ADVERTISEMENT

ഇതൊരു കഥയല്ല എന്‍റെ ജീവിത അനുഭവം ആണ്. എല്ലാ മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നതും പണിയെടുക്കുന്നതും എല്ലാം നമ്മുടെ അര വയറിനായി മാത്രമാണ് അല്ലേ? ലോകത്തിന്‍റെ നാനാ കോണുകളിലും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത എത്രയോ മനുഷ്യജന്മങ്ങൾ ഉണ്ട്. ഞാൻ വളർന്ന സാഹചര്യവും എന്റെ ജീവിത സാഹചര്യം നോക്കുകയാണെങ്കിൽ ഭക്ഷണത്തിന്റെ ലഭ്യതകുറവും വിലയും നല്ലപോലെ അറിഞ്ഞു വളർന്ന ഒരാളാണ് ഞാൻ.

ഈ അടുത്ത് ഞാൻ നടത്തിയ ഒരു യാത്രയിൽ എന്റെ മനസ്സിനെ സന്തോഷിപ്പിക്കുകയും അതുപോലെതന്നെ എന്റെ ഭൂതകാലത്തേക് കൂട്ടിക്കൊണ്ടുപോയ ഒരു കാഴ്ച ഞാൻ കാണാൻ ഇടയായി. വഴിയരികിൽ ബസ് നിർത്തിയപ്പോൾ കുറച്ചു ദൂരെയായി കാലുകൾ നഷ്ടം ആയ ഒരു സഹോദരൻ വിശപ്പ് സഹിക്കാൻ പറ്റാതെ യാചിക്കുന്നത് കാണുകയും ഒരു ചെറിയ പെൺകുട്ടി തന്റെ കയ്യിലെ ബൺ സന്തോഷത്തോടെ വീതിച്ചു നൽകുന്ന കാഴ്ച.

ഒരു നേരത്തെ ഭക്ഷണത്തിനോട് പോലും സ്വാർഥത കാണിക്കുന്ന ഈ കാലഘട്ടത്തിൽ ആ ഒരു കാഴ്ച എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തി. 16 വർഷങ്ങൾക്കു മുൻപ് ദുബായിൽ വന്നപ്പോൾ ഉണ്ടായ ജീവിത സാഹചര്യങ്ങൾ കൊണ്ടും ജോലി സാഹചര്യങ്ങൾ കൊണ്ടും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഞാൻ ബുദ്ധിമുട്ടിയപ്പോൾ എന്നെ സഹായിക്കാൻ ആയി മുൻപോട്ടു വന്ന ആ മനുഷ്യനെ ഞാൻ ഓർത്തെടുത്തു. താമസിക്കാൻ റൂം നഷ്ടമായി, കഴിക്കാൻ ഭക്ഷണം ഇല്ല. പോകാൻ സൗഹൃദങ്ങൾ ഇല്ല.

വിശപ്പും ദാഹവും കൊണ്ട് മെട്രോ സ്റ്റേഷനിൽ ഇരുന്ന് ഞാൻ വിങ്ങിപ്പൊട്ടി. എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ മുൻപിലൂടെ പലരും നടന്നുപോയി കൊണ്ടിരുന്നു. അതിനിടയിൽ ഒരു ചോദ്യം 'എന്താടോ കരയുന്നത് എന്താ മോളെ പ്രശ്നം?'  മുൻപിൽ നിൽക്കുന്ന ആ ചെറുപ്പകാരൻ ആരാണോ എന്താണോ ഒന്നും അറിയില്ല. എന്നോട് എന്റെ വിവരങ്ങൾ തിരക്കി. പറയാൻ മടി ഉണ്ടായിരുന്നു എന്നാൽ വിശപ്പിനു മുൻപിൽ എന്ത് നാണക്കേട് ഞാൻ എന്റെ അവസ്ഥ അദ്ദേഹത്തിനോട് വിവരിച്ചു.

എനിക്ക് ഭക്ഷണവും വെള്ളവും അദ്ദേഹം വാങ്ങി തന്നു. കൂടാതെ കുറച്ച് പൈസയും. അന്ന് അദ്ദേഹത്തിന് ഒരു മകൻ ജനിച്ച ദിവസം ആയിരുന്നു. ആ സന്തോഷം ഇങ്ങനെ ആഘോഷിക്കുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് ഒരു കാര്യം മനസിലായി ദൈവം പല രൂപത്തിലും ഭാവത്തിലും നമുക്ക് ആവശ്യമുള്ളപ്പോൾ മുൻപിൽ എത്തുമെന്ന്. ആർത്തിയോടെ ഞാൻ കഴിക്കുന്നത് നോക്കി നിന്ന ആ ചേട്ടനോട് ഞാൻ ചോദിച്ചു എന്താ പേര് ഷാജി എന്നോ മറ്റോ ആയിരുന്നു പറഞ്ഞത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ കൊല്ലം സ്വദേശി ആണ്.

ജബൽ അലിയിൽ ലിഫ്റ്റ് മെക്കാനിക് ആണ് എന്ന് അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു. ഇപ്പോഴും പല സ്ഥലങ്ങളിലും പോകുമ്പോൾ ആൾക്കൂട്ടത്തിൽ ഞാൻ ആ മുഖം തിരയാറുണ്ട്. ആ നല്ല മനസ്സിന്റെ ഉടമയെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാതിരിക്കില്ല. സ്വാർഥമാണ് ഈ ലോകം, മറ്റുള്ളവരെ പറ്റിച്ചും അവരുടെ അധ്വാനം കൊണ്ടും പൈസ കൊണ്ടും ജീവിക്കുന്ന ആരോടും ഒരു ദയയും ഇല്ലാത്ത ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞതാണ് ഈ ലോകം, അങ്ങനെ ഉള്ള ആളുകൾ നമ്മൾ കണ്ട് മുട്ടുന്നവരിൽ ഉണ്ടാകാം. നമ്മുടെ കൂട്ടത്തിൽ ഉണ്ടാകാം. അങ്ങനെ ഉള്ളവരെ മാറ്റി നിർത്താം.

അർഹതപ്പെട്ടവർക്ക് നമ്മുടെ കഴിവിന് അനുസരിച്ചുള്ള സഹായം ചെയ്യാം. ബാക്കിയുള്ളതെല്ലാം നമ്മുടെ കർമത്തിനു അനുസരിച്ചു നമ്മളെ തേടിയെത്തും. ഇന്നും എനിക്ക് മറ്റുള്ളവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും വാങ്ങികൊടുക്കാനും അത് അവർ സന്തോഷത്തോടെ കഴിക്കുന്നത് നോക്കി ഇരിക്കാനും ഇഷ്ടമാണ്. കാരണം വിശപ്പിന്‍റെ വില ഭക്ഷണത്തിന്റെ മഹത്വം ശരിക്കും അറിഞ്ഞു വളർന്നവളാണ് ഞാൻ.

English Summary:

Life Story of Nadiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com