രബീന്ദ്രനാഥ് ടഗോറിന്റെ ഗീതാഞ്ജലി (മലയാളം പരിഭാഷ)
Mail This Article
ഗീതം 23
കടുത്ത വാതമാഞ്ഞടിക്കുമീ പ്രചണ്ഡ രാത്രിയില്‍
കടക്കുമോ മദീയ നാഥനെന്റെ രാഗശാലയില്‍?
ഹതാശനെന്ന പോലെയംബരം കരഞ്ഞിടുന്നിതേ
ഹതാശനാമെനിക്കുമിന്നു നിദ്രയില്ല ലേശവും
പുറത്തിയന്ന കാഴ്ചയൊന്നു കാണുവാനുമായിടാ
തിരിപ്പു മല്‍പ്രിയന്റെ മാര്‍ഗ്ഗവീഥിയും നിനച്ചു ഞാന്‍
ചരിച്ചിടുന്ന, തേതു ദൂരമാം നദീതലത്തിലോദുരൂഹമാം വനാന്തരത്തിലൂടെയോ തവാഗമം?
കവാടവും തുറന്നു ഞാനിരിപ്പു മല്‍പ്രിയന്റെ യാ
ത്തവാന്തികം പ്രത്രീക്ഷയോടെയാര്‍ന്നിടുന്നതിന്നുമായ്
ഭവാന്റെ മാര്‍ഗ്ഗമേതതെന്നു തിട്ടമില്ലെനിക്കതാല്‍
ഭവാനണഞ്ഞിടുന്ന വീഥി ചിന്ത ചെയ്തിരിപ്പു ഞാന്‍.
ഗീതം 24
പകല്‍ മറഞ്ഞു പോകുകില്‍ സമീരനുംനിലയ്ക്കുകില്‍
ശുകങ്ങളും മനോജ്ഞഗാനമാലപം നിറുത്തുകില്‍
ദിഗന്തവും രഹസ്യമായ് മറച്ചിടും തമസ്സതില്‍നിഗൂഢനാക്കുകെന്നെയങ്ങ്, പൂര്‍ണ്ണമായി മല്‍പ്രഭോ!
ധരിത്രിയേ രഹസ്യമായി നിദ്രയില്‍ മറച്ചതാല്‍
സരോജവും മയങ്ങിടുന്നു രാത്രിയില്‍ പ്രശാന്തമായ്
ശരീരവും ക്ഷയിച്ചുലഞ്ഞ വേഷമോടെ നില്‍പു ഞാന്‍
കരുത്തു നല്‍കിയെന്നെ വീണ്‍ടിടേണമെന്റെ നാഥനേ!
പഥേയമറ്റു പാതിമാര്‍ഗ്ഗമാര്‍ന്ന പാന്ഥനെന്നപോല്‍
വിഷാദമോടലഞ്ഞു യാത്രചെയ്തിടുന്ന നേരമോ
അദൃശ്യമാം തമസ്സിതെന്നമൃതധാര ചേര്‍ത്തു പൊന്‍
ഉഷസ്സിലെ പ്രസൂനമെന്ന പോലെ യാക്കിടും ഭവാന്‍!
ഗീതം 25
ഇടയ്ക്കിടക്കെനിക്കശാന്തി ചേര്‍ന്നിടുന്ന നേരമെ
ന്നകം പ്രകാശമറ്റു ദുഃഖമെന്നിലാര്‍ന്നിടുമ്പൊഴോ
മുടക്കമാര്‍ന്നിടുന്നു പൂജ ചെയ്യുവാനുമെങ്കിലും
അകന്നുപോകുകില്ല ദേവനെന്നതാണു സാന്ത്വനം!
വസിച്ചിടുന്നു നിര്‍ഭയം ഭവാന്റെയോര്‍മ്മയാര്‍ന്നു ഞാന്‍
അശാന്തമായ മാനസം തവാന്തികേ സമര്‍പ്പണം -
നടത്തി ഞാന്‍ ക്ഷണിച്ചിതേ നിശബ്ദമായ നിദ്രയെ –
ന്നടുത്തു വന്നു പുല്‍കുവാനി ധൂളിയാര്‍ന്ന വീഥിയില്‍
അശാന്ത ചിത്തനെങ്കിലോ അനര്‍ഹമായതൊന്നുമേ
വിശുദ്ധിയാര്‍ന്ന പൂജ ചേര്‍പ്പതിന്നു ചെയ്കയില്ല ഞാന്‍
പ്രശാന്ത രാത്രിയിങ്കലാനയിച്ചിടും ദിനത്തെയും
നിശാന്ത ശോഭയോടെ സുപ്രഭാതവും പരന്‍പുമാന്‍