തെയ്യപ്പെരുമയുമായി ജിൻഷയുടെ 'ഒട'
Mail This Article
ധനുമാസം അഞ്ചാം തീയതി മുതൽ എട്ടുവരെയാണ് വീടിന് തൊട്ടടുത്ത ഉദയപുരം ക്ഷേത്രത്തിൽ കളിയാട്ടം. പ്രധാന തെയ്യക്കോലങ്ങൾ അയ്യർ പരദേവതമാരാണ്. അതായത് അഞ്ച് പ്രധാന തെയ്യങ്ങൾ. പുള്ളൂർ കാളി, പുള്ളി കരിങ്കാളി മക്കളായ പുലികണ്ഠ, പുലിമാര, പുലികള പുലിയും കൂടാതെ വിഷ്ണുമൂർത്തി, രക്തചാമുണ്ടി, കുണ്ടോർ ചാമുണ്ടി, കരിന്തിരി നായര് (ദൈവം), പൂലിൽ കീഴിൽ ദൈവം, കുറത്തി, കുണ്ടോർ ചാമുണ്ടിയും.
പത്തോ പതിനഞ്ചോ വർഷം കൂടുമ്പോഴാണ് ക്ഷേത്രത്തിൽ ഒറ്റക്കോലം അല്ലെങ്കിൽ തീചാമുണ്ടി കെട്ടിയാടിക്കുക. അത് ചെലവേറിയ തെയ്യക്കോലമാണ്. ജിൻഷയുടെ 'ഒട' എന്ന കഥാ സമാഹാരത്തിലെ പ്രധാന കഥയായ ഒടയിലെ കഥാപാത്രം പണിക്കർ കെട്ടുന്നതും തീ ചാമുണ്ടിയാണ്. ദൈവം എന്ന പദത്തിന്റെ ഗ്രാമ്യ രൂപമണ് തെയ്യം. കണ്ണൂർ കാസർകോട് ജില്ലകളിലെ 108 മുച്ചിലോട്ടുകൾ, 11 കണ്ണങ്ങാട്ടുകൾ. വിവിധ സമുദായങ്ങൾ കെട്ടിയാടുന്ന 400 ലധികം തെയ്യക്കോലങ്ങളെക്കുറിച്ച് രാമചന്ദ്രൻ മാഷ് എന്ന ഡോ. ആർ. സി. കരിപ്പത്ത് 'തെയ്യപ്രപഞ്ചം' എന്ന സമഗ്ര ഗ്രന്ഥം എഴുതിട്ടുണ്ട്.
'ഒട' : ആദ്യ കഥാസമാഹാരത്തിൽ തന്നെ വായനക്കാരിൽ പുതിയ വായനാനുഭവം കൊണ്ടുവരാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ജാതി മേൽക്കോയ്മ ഏറ്റവും താഴെ തട്ടിലുള്ള തെയ്യം കലാകാരൻമാരെ എത്ര മാത്രം ബുദ്ധിമുട്ടിക്കുന്നു എന്നും പറയുന്നു. ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ താഴ്ന്ന ജാതിക്കാരനായ ബാലനെ കളപ്പുരയിലിട്ട് ക്രൂരമായി മർദ്ദിക്കാൻ നാടുവാഴി കൽപ്പിക്കുകയും രണ്ട് നാൾ പട്ടിണിക്കിടുകയും ചെയ്യുന്നു. പക്ഷേ വാല്യക്കാർ കാണുന്നത് ചത്തെന്ന് കരുതിയ ബാലൻ ചോരയൊലിപ്പിച്ച് കളപ്പുരയിൽ നടക്കുന്നതാണ്. കലിതുള്ളിയ നാടുവാഴി കളപ്പുരയ്ക്ക് തീയിട്ടപ്പോൾ ദൈവമായ് വരുന്ന ബാലനെയാണ് എല്ലാവരും കാണുന്നത്. നാടുവാഴി ഓന്റെ കാൽക്കൽ വീണു. മലയൻ തെയ്യമായാൽ നാടുവാഴിയും തൊഴുതുപോകും.
മനുഷ്യൻ ദൈവമായ് മാറുന്നതുകൊണ്ടാണ് കുന്നോളം ഉയരത്തിലുള്ള തീയിലേയ്ക്ക് പെരുമലയൻ നൂറ്റൊന്നുവട്ടം അഗ്നിപ്രവേശം നടത്തുന്നത്. പണിക്കർക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ലീല. ലീലയുടെ വലിയ കണ്ണുകൾ കാണുമ്പോൾ പണിക്കർക്ക് മുച്ചിലോട്ടമ്മയുടെ പൊയ്ക്കണ്ണുകൾ ഓർമ്മവരും. ലീലയ്ക്ക് അറിയാം മലയനെ തീയിലിട്ട് ചുടാൻ തമ്പ്രാക്കളുടെ അടവാണ് തീചാമുണ്ടികെട്ടിക്കുന്നതെന്ന്. പക്ഷെ പണിക്കർ വിശ്വസിക്കുന്നത് നരസിംഹം അഗ്നിയെ മർദ്ദിക്കുന്നതാണെന്നാണ് . ലീലയ്ക്ക് തെയ്യത്തെ ഇഷ്ടമായിരുന്നു. കാരണം ഉയർന്ന ജാതിക്കാര് കരഞ്ഞ് തൊഴുത് തെയ്യത്തിന് മുന്നിൽ നിൽക്കുന്നത് കാണാൻ. ഒരു ഒടമ്പടിയും ഇല്ലാതെ അവർ തമ്മിൽ സ്നേഹിച്ചു. പക്ഷെ തോട്ടിൽ കുളിക്കുന്നതിനിടെ അപസ്മാരം വന്ന് ലീല മരിച്ചു. അവളുടെ ഓർമ്മകളിൽ പണിക്കർ പിന്നീടുള്ളകാലം കഴിച്ചു. പ്രായം ശരീരം തളർത്തിയപ്പോൾ പണിക്കർക്ക് തെയ്യം കെട്ടാൻ വയ്യാതെയായി. പുതുതലമുറയിലെ കലാകാരൻ സഞ്ജു തെയ്യം കെട്ടി ഉറയുമ്പോൾ തോട്ടിനക്കരെ പണിക്കർ ദൈവമായ് ഉണരുകയാണ്.
അഗ്രസന്ധനി: സ്റ്റെനോഗ്രാഫറായിരുന്നതു കൊണ്ടാകാം ഷോർട്ട്ഹാന്റു പോലെ സൗഹൃദങ്ങളും വിരലിൽ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിയത്. റിട്ടയർമെന്റിന് ശേഷം ചായക്കാരൻ റഹീമും ലൈബ്രറിയിലെ പെൺകുട്ടിയും ഭാര്യയും ലൈബ്രേറിയനും ആയിരുന്നു അയാളുടെ ലോകം. ചായക്കടക്കാരൻ കാൽതെറ്റി കിണറ്റിൽ വീണ് മരിച്ചതും, പെൺകുട്ടി തീ കൊളുത്തി മരിച്ചതും മാനസിക പിരിമുറുക്കത്തിലേക്ക് എത്തിച്ചു എന്ന് പറയാം. ഫോൺ കോളിനിടയിലെ അവളുടെ ഒരു ചിരിയിൽ പെൺകുട്ടിക്കുള്ള പ്രണയം വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരിക്കായിട്ടുണ്ട്. ഡയറിക്കുറിപ്പുകളിൽ പലരുടേയും മരണകാരണം തിരഞ്ഞ് നടക്കുകയാണ് അയാൾ ഇപ്പൊഴും
ഉമ്പാച്ചി: പ്രഭാകരൻ ചന്ദ്രിയെ കല്യാണം കഴിച്ചപ്പോൾ ഉമ്പാച്ചി ഏറെ സന്തോഷിച്ചു. കിണറ് പണിയിൽ പ്രഭാകരനെ സഹായിച്ച് കൊണ്ട് ജീവിതം തുടങ്ങിയ ചന്ദ്രിയ്ക്ക് തന്റെ കുഞ്ഞിനെ ജീവനറ്റ് കിണറ്റിൽ കാണേണ്ടിവരുന്നു. തുടർന്ന് ചന്ദ്രിയുടെ ജീവനും അതേ കിണറ്റിൽ അവസാനിക്കുന്നു. ഉമ്പാച്ചിയുടെ മാനസിക അവസ്ഥയും തുടർന്നുണ്ടാകുന്ന കൊലപാതകവും കഥയ്ക്ക് വേറൊരു തലം നൽകുന്നു.
തുടർച്ചയായി രണ്ട് കഥകളിലും കിണർ കഥാപാത്രമാകുമ്പോൾ എഴുത്തുകാരിക്കും കിണറുമായ് എന്തോ ബന്ധമുള്ളത് പോലെ തോന്നി. പ്രഭാകരൻ കിണറിന്റെ അടിത്തട്ടിൽ ഒരു രഹസ്യം കണ്ടെത്തിയിരുന്നു. ഓർഹൻ പാമുക്കിന്റെ the red-haired woman എന്ന നോവലിലും കിണർ പ്രധാന കഥാപാത്രമാണ്.
വിസൈലിറ്റ്സ : തിലക് രാജയുടെ അനുഭവം വേറെയായിരുന്നു. അയച്ച കഥ നാഷണൽ ബുക്സ് തിരിച്ചയക്കുകയും ഒട്ടും അപ്ഡേറ്റ് അല്ല എന്ന് പറഞ്ഞപ്പോൾ പുതിയ തിരിച്ചറിവിലേക്കാണ് എഴുത്തുകാരൻ പോകുന്നത്. എഡിറ്ററെ മർദ്ദിച്ച് ജയിലിൽ കയറേണ്ടി വന്നു, പുതിയ നോവലെഴുതാനും അതേ പ്രസാധകരരെ വച്ച് പുതിയ നോവലിറക്കാനും.
തെയ് തെയ് വാഴ്ക: ബേബിച്ചൻ ഗ്ലാഡിസിന് വീട്ടിൽ സ്വസ്‌ഥതയൊന്നും കൊടുത്തിരുന്നില്ല. കാല് പടം മറിഞ്ഞ് കിടപ്പിലായ ഗ്ലാഡിസിന് ഓർക്കാൻ ഇഷ്ടം ജീവിതത്തിലെ ഹീറോയിനായ വല്യമ്മച്ചിയെയാണ്. വല്യമ്മച്ചിയുടെ ഓർമ്മയിലൂടെയുള്ള ഗ്ലാഡിസിന്റെ മനോഹരമായ സഞ്ചാരമാണ് കഥയെ വ്യത്യസ്തമാക്കുന്നത്.
ഉപ്പ്: 'ചുംബനത്തിലൂടെ ഞാൻ നിന്നിലേയ്ക്ക് എന്റെ പ്രണയത്തിന്റെ ഉറവയെ ഒഴുക്കിവിടുന്നു. 'വിപഞ്ചിക ആഗ്രഹിച്ചത് കവിതപോലെ സുന്ദരമായൊരു ജീവിതമായിരുന്നു. ആനന്ദിന്റെ വർണങ്ങളിൽ ഉപ്പുരസം കയറിയത് അവളറിയാതെ വർഷങ്ങളോളം അവനായ് കാത്തിരുന്നു. ബാലപീഡനത്തിന്റെ ഞെട്ടലിൽ നിന്നും മാറാനാവാതെ അവൻ അവളിൽ നിന്നും അകന്ന് പോവുകയായിരുന്നെന്ന് അവൾ വൈകിയാണ് തിരിച്ചറിയുന്നത്. പുരുഷനിൽ ഏൽക്കുന്ന മാനസിക വ്യഥയെ മനോഹരമായി വായനാനുഭവമാക്കി തീർക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ചാപ്പ: മാജിത കൊടുത്തുവിട്ട ആട്ടിറച്ചി കൂട്ടാതിരുന്നത് രമണിയുടെ ആട്ടിൻ കൂട്ടിലെ ആടിനെ കാണാതായതു കൊണ്ടാണ്. വീടുള്ള സ്ഥലത്തിന് എന്തോ കുഴപ്പമുണ്ടെന്ന ചിന്ത രമണിയെ പിന്തുടർന്നു. ആ മണ്ണില് നിരപരാധികളായ രണ്ടു പേരുടെ കണ്ണീര് വീണിട്ടുണ്ട് എന്ന് രാഘവൻ അറിഞ്ഞപ്പോൾ രമണിയുടെ ആഗ്രഹപ്രകാരം സ്ഥലം വിറ്റ് നാട് വിടണം എന്ന് അയാൾ ആഗ്രഹിച്ചില്ല. പാവപ്പെട്ടവനെയൊക്കെ പ്രലോഭിപ്പിച്ച് കാര്യം കാണുന്നോരുടെയൊക്കെ കാലം ഇല്ലാണ്ടാവും എന്ന കാര്യം രാഘവൻ മനസിലാക്കിയിരുന്നു.
അതിര്: അച്ചാമ്മ ഗാന്ധിജിയുടെ വലിയ ആരാധികയായിരുന്നു. കൊച്ചുമകൻ ലാൽ ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനിടെ കണ്ട മദാമ്മയേയും കല്യാണം കഴിച്ച് വീട്ടിൽ കയറി വന്നപ്പോ ജോസഫ് ഒരിക്കലും കരുതിയില്ല അച്ചാമ്മ അവരെ വീട്ടിലേക്ക് കയറ്റുമെന്ന്. വീട്ടിൽ കയറ്റിയെങ്കിലും രാത്രിയുടെ മറവിൽ മദാമ്മ ഗാന്ധിജിയുടെ ഫോട്ടോയും പുസ്തകങ്ങളും കത്തിക്കുന്നതാണ് അച്ചാമ്മ കാണുന്നത്. അവരെ രണ്ടാളെയും തോക്ക് ചൂണ്ടി വീട്ടിൽന്നിന് അടിച്ചിറക്കിയ കഥ ജോസഫ് നീരജയോട് പറഞ്ഞപ്പോൾ അത് പുതിയൊരു കവർസ്റ്റോറിക്കുള്ള വകുപ്പായിരുന്നു.
പെൺമാല: കരിമ്പന് സ്കൂളിൽ പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ആദിവാസി പഠിച്ചിട്ടെന്തിനാ എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അച്ഛൻ കൈ പിടിച്ചിറങ്ങി. അപ്പന്റെ മരണശേഷം പാരമ്പര്യമായ് കോവിലെ കോമരമായ് മാറിയ കരിമ്പനറിഞ്ഞില്ല ആദിവാസികളുടെ ഇടയിലും പെൺകുട്ടികളെ മാറ്റിനിർത്തുന്നു എന്ന്. ഭാര്യ രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ പരമ്പര ഇല്ലെന്ന കാരണത്താൽ ആചാരപ്പെട്ട കോമരത്തിന് കോവിലിൽ നിന്ന് ഇറങ്ങേണ്ടിവരുന്നത്. ആദിവാസി ഊരുകളിലും സ്ത്രീ രണ്ടാം ഇടത്തേക്ക് താഴ്ത്തപ്പെടുകയാണ്.