നാവാനുഭൂതി നൽകുന്ന മറീനയിലൂടെ ഒരു യാച്ച് യാത്ര
Mail This Article
മറീനയിലൂടെ ഒരു യാച്ച് യാത്ര ദുബായ്, മണലാര്യങ്ങളിൽ കെട്ടിപ്പൊക്കിയ പ്രൗഢ ഗംഭീരമായൊരു മഹാ നഗരം. അംബരചുംബികളായ കെട്ടിടങ്ങളും മനോഹരമായ ഉദ്യാനങ്ങളും മികച്ച സൗകര്യങ്ങളുമൊക്കെയായി സഞ്ചാരികളുടെ പറുദീസയായിന്ന് ദുബായ് മാറി. വ്യതസ്തവും അതിശയിപ്പിക്കുന്നതുമായ നിർമാണ വൈഭവങ്ങൾ ദുബായുടെ ഓരോ ടൂറിസ്റ്റ് സ്പോട്ടുകളുടെയും പ്രതേകതയാണ്. അത്യാഡംബരത്തിന്റെ അങ്ങേയറ്റമായ ഡൗൺ ടൗണും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളും തുടങ്ങി ദെയ്‌റയ്ക്കും ദുബായിക്കുമിടയിൽ ക്രീക്കിന്റെ ഓളപ്പരപ്പിലൂടെ പഴയ ദുബായുടെ ഭംഗിയും ആസ്വദിച്ചൊഴുക്കുന്ന ഒരു ദിർഹമിന്റെ അബ്ര സവാരിവരെയുള്ള വ്യതസ്തമായ മനോഹാരിതകൾ ദുബായിലുണ്ട്.
എപ്പോഴും നാവാനുഭൂതി നൽകുന്ന ഈ നഗരത്തിന്റെ കാണാനേറെ ആഗ്രഹിച്ച ചില കാഴ്ചകളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നഗരത്തിൽ നിന്ന് ഏറെ അകലെ മറ്റ് എമിറെറ്റസുകളിലുള്ള മലകളും വാദികളും മരുഭൂമി സഫാരിയുമൊക്കെ മാറ്റി ഇത്തവണത്തെ ടീം ഔട്ടിങ് നഗര ഹൃദയത്തിൽ തന്നെയാവണമെന്ന അഭിപ്രായം വന്നപ്പോൾ മുതൽ ആഗ്രഹിച്ചതായിരുന്നു ദുബായ് മറീനയിലൂടെ ഒരു യാച്ച് സവാരി. ദുബായിലെ വിനോദസഞ്ചാര മേഘലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മറൈൻ ടൂറിസം. പ്രധാനമായും ദുബായ് മറീന കേന്ദ്രമാക്കി പല തരത്തിലുള്ള മറൈൻ ടൂറിസ്റ്റ് പാക്കേജുകൾ ഇന്ന് നിലവിലുണ്ട്. മുമ്പ് ക്രീക്കിലൂടെ യാച്ച് എക്സ്‌പീരിയൻസ് ചെയ്തിട്ടുണ്ടെങ്കിലും ദുബായ് മറീനയിലേത് എന്റെ ആദ്യ അനുഭവമായിരുന്നു. കമ്പനിയിലെ ടീം ഔട്ടിങ് ആയത് കൊണ്ട് തന്നെ സഹപ്രവർത്തകർക്കൊപ്പം കൃത്യ സമയത്തു മറീനയിലെ മുൻകൂട്ടി നിശ്ചയിച്ച യാച്ചിൽ ഞങ്ങൾ പ്രവേശിച്ചു.
ആഴ്ച്ചാവസാനം ജോലിത്തിരക്കുകളിൽ നിന്നെല്ലാം മാറി സഹപ്രവർത്തകർക്കൊപ്പം ആഘോഷമായൊരു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. യാച്ചിന്റെ പ്രവേശനത്തിൽ തന്നെ മനോഹരമായൊരു സിറ്റിംഗ് ഹാൾ ആയിരുന്നു. കാഴ്ചകളിലേക്ക് പ്രവേശിക്കും മുമ്പ് വെൽകം ഡ്രിങ്ക്സിനൊപ്പം സൊറ പറയലുകളൊക്കെയായി ഹാളിലും അൽപ്പ സമയം ഞങ്ങൾ ചിലവഴിച്ചു. ഹാളിന്റെ താഴെയായി പടികളിറങ്ങിയാൽ ത്രീ സ്റ്റാർ സ്റ്റാൻഡേഡുകളിലുള്ള മുറിയും വാഷ്‌റൂമുകളുമുണ്ട്. യാച്ചിന്റെ മുകളിലെ വ്യൂ ഏരിയയ്ക്ക് പുറമെ മുൻഭാഗത്തായി കാഴ്ച്ചകൾ കിടന്നാസ്വദിച്ചു പോകാനുമുള്ള സൗകര്യവുമുണ്ട്. അങ്ങനെ നഗരത്തിന്റെ ഐക്കണിങ് ലാൻഡ് മാർക്കുകളിലേക്കായ് അവിസ്മരണീയമായ ഒരു ക്രൂയിസിംഗ് യാത്രയ്ക്ക് ഞങ്ങൾ ആരംഭം കുറിച്ചു. കടൽത്തീരത്ത് നങ്കൂരമിട്ട ഒരു പാട് യാച്ചുകളുടെ ഇടയിൽ നിന്ന് നമ്മുടെ നൗക കടൽതിരകളെ തഴുകി നീങ്ങി തുടങ്ങി.
പടിഞ്ഞാറ് ദൂരെ കടലിലേക്കു താഴ്ന്ന സൂര്യനെ നോക്കി, വിദൂരതയിൽ നിന്നടിക്കുന്ന ആ സൂര്യ രശ്മികളെ ആവാഹിച്ച്, കടൽക്കാറ്റേറ്റ് നമ്മൾ പുറം കടലിലേക്ക്. കടൽ ശാന്തമാണ്. സായാഹ്ന സൂര്യൻ കടലിനെ ചുംബിച്ചു മറയാൻ ഒരുങ്ങുന്നു. ആദ്യ ലക്ഷ്യം ജെ.ബി.ആർ ആണ്. ജുമൈറ ബീച്ച് റെസിഡൻസ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായ് പേർഷ്യൻ ഗൾഫിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിയാണ്. നാല്പതോളം ടവറുകൾ അടങ്ങിയിരിക്കുന്ന ഈ ഒരു റെസിഡൻഷ്യൽ ഡെവലപ്‌മെന്റിൽ ധാരാളം അപ്പാർട്മെന്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും അടങ്ങിയിട്ടുണ്ട്. ജെ.ബി.ആറിന്റെ കാഴ്ചകൾക്ക് ശേഷം തൊട്ടടുത്തുള്ള ജുമൈറ ബീച്ച് പാർക്കിന്റെ തീരത്തു കൂടിയാണ് യാച്ചിന്റെ സഞ്ചാരം. പല ആക്ടിവിറ്റികളുമായി ഒരുപാടാളുകൾ ബീച്ചിൽ ഉണ്ട്. മുമ്പ് പല തവണ ഈ ബീച്ചിൽ കടലിലിലേക്ക് നോക്കിയിരുന്നിട്ടുണ്ടെങ്കിലും ഇന്ന് ഞാൻ ആ കരയിലേക്ക് കൗതുക പൂർവം നോക്കിയിരിക്കുകയാണ്.
മിഡിലീസ്റ്റിലെ സുന്ദരവും സുരക്ഷിതവുമായ ബീച്ചുകളിലൊന്നാണ് ജുമൈറ ബീച്ച്. നിരവധി രാജ്യക്കാർ പ്രായ വ്യത്യാസ, സ്ത്രീ പുരുഷ ഭേദമന്യെ ബീച്ച് ആക്റ്റിവിറ്റികൾ ആസ്വദിക്കാനായ് ഇവിടെ എത്താറുണ്ട്. യാച്ചിൽ ഓൺ ചെയ്ത മ്യൂസികിനോടൊപ്പം സഹപ്രവർത്തകർ ഡാൻസ് ആരംഭിച്ചിരുന്നു. ഒരു മ്യൂസിക് ഇവന്റിൽ പോകുമ്പോൾ കിട്ടുന്ന അതേ ആവേശത്തോടെ ഇവിടം ആഘോഷമാക്കുയാണ് പ്രിയപ്പെട്ടവർ. പുതുമുഖങ്ങൾ മുതൽ ഓഫിസിൽ ബലം പിടിച്ചിരിക്കുന്നവർ വരെ ചടുലമായ ഗാനങ്ങൾക്കൊപ്പം ചുവടു വെക്കുകയാണ്. നൃത്തം വശമില്ലാത്ത എന്നെ പോലുള്ളവർ കാഴ്ചകൾക്കൊപ്പം ഡാൻസും ആസ്വദിച്ചു ചിരിക്കുകയും കൈകൊട്ടുകയും ഒന്നിച്ചു പാടുകയും ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലായ ഐൻ ദുബായുടെ മുന്നിലൂടെയാണിപ്പോൾ യാച്ച് നീങ്ങികൊണ്ടിരിക്കുന്നത്. ഇത് സ്ഥിതി ചെയ്യുന്നത് ജുമൈറ ബീച്ച് റസിഡൻസ് തീരത്ത് ബ്ലൂ വാട്ടർ ഐലൻഡ് എന്ന മനുഷ്യനിർമ്മിത ദ്വീപിലാണ്. ഒരു പാട് ഷോപ്പിംഗ് മാളുകളും വിനോദ കേന്ദ്രങ്ങളും റിസോർട്ടകളും ലക്ഷ്വറി അപ്പാർട്മറന്റുകളും ഉള്ള ഒരു കൊച്ചു ഐലൻഡ് ആണിത്. പാം ജുമൈറ ദ്വീപിലെ ആഢംഭര റിസോർട്ടായ അറ്റ്ലാന്‍റിസിന്റെ ഓരത്തുകൂടെ പോകുമ്പോൾ കൗതുകത്തോടെ ആ നിർമിതികളെ നോക്കിയിരിക്കുകയായിരുന്നു. പലരും പറഞ്ഞു കേട്ട ആഡംബരത്തിന്റെ മഹാ ലോകം.വിനോദസഞ്ചാരികൾക്ക് ദുബായിയെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമാക്കുന്നത് ഇത്തരം ലോകോത്തര സൗകര്യങ്ങൾ തന്നെയാണ്. മനോഹരമായ പൂന്തോട്ടങ്ങളും വാട്ടർഫ്രണ്ടുകളുമൊക്കെ ചുറ്റിലുമായി കാണാം. എന്നെങ്കിലുമൊക്കെ ഇവിടെയെല്ലാം പ്രവേശിക്കണം എന്നൊരാഗ്രഹം മനസ്സിൽ കുറിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് കണ്ണും നട്ടിരുന്നു.
നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്. യാച്ച് ദുബായിയുടെ കിരീടമെന്ന കീർത്തിയുള്ള ബുർജുൽ അറബിന്റെ ചാരത്തെത്തിയിരിക്കുന്നു. ബുർജ് ഖലീഫ വരുന്നതിനു മുമ്പ് ദുബായ് എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം ഓളമിടുക ഈ കണ്ണഞ്ചിപ്പിക്കുന്ന സമുച്ചയമയിരിക്കും. പഴയ പ്രവാസ സിനിമകളിലൊക്കെ മിക്കപ്പൊഴും കാണുന്ന കെട്ടിടങ്ങളിലൊന്ന്. ബുർജുൽ അറബ് പശ്ചാത്തലമായി പടം പിടിക്കാത്ത പ്രവാസ സിനിമകൾ വിരളമാണ്. ലോകത്തെ ആദ്യ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജുല്‍ അറബ് ജുമൈറ കടൽതീരത്ത് വരുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഈ അത്യാഢംബര ഹോട്ടലിന്റെ അകം ആധുനിക വാസ്തുവിദ്യയുടെ ആകർഷണീയമായ ദൃശ്യപ്രപഞ്ചമാണ്.
പല യൂട്യൂബ് വിഡിയോകളിലൂടെയും എഴുതുകളിലൂടെയും മറ്റുമൊക്കെ അകത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ദുബായിലേക്കെത്തുന്ന ധനികരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണിത്. എപ്പോഴെങ്കിലുമൊരിക്കൽ ആ മായികലോകം കാണാൻ കഴിയണമേന്നരാശ ഉള്ളിലുണ്ട്. ബുർജുൽ അറബും കണ്ട് പാം ജുമൈറയിലെ അതിമനോഹരമായ കെട്ടിടങ്ങൾക്കിടയിലൂടെ യാച്ച് ദുബായ് മറീനയിലേക്ക് മടക്കയാത്ര ആരംഭിച്ചു.
സഹപ്രവർത്തകർ ഇപ്പോഴും ഫ്ലോറിൽ ആടിത്തകർക്കുന്നുണ്ട്. പുറം കാഴ്ചകളിൽ നിന്ന് മാറി കൂട്ടുകാരുടെ ഡാൻസും കണ്ട് കുറച്ചു നേരമെങ്ങനെ ഇരുന്നു. അദ്ഭുതങ്ങളില്‍ മഹാദ്ഭുതമായി ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ ദൃശ്യം ദൂരെ നിന്നും കാണാം. വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയായ ദുബായിയെയാണ് ഇരുവശത്തുമായി കാണുന്നത്. ദുബായ്ക്ക് പകലിനെക്കാൾ ശോഭ രാത്രയിലാണെന്ന് തോന്നും. അത്യാഢംബരത്തിന്റ മായികകാഴ്ചകളിലൂടെ ദുബായിലെ ഈ യാച്ച് യാത്ര നമ്മളെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു. അവിസ്മരണീയമായ ഇത്തരം യാത്രകൾ ടീം ഔട്ടിങ്ങായും അല്ലാതെയും ഉണ്ടാവട്ടെ എന്ന് പരസ്പരം ആശംസിച്ചു മറീനയിൽ നങ്കൂരമിട്ട യാച്ചിൽ നിന്ന് ഞങ്ങളിറങ്ങി...