠിച്ചിരുന്ന സ്കൂളിനെ മാപ്പിള സ്കൂൾ എന്നായിരുന്നു പറഞ്ഞിരുന്നത്. നോമ്പിന് സ്കൂളടക്കും. വെള്ളിയാഴ്ചയും ഒഴിവായിരുന്നു. ഉപ്പാടെ സ്കൂളിന് വെള്ളി പ്രവൃത്തിദിവസവും. ചില വെള്ളിയാഴ്ച്ചകളിൽ ഞാൻ ആ സ്കൂളിൽ പോവും. അന്നവിടെ പഠിച്ചിരുന്നവർ പിന്നീടെന്റെ ഹൈസ്കൂൾ സഹപാഠികളായി. പറഞ്ഞു വന്നത് ആ സ്കൂളിന്റെ ഉടമയായിരുന്ന ഒരു അധ്യാപകനെകുറിച്ചാണ്. രാജൻ മാഷ്. മാഷിനും ഉപ്പാക്കും വീട്ടിൽ നിന്ന് ചോറ് കൊടുത്തയക്കാറാണ്. രണ്ട് വീടുകളിൽ നിന്നും ടിഫിൻ ക്യാരിയറിൽ ഭക്ഷണം കൊണ്ടുവരും. രണ്ടാളും രണ്ടുവീട്ടിലെ രുചിയറിഞ്ഞു കൊണ്ടാണ് കഴിക്കുക. മാഷിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നിരുന്ന അവിയലിന്റെ രുചി ഇന്നുമെന്റെ രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു.
ഉപ്പാക്ക് പ്രിയപ്പെട്ട ഒരാളെക്കൂടി ഓർമ്മിക്കുന്നു. ശ്രീധരൻ മാഷ്. ജ്യേഷ്ഠതുല്യനെന്നോ അടുത്തകൂട്ടുകാരനെന്നോ, എന്തും പറയാം. അദ്ദേഹം പോയപ്പോൾ ഉപ്പ വിങ്ങിക്കരയുന്നത് എന്റെ ഓർമയിൽ ഇന്നും തങ്ങി നിൽക്കുന്നു. ഇവരെല്ലാം ഈ ലോകത്ത് നിന്നും യാത്ര ചൊല്ലിയിട്ട് മുപ്പത് വർഷത്തിലേറെയായി. എന്റെ ഉമ്മയുണ്ട്. ശ്രീധരൻ മാഷിന് മക്കളില്ല. ശ്രീധരൻ മാഷിന്റെ അനിയൻ രാഘവൻമാഷിന്റെ മകൾ നീനയുമായി ഞാൻ നല്ല ബന്ധമാണ്. അമ്മയെ സ്വപ്നം കണ്ടാലോ അമ്മയുടെ ശ്രാദ്ധദിനത്തിന് ഒത്തുകൂടുമ്പോഴോ സ്നേഹത്തോടെ ഉമ്മയെ കാണാൻ നഴ്സിന്റെ മക്കളും, അവരുടെ കൂടെപ്പിറപ്പ് പോലെ ചെറുപ്പത്തിൽ അവരോടൊപ്പം കൂടിയ കമലയും ഇന്നുമെത്തുന്നു. കമലയ്ക്ക് ജീവിതവും ജീവനും അവരും മക്കളും മക്കളുടെ മക്കളുമാണ്. ഞങ്ങളെല്ലാം ഈ ബന്ധം ഇതുപോലെ തുടരുക തന്നെ ചെയ്യും. ഹൃദയത്തിൽ അലിവില്ലാത്തവരേ,! നിങ്ങൾക്കെന്ത് ചെയ്യാൻ പറ്റും?
ഇനി ഒന്ന് കൂടി പറയാം. ഞങ്ങളുടെ വീട്ടിൽ ബീഫിന് അയിത്തമായിരുന്നടോ. വീട്ടിൽ ബീഫ് വാങ്ങിയാൽ തന്നെ അതിനു പാത്രങ്ങളും മറ്റും വേറെതന്നെയാണ് ഉപയോഗിച്ചിരുന്നത്. ഈ തലമുറയിലും അത് തുടരുന്നവർ പലരും വീട്ടിലുണ്ട്. അത് കൊണ്ട് ഒന്നുകൂടി 'ബീഫ് ഒരു മതത്തിന്റെ ഇറച്ചിയല്ലാട്ടോ'!!
സ്വാമി വിവേകാനന്ദാ, അങ്ങ് കഴിഞ്ഞ നൂറ്റാണ്ടിൽ ഞങ്ങളുടെ കൊച്ചുകേരളത്തിൽ വന്നു പറഞ്ഞല്ലോ കേരളം ഒരു ഭ്രാന്താലയമാണെന്ന്. ചെറിയ ക്ലാസ്സിൽ അത് പഠിച്ചപ്പോൾ എന്തുകൊണ്ടെന്ന ചോദ്യം മനസ്സിനെ ഉഴുതുമറിച്ചിരുന്നു. ഇപ്പോൾ ഈ ഷഷ്ഠിപൂർത്തീകരണകാലത്ത് എനിക്കറിയാം ചങ്ങലക്കും ഭ്രാന്താണെന്ന്.