ADVERTISEMENT

ബാധ (കഥ)

നട്ടപ്പാതിരയ്ക്ക് വീടിന് തെക്ക് ഭാഗത്ത് കോഴിക്കൂട്ടിൽ നിന്നും വലിയ കലപില കേട്ടാണ് തോട്ടത്തിൽ കുടുംബത്തിലെ ഇളയ ചെക്കൻ കറിയ എണീറ്റത്. നെഞ്ചത്തൊട്ടിക്കിടന്ന ഭാര്യ ഏലിയെ പറിച്ച് മാറ്റി ടോർച്ചുമെടുത്ത് കറിയ തെക്കേ വാതിൽ തുറന്നു. മഴചാറുന്നുണ്ട്. കോഴിക്കൂടിന് പരിസരത്ത്, പാക്കാൻ മരപ്പട്ടി നരി കുറുക്കൻ എന്നിങ്ങനെയുള്ള യാതൊരു സാധനങ്ങളുമില്ലെന്ന് ടോർച്ച് വെട്ടത്തിൽ അയാൾ ഉറപ്പ് വരുത്തി. പക്ഷെ സമീപത്തെ മാവിന്റെ ചോട്ടിൽ കഷ്ടിച്ച് ഒരാൾ പൊക്കത്തിൽ വെളുത്തതെന്തോ നിൽക്കുന്നത് കറിയയുടെ ടോർച്ച് കണ്ടെത്തി. 

ഓർമയുടെ എടുകളിൽ നിന്ന് കേട്ട് മറന്ന മാടനും മറുതയും അടങ്ങുന്ന ദുരാത്മാക്കളുടെ പേടിപ്പെടുത്തുന്ന കഥകൾ കറിയയുടെ തലച്ചോറിൽ ഒരു മിന്നായം പോലെ ഓടി മറഞ്ഞു. വിശ്വാസപ്രമാണം മനസിൽ രണ്ടാവർത്തി ചൊല്ലി, ഒരു ദീർഘനിശ്വാസം എടുത്ത് വിട്ട് കറിയ ടോർച്ചും തെളിച്ച് പുറത്തേയ്ക്ക് ഇറങ്ങി. 

മഴ വീഴുന്നു, കോഴികളുടെ കലപില... കൊച്ചന്ന കണ്ണടച്ച് നിന്നു. കാണാനൊന്നുമില്ല ഇരുട്ടിൽ. പക്ഷെ നെഞ്ചിൽ കനം വച്ച് കിടക്കുന്ന സങ്കടങ്ങൾക്ക് ഒരതിര് വെക്കണ്ടേ? എവിടേലും ഒഴുക്കി കളയണ്ടേ? നഷ്ടങ്ങൾ കൂട്ടിവെക്കാൻ ഒരിടം വേണം. ‘പ്ടേ...’ കൊച്ചന്നയുടെ ചിന്താഭാരങ്ങൾ അടിച്ച് തെറിപ്പിക്കുമാറ് ഊക്കിൽ ഒരടി പെണ്ണിന്റെ കരണത്ത് പതിച്ചു. ഒരു ഞെട്ടൽ, തിരിഞ്ഞ് നോക്കുമ്പോൾ അതാ നിക്കുന്നു ഇളേപ്പൻ കറിയ. പെണ്ണിന്റെ കണ്ണിൽ തീ പാറി. കോപം അതിര് കടന്ന് തികട്ടി വന്നതിനാൽ എന്ത് പറയണമെന്നറിയാതെ കൊച്ചന്ന ചീറ്റി നിന്നു.

തോട്ടത്തിൽ കുടുംബത്തിന്റെ നടുമുറ്റത്തിന് ചുറ്റും മണ്ണെണ്ണ വിളക്കുകൾ തെളിഞ്ഞു. ഉറക്കച്ചടവോടെ ചട്ടയും മുണ്ടും പിടിച്ചിട്ടും നേരെയാക്കിയും ഓരോരുത്തരും തന്താങ്ങളുടെ മുറികളിൽ നിന്ന് മോന്ത ചുളിച്ച് പുറത്തേയ്ക്ക് വന്നു. കരണത്ത് ചുവന്ന് തിണർത്ത അടിയുടെ പാടുമായി, കറിയയുടെ വലത്തെ കയ്യിൽ നിന്ന് തന്റെ ഇടത്തെ കൈ വിടുവിക്കാൻ കൊച്ചന്ന നിന്ന് ഞെളിപിരി കൊണ്ടു.

‘പെണ്ണിന് ബാധയാന്ന് പറഞ്ഞിട്ട് കേട്ടില്ലല്ലോ... ഇപ്പൊ കണ്ടോ, എങ്ങനിരിക്കുന്നു?’ എല്ലാവർക്കും മുന്നിലേയ്ക്ക് കൊച്ചന്നയെ തള്ളി വിട്ടിട്ട് തർക്കം ജയിച്ച ഭാവത്തിൽ കറിയാച്ചൻ നിന്നു.

‘നീ ഒന്ന് തെളിച്ച് പറ കറിയാച്ചാ, ഇപ്പൊ അതിനുമാത്രം എന്നാ ഒണ്ടായേ...’ തന്റെ നീണ്ട മുടി വലിച്ചൊതുക്കി കെട്ടി അച്ചാമ്മ ചോദിച്ചു. കറിയയുടെ നേരെ മൂത്തവൻ കുഞ്ഞേപ്പിന്റെ ഇളയ സന്താനം അവന്റെ പെണ്ണുമ്പിള്ള സാറയുടെ കയ്യിൽ കിടന്ന് നീണ്ട് നിലവിളിച്ച് തുടങ്ങി.

‘പെണ്ണ് വീണ്ടും രാത്രി എണീറ്റ് നടപ്പ് തുടങ്ങി. ഞാനിപ്പൊ, ആ കോഴിക്കൂടിന് അടുത്തുള്ള മാവിന്റെ ചോട്ടീന്ന് പിടിച്ചോണ്ട് വന്നതാ...’

നനഞ്ഞും ചുമന്നും എല്ലാർക്കും മുന്നിൽ കൊച്ചന്ന നിന്നു, ഒന്നും മിണ്ടാതെ.

‘ലോനപ്പാപ്പൻ എന്നാ ഒന്നും മിണ്ടാത്തെ?’ ഒച്ചയെടുക്കുമ്പോൾ കറിയയുടെ കഴുത്തിൽ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് കാണാമായിരുന്നു. 

തോട്ടത്തിൽ വീട്ടിലെ മൂത്ത കാർന്നോരാണ് ലോനപ്പൻ, കൊച്ചന്നയുടെ അപ്പൻ. കൊച്ചന്നയെ പെറ്റ് കൊടുത്തിട്ട് ഏതാണ്ട് മാസങ്ങൾ മാത്രമാണ് അവളുടെ അമ്മ ജീവനോടെ ഉണ്ടായത്. ലോനപ്പൻ പിന്നെ കെട്ടിയില്ല. ഇളയതായി ജനിച്ചതുങ്ങളെയെല്ലാം പോറ്റാൻ ലോനപ്പൻ അപ്പനൊപ്പം പറമ്പിലിറങ്ങി. മഠത്തിൽ ചേരാൻ പോയിട്ട് നാലാം മാസം തിരിച്ചുവന്ന അച്ചാമ്മയും ലോനപ്പാപ്പനും ആ വീട്ടിലെ രണ്ടാമത്തെ അപ്പനും അമ്മയുമായി. 

ലോനപ്പാപ്പൻ മുന്നോട്ട് നിന്നു. ‘ഇതിനെ ചൊല്ലി ആരും ഇനി ഒച്ചയും വർത്താനവുമൊന്നും വേണ്ട. നാളെ കാലത്ത് ഞാനും അച്ചാമ്മയും കൊച്ചന്നയേം കൂട്ടി കൊരട്ടിപ്പള്ളിക്ക് പോകും. കൊച്ചിനെ മാതാവിന് അടിമയിരുത്തി പ്രാർഥിക്കണം. നാളെ വളവിടാൻ വരുന്നവരുടെ കാര്യം നീ നോക്കിക്കോണം കുഞ്ഞേപ്പേ... അപ്പൊ ആ കാര്യത്തിന് തീരുമാനം ആയില്ലേ... ഇനി എന്നാത്തിനാ എല്ലാരും ഇവിടെ മിഴിച്ച് നിക്കുന്നേ.. പോകരുതോ?’

ലോനപ്പാപ്പൻ പറഞ്ഞ് നിർത്തിയതും വീട്ടിലെ ജനങ്ങൾ അവരുടെ മുറികളിലേക്ക് തിരിഞ്ഞു. അച്ചാമ്മയുടെ അനങ്ങാപ്പാറ കണക്കെയുള്ള നിൽപ്പ് കണ്ടപ്പോ ലോനപ്പാപ്പന് ഒരു അസ്വാസ്ഥ്യം. ‘അച്ചാമ്മയ്ക്കെന്തെങ്കിലും പറയാനുണ്ടോ?’ 

‘നാളത്തേയ്ക്ക് കുറച്ച് ചക്ക വെട്ടിക്കാനുണ്ടാരുന്നു.’

‘അതിനിപ്പൊ പണിക്കാരും വേറെ പെണ്ണുങ്ങളുമില്ലായോ. കൊച്ചിന്റെ കാര്യത്തിന് ഇനീം ഒരു താമസം വേണ്ട. കാലത്ത് ആറേ മുക്കാലിന്റെ ബസിന് ഇവിടുന്ന് തിരിക്കാം.’

അച്ചാമ്മ പിറുപിറുത്ത് മുറിയിലോട്ട് കേറി. തോട്ടത്തിൽ വീട്ടിലെ ഓരോരുത്തരായി പിരിഞ്ഞ് ഒടുക്കം കറിയാച്ചനും ഭാര്യയും കൊച്ചന്നയും ലോനപ്പനും മാത്രം ബാക്കിയായി. കൊച്ചന്നയ്ക്ക് കടുപ്പത്തിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതിയ കറിയ നിരാശനായിരുന്നു. ലോനപ്പാപ്പൻ കറിയാച്ചന് അരികിലേയ്ക്ക് നിന്നു. ‘നീ അകത്തോട്ട് പോയി കെടക്കാൻ നോക്ക് കൊച്ചേ, കാലത്ത് എണീറ്റ് പോകണ്ടതാ...’ കൊച്ചന്നയുടെ മുഖത്തോട്ട് പോലും നോക്കാതെ പാപ്പൻ പറഞ്ഞു. ‘കറിയാച്ചാ, ബാധയാ ഒള്ളതാ..അതെല്ലാം നേരാ.. പക്ഷെ അടുത്തവട്ടം എന്റെ കൊച്ചിന്റെ മോത്ത് നിന്റെ കൈവീണാൽ അറിയാല്ലോ... പിന്നെയീ വീട്ടിൽ എല്ലാർടേം മുന്നിൽ കൊണ്ടുവന്ന് നീതി നടപ്പാക്കലും കാര്യങ്ങളുമൊന്നും ഇവിടെ വേണ്ട. അവളെന്നാ കാണിച്ചിപ്പോ.. രാത്രി കോഴിക്കൂടിനടുത്ത് പോയതാണോ ഇത്ര വല്യ പാതകം.?’

‘അപ്പാപ്പാ അത്..’

‘നീ പോയി കെടക്ക് കറിയാച്ചാ... നാളെ കാലത്ത് നിനക്കും പോണ്ടേ ഹൈറേഞ്ചിലോട്ട്... കുരുമുളകും കാപ്പിയും ഒക്കെ കേറ്റണ്ടേ? ഏലത്തോട്ടം നോക്കാൻ പോണ്ടേ? നീ ചെല്ല്.’

കറിയ ഒന്നും മിണ്ടാതെ മുറിയിലോട്ട് നടന്നു. തലതാഴ്ത്തി പെണ്ണുമ്പിള്ള ഏലി പിന്നാലെ നടന്നു. തോട്ടത്തിൽ വീടിന്റെ നടുമുറ്റം വീണ്ടും ശൂന്യമായി. ചാറ്റൽ മഴയ്ക്കും കാർമേഘങ്ങൾക്കും മേൽ കരുത്ത് പ്രാപിച്ച ഒരു നേർത്ത നിലാവ് അവിടെ അനാഥമായി വീണുകിടന്നു.

പള്ളിമുറിക്ക് പുറത്തെ ചാരുള്ള ബെഞ്ചിൽ കൊച്ചന്ന എളിമയോടെ ഇരുന്നു. വെളുപ്പിനെ കുളികഴിഞ്ഞിറങ്ങിയതിനാൽ തിക്കാർന്ന മുടിയിൽ അങ്ങിങ്ങ് നിന്ന് വെള്ളം വാർന്ന് കൊച്ചന്നയുടെ മുണ്ടിന്റെ ഞൊറിവിലും ചട്ടയുടെ പിന്നിലും നനഞ്ഞ വട്ടങ്ങൾ വീഴ്ത്തി. ഇളം തവിട്ട് നിറമാണ് കൊച്ചന്നയ്ക്ക്. അവളുടെ അമ്മയെ പോലെ വെളുത്ത് മെലിഞ്ഞ് ചെറിയ വിളർച്ചയുള്ള ഓരോ കാറ്റിലും വിറയ്ക്കുന്ന പെണ്ണായില്ല കൊച്ചന്ന. അവൾ അവളുടെ അമ്മയുടെ അമ്മയെ പോലെ വന്നു. വൻ തേനിന്റെ നിറത്തിൽ വിടർന്ന മാൻ കണ്ണും നീണ്ട കൺപീലികളും വലത്തെ താടിക്കീഴിൽ ഒരു കറുത്ത മറുകുമുള്ള പെണ്ണ്. ഉടലഴകും കരുത്തുമുള്ള പെണ്ണ്. അടുക്കളയിലും പറമ്പിലും ഒരുപോലെ മെയ് വഴക്കത്തിൽ പണിയെടുത്തും കലപില മിണ്ടി ചിരിച്ചും ചിരിപ്പിച്ചും തോട്ടത്തിൽ വീട്ടിൽ കൊച്ചന്ന ഒരാഘോഷമായിരുന്നു. പള്ളിമുറിയുടെ മുറ്റത്ത് ഒരതിരിൽ ചെമ്പരത്തിവേലികൾ പൂത്ത് നിന്നു. അതിന് ചോട്ടിൽ പ്രതാപ ശാലിയായി തലയുയർത്തി ഒരു പൂവൻ നെഞ്ചുവിരിച്ച് നടന്നു.  പച്ചക്കുരുമുളകും ഇഞ്ചി വെളുത്തുള്ളിയും അരച്ചുപെരട്ടി കനലിൽ ചുട്ടെടുക്കുന്ന കോഴിക്കാലും കരളും ഓർത്ത് കൊച്ചന്ന നാക്കുനുണഞ്ഞു. പള്ളിമുറിക്കുള്ളിലെ അപ്പച്ചന്റെ പരിഭവങ്ങൾക്ക് അവൾ കാതോർത്തു. 

‘...അമ്മയില്ലാത്തതൊന്നും അറീച്ചിട്ടില്ല ഞങ്ങളതിനെ...’ അച്ചാമ്മയാണ്.

‘എല്ലാത്തിനും കാരണം ആ മത്തായീടെ മോളാണ് അച്ചോ... കാളി..’. ലോനപ്പൻ ഏറ്റുപിടിച്ചു. കാളി.. കൊച്ചന്നയുടെ ചങ്ക് പിടച്ചു. ‘

മത്തായീം മറിയാമ്മയും കീഴാളരാണ് അച്ചോ... മാർകം കൂടീതാ... നല്ല പണിക്കാരാ.. പക്ഷെ അവർടെ മോളൊണ്ടൊരു കാളി. മാമ്മോദീസ വെള്ളം വീഴ്ത്തൂല്ല, അവൾക്ക് അവൾടെ ഏതോ ദുർദേവതയാ വലുതെന്ന് പറഞ്ഞിറങ്ങി പോയി. ഞാൻ പിന്നെ അതിനെ നമ്മടെ പറമ്പില് കേറ്റീട്ടില്ല. അത് പുഴക്കരേലോ മറ്റോ ഒരു ചെറ്റ കെട്ടി പാർക്കാരുന്നു. പക്ഷെ എറക്കി വിട്ടതിന് എന്നോടും കുടുംബക്കാരോടുമെല്ലാം നല്ല കെറുവാരുന്നു. എന്തോ വച്ചാരാധാനയും കുരുതിയും എല്ലാം ഉണ്ടാരുന്നു. നമ്മടെ കൊച്ചിനെ ആരുന്നു ലക്ഷ്യം.’ 

‘കൊച്ചന്നയെ എന്ത് ചെയ്തു?’ അച്ചന്റെ ശബ്ദത്തിൽ ഉദ്വേഗം

അച്ചാമ്മ ബാക്കി കഥയേറ്റെടുത്തു.

‘എങ്ങനെ എപ്പൊ തുടങ്ങി എന്നൊന്നും അറിയത്തില്ല അച്ചോ. കൊച്ചിനെതിരെ എന്തോ കർമ്മം ചെയ്യുന്നുണ്ടായിരുന്നു ആ പെണ്ണ്. ഞങ്ങടെ കൊച്ചിന്റെ ആ ചൊടിയും ചൊണയും ഒക്കെ പോയി. എപ്പോ കണ്ടാലും പാതി മയക്കത്തിലായി കൊച്ച്. അതിന്റെ ചട്ട തിരുമ്മാനെടുത്തപ്പൊ മഞ്ഞളും ചോരയുമെല്ലാം കറപിടിച്ചു കിടക്കുന്നു. അടുക്കളേന്ന് പറ്റീതാന്നാ ആദ്യം കരുതിയത്. ഞങ്ങടെ നേരെ എളേത് കുഞ്ഞേപ്പിന്റെ പെണ്ണിന് വയറ്റിലായ സമയമായിരുന്നു. ഒരു വെളുപ്പാൻ കാലത്ത് അത് എണീറ്റിരുന്ന് ഓക്കാനിച്ചപ്പൊ തിരുമ്മിക്കൊടുക്കാനും കഴുകിക്കാനും ഞാനും പോയി ഇരുന്നു അടുക്കള വാതിക്കല്. അന്ന് ഞാൻ കണ്ടതാ, ഞങ്ങടെ കൊച്ചിനേ... മുടി പടർത്തി തലയില് ചെമ്പരത്തീടെ പൂവും മൊട്ടും തിരുകി, ചോരയും മഞ്ഞളും കറപിടിച്ച ചട്ടയുമായിട്ട് വീട്ടിൽ വന്ന് കേറി. രാത്രി, രാത്രി പുഴക്കരേല് പോയിരുന്നു പെണ്ണ്. ആ കാളി പെണ്ണ് എന്തോ മന്ത്രം ചെയ്ത് വരുത്തുന്നതാ... പെണ്ണിനെ പിന്നെ ചോദ്യം ചെയ്തും തല്ലുകൊടുത്തും നമ്മള് വീട്ടിൽ പൂട്ടിയിട്ടു. ആ കാളിപ്പെണ്ണിന് എന്തോ മന്ത്രം ചെയ്യാൻ നമ്മടെ കൊച്ചിനെ വേണാരുന്നു.  പൂട്ടിയിട്ട കൊച്ചിനെ തേടി അത് വീട്ടില് വന്നു ഒരിക്കെ. ഏറ്റവും എളയവൻ കറിയ അന്ന് ആ പെണ്ണിനെ ഓടിക്കാൻ നോക്കി. അവനെ എന്തോ മന്ത്രം പറഞ്ഞ് അന്നവള് വെരട്ടി. പക്ഷെ തോട്ടത്തിലെ ചെറുക്കനല്ലയോ.. വെറുതെ ഇരിക്കുവോ... രണ്ട് ദിവസം കഴിഞ്ഞ് കൊച്ചന്ന രാത്രിയിൽ തന്നെ എഴുന്നേറ്റ് പോകാൻ തുടങ്ങീലെ. മന്ത്രത്തിന്റെ ശക്തിയാ..അതോടെ കറിയാച്ചൻ കുറച്ച് പണിക്കാരേം വിളിച്ച് രാത്രിക്ക് രാത്രി അങ്ങ് പോയി അവളുടെ കുടീല്..എന്തോ തീയും കർമവും ഒക്കെ നടക്കുവാരുന്നു. കൊച്ചിനെ എറക്കിയേച്ച് കറിയ അവിടെ തീയിട്ടു. അവള് പൊള്ളി ചത്ത് പോയെന്നും, പാതി വെന്ത് പൊന്തൻപുഴ കാട് കേറീന്നും പറേണു. അതെന്തായാലും തീർന്നൂന്നാ കരുതിയേ.. ഇപ്പൊ നമ്മടെ കൊച്ച് പിന്നേം രാത്രീല് എറങ്ങി നടക്കാൻ തൊടങ്ങി. എന്തോ ബാധയാ, ആ കാളിപ്പെണ്ണ് ചെയ്ത് വച്ചതാ.. അച്ചൻ പ്രാർഥിക്കണം. ‘

അച്ചാമ്മ പിന്നെയും തുടർന്നു കൊണ്ടിരുന്നു.

കൊച്ചന്നയുടെ കണ്ണുകൾ നിറഞ്ഞുതൂകി.

അടിമയിരുത്തും പ്രാർഥനയും കഴിഞ്ഞു. കൊരട്ടിപ്പള്ളിയിൽ നിന്ന് വെഞ്ചരിച്ചുകിട്ടിയ പുതിയ കൊന്തയും വെന്തിങ്ങയും കഴുത്തിൽ തൂക്കി കൊച്ചന്ന ബസിലിരുന്നു. അപ്പനും അമ്മായിയും ഉറക്കം പിടിച്ചിരുന്നു. കൊച്ചന്നയിൽ ഓർമകൾ പൊള്ളി നീറീക്കൊണ്ടിരുന്നു. കഴിഞ്ഞ വേനക്കാണ് നഞ്ചുകലക്കി മീൻ പിടിക്കുന്നത് കാണിക്കാമെന്ന് പറഞ്ഞ് ഇളേപ്പൻ കറിയാച്ചൻ ഒരു രാത്രി പുഴക്കരയിലേക്ക് വിളിച്ചത്. ചെന്നപ്പൊ നഞ്ചുമില്ല കൊഞ്ചുമില്ല. വയസറിയിച്ചിട്ട് അന്ന് മാസങ്ങളായതേയുള്ളു. വലിയ ധാരണകളൊന്നുമില്ലെങ്കിലും ഇളേപ്പന്റെ കൈ വന്ന് വയറ്റിലും നെഞ്ചത്തുമെല്ലാം വീണപ്പൊ കൊച്ചന്ന അലറി. ഇളേപ്പൻ വാ പൊത്തിയത് വരെ ഓർമയുണ്ട്. പിന്നെ കണ്ണ് തുറക്കുമ്പൊ കൊച്ചന്ന കാളിയുടെ കുടിലിലുണ്ട്. പുറത്ത് ഏതോ നാടൻ പാട്ട് പാടി കാളി പുഴക്കരേൽ അടുപ്പ് കൂട്ടി എന്തോ വയ്ക്കുന്നു. പതിയെ എണീറ്റ് വന്ന് എന്തെന്നറിയാതെ കണ്ണ് മിഴിച്ച് നിന്നു കൊച്ചന്ന. അരപ്പ് പെരട്ടി കനലിൽ ചുട്ടെടുത്ത പുഴ മീനൊരെണ്ണം വാഴയിലത്തുണ്ടിലിട്ട് കഴിക്കാൻ നീട്ടിക്കൊടുത്തു കാളി. കിഴങ്ങു ചുട്ടതും കാന്താരി ഇടിച്ചതും ചുട്ട പുഴമീനും വയറ് നിറയുവോളം ഒന്നും മിണ്ടാതെ കഴിച്ചു. പിന്നെയാണ് കാളിയും കൊച്ചന്നയും മിണ്ടിത്തുടങ്ങീത്. കൊച്ചന്നയെ കേറിപ്പിടിച്ച ഇളേപ്പൻ കറിയയുടെ തലമണ്ടയ്ക്ക് വാക്കത്തിയുടെ പിടി കൊണ്ട് ഒരു പോട് കൊടുത്തത് കാളിയാണ്. അത് കേട്ടപ്പൊ പെട്ടെന്ന് കൊച്ചന്നയ്ക്ക് ചിരിപൊട്ടി. കൊച്ചന്നയുടെ ചിരി കണ്ട് കാളിക്കും ചിരിപൊട്ടി. നിലാവിന് താഴെ ഒഴുകുന്ന പുഴയ്ക്കരികെ കനല് കൂട്ടി, വാക്കത്തിപ്പിടി കൊണ്ട് തലയ്ക്കിടി കിട്ടി വീണ കറിയ പാപ്പനെ സ്മരിച്ച് രണ്ടുപെണ്ണുങ്ങളും ആവോളം ചിരിച്ചു. ചെറിയ മൺകലത്തിൽ നിറഞ്ഞിരുന്ന മധുരക്കള്ള് ഒരൽപം കാളി കൊച്ചന്നയ്ക്ക് നീട്ടി.

കാളിയെ കണ്ടുമുട്ടിയ നാലാമത്തെ രാത്രിയൽ കൊച്ചന്ന വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ലക്ഷണമൊത്ത പൂവനൊന്നിനെ കാലിന് കെട്ടിട്ട് പിടിച്ചു. വൈകീട്ട് തോട്ടി കെട്ടി വീഴ്ത്തിയിട്ട് പാത്തുവെച്ച മാങ്ങകൾ ഇലക്കുമ്പിളിൽ നിറച്ചു. മുണ്ടിന്റെ കുത്തിൽ ഉലുവായും ചിക്കറിയും ഇട്ട് പൊടിപ്പിച്ച കാപ്പിപ്പൊടിയും പഞ്ചാരയും ദിനപ്പത്രത്തിന്റെ ചിന്തിയ താളിൽ പൊതിഞ്ഞെടുത്ത് തിരുകി. കൊച്ചന്ന ഉല്ലാസവതിയായി നടന്നു. പച്ചക്കുരുമുളകും ഇഞ്ചിവെളുത്തുള്ളിയും പെരട്ടി കോഴി കനലിൽ ചുട്ടെടുത്തു കാളി. കപ്പക്കെഴങ്ങ് പുഴുങ്ങി കാലാക്കി കൊച്ചന്ന. പച്ചമാങ്ങകളിൽ പകുതി പൊള്ളിച്ചിടിച്ച് കാന്താരിച്ചമ്മന്തിക്കൊപ്പം ചേർത്തു. ബാക്കി മാങ്ങകൾ കീറി ഉപ്പും മുളകും വിതറി. പാചക വേളകളിൽ കാളി കാളിയുടെ കഥയും കദനവും പറഞ്ഞു. അതുവരെ കാത്ത ദൈവങ്ങളെ അപ്പനും അമ്മയും മറന്ന കഥ. ലോനപ്പാപ്പന്റെ പറമ്പിൽ പണിത് കിട്ടുന്നതിലും തരാൻ കാടിന് കെൽപുണ്ടെന്ന കഥ. വീട് വിടേണ്ടി വന്ന കദനം. കേറി പിടിക്കാൻ വന്നവന്മാരുടെ കഥകൾ. അതിശയത്തിൽ കേട്ടിരുന്നു കൊച്ചന്ന. അമ്മയില്ലാത്ത ദുഖം കഴിഞ്ഞാൽ പിന്നെ തോട്ടത്തിൽ വീട്ടിലെ ആൺപെണ്ണുങ്ങളെ കുറിച്ച് അവരുടെ അബദ്ധങ്ങളെ കുറിച്ച് ജീവിതത്തെ കുറിച്ച് ...ഹേയ് രസം പോരാ.. കാളിയുടെ കാട് കഥകൾക്കാണ് രസം. കേറിപ്പിടിക്കാൻ വന്ന ചെക്കന്മാരെ കാളി നേരിട്ട കഥകൾക്കാണ് രസം. കൊച്ചന്ന കണ്ണ് വിടർത്തി, കാത് കൂർപ്പിച്ച് കാളിയുടെ കഥകൾ കേൾക്കും. കനലിൽ ഓരോന്ന് ചുട്ടെടുക്കുമ്പോൾ പുഴക്കര മുഴുവൻ കഥകൾ കലർന്ന് കനലിൽ മൂപ്പെത്തിയ അരപ്പ് മണക്കും. കഴിപ്പ് കഴിഞ്ഞ് കള്ള് മോന്തി കാളി നാടൻ പാട്ടുകൾ മൂളുമ്പോൾ പുഴക്കരയിലെ മിനുസമുള്ള ഉരുളൻ കല്ലുകളിൽ കാറ്റ് താളം പിടിക്കും.  

വെളുത്ത മുണ്ടും ബ്ലൗസുമാണ് കാളിയുടെ വേഷം. നല്ല കറുത്തിട്ടാണ് കാളി. നന്നായി മെലിഞ്ഞിട്ടും. എണ്ണക്കറുപ്പുള്ള ചുരുണ്ട മുടി പിന്നോട്ട് വീണ് കിടക്കും. മുറുക്കി മുറുക്കി ചുണ്ടിലും പല്ലിലുമെല്ലാം ഒരു ചുവപ്പുരാശി കറപിടിച്ച് കിടക്കും. നീണ്ട് വിശാലമായ നെറ്റിയാണ്, അവിടെ കറുത്തൊരു പൊട്ടുണ്ട്. മൂക്ക് നീണ്ടിട്ടാണ് താടി നീണ്ടിട്ടാണ്. തൊണ്ടയിൽ നിന്ന് ശബ്ദമെടുത്ത് കാളി പാടുമ്പോൾ കൊച്ചന്ന നോക്കി ഇരിക്കും. പേരറിയാത്തൊരു വികാരത്തിൽ കൊച്ചന്ന തുടിക്കും. കള്ള് അകത്തുണ്ടെങ്കിൽ കൊച്ചന്ന മാർഗംകളിയുടെ ചുവടുകൾ വെക്കും. അങ്ങനെ കാളിയെ നോക്കി ഇരുന്ന ഒരു ദിവസമാണ് കാളിയുടെ മൂക്ക് കുത്തി വേപ്പിൻ തണ്ടുകൊണ്ട് അടച്ചിരിക്കുന്നത് കൊച്ചന്ന ശ്രദ്ധിച്ചത്. തട്ടാന്റെ അടുത്ത് ചെറുതേനിന്റെ കുപ്പികളും ഉണക്കിയ കുടംപുളിയും നാല് പിടി കുരുമുളകും കൊടുത്ത് രഹസ്യത്തിൽ കൊച്ചന്ന ഒരു വെള്ളി മൂക്കുത്തി പണിയിച്ചു. മൂക്കുത്തി കണ്ട ദിവസം കാളിയുടെ കണ്ണിൽ വെള്ളി നിലാവ് തെളിഞ്ഞു. എത്രവട്ടം പുഴവെള്ളത്തിൽ കാളി മുഖം നോക്കി ചിരിച്ചെന്ന് കൊച്ചന്നയ്ക്ക് ഓർമയില്ല. മുണ്ടിത്തിരി കേറ്റി കുത്തി കനലിന് ചുറ്റും കയ്യടിച്ച് വെള്ളി മുക്കുത്തി കിട്ടിയ കാളിപ്പെണ്ണിനെ കുറിച്ച് അവളറിഞ്ഞ നാടൻ പാട്ടിന്റെ ഈണത്തിൽ കാളി വരികളുണ്ടാക്കി പാടി. കൊച്ചന്നയും കാളിക്കൊപ്പം കനലിന് ചുറ്റും കയ്യടിച്ച് പാടി.

ദിനം ദിനം തോട്ടത്തിൽ തറവാട്ടിൽ നിന്ന് കോഴികളെ കാണാതായി. പറമ്പിൽ നിന്ന് മാങ്ങയും തേങ്ങയും ചാമ്പങ്ങയും ഇലുമ്പിക്കയും ശീമപ്പുളിയും നെല്ലിക്കയും പുഴക്കരയിൽ നിലാവ് കാണാനും കാളിയുടെ പാട്ട് കേൾക്കാനും കൊച്ചന്നയ്ക്കൊപ്പം ഇറങ്ങി വന്നു. അങ്ങനെ ഒരു രാത്രിയിലെ കഥ പറച്ചിലുകളിൽ കൊച്ചന്നയുടെ തോളിൽ തല ചായ്ച്ച് കിടന്നു പാട്ട് മൂളി കാളിയിരുന്നു. പെട്ടെന്ന് കാളിയുടെ മുഖം പിടിച്ചുയർത്തി നോക്കി കൊച്ചന്ന. നിലാവ് വീണ് അവളുടെ വെള്ളി മുക്കുത്തി തിളങ്ങി. കാളിയുടെ കവിളിൽ കൊച്ചന്ന ചുംബിച്ചു. കാളി വിറച്ചു. അവളിൽ അസാധാരണ വേഗത്തിൽ രക്തയോട്ടമുണ്ടായി. കൊച്ചന്ന പയ്യെ ഉരുളൻ കല്ലുകൾക്ക് മേൽ മുട്ടമർത്തി നിന്നു. കാളിയുടെ മുഖം തന്റെ ഇരുകൈകളിലും കോരിയെടുത്ത് കൊച്ചന്ന വീണ്ടും ചുംബിച്ചു.

‘ നീ എന്ത് സുന്ദരിയാന്ന് അറിയുമോ കാളീ, നിന്റെ പാട്ട് എന്ത് രസാന്ന് അറിയുമോ..’ കൊച്ചന്നയുടെ കള്ള് മണക്കുന്ന ഉമ്മകൾ കാടുകയറി. കാളിയുടെ ചുണ്ടിൽ പാക്കും ചുണ്ണാമ്പും വെറ്റിലയും നേരിയ പുകച്ചിലോടെ ലയിച്ച് കിടന്നു. നേരം വെളുത്തു.

ചെയ്യുന്നതിൽ എന്തോ പാപമുണ്ടെന്ന് ഇരുവർക്കും തോന്നി. പക്ഷെ കാളിക്ക് കൊച്ചന്നയെ ഇഷ്ടമായിരുന്നു. തിരിച്ചും. തോട്ടത്തിൽ തറവാട്ടുകാർ നിനച്ചുവച്ചതുപോലെ പുഴക്കരയിലെ രാവുകൾ ബാധയുടേതായിരുന്നില്ല. അത് പ്രണയത്തിന്റെ, കഥകളുടെ, നാടൻ പാട്ടുകളുടെ, രുചികളുടെ രാത്രികളായിരുന്നു. കാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം ചുവപ്പായിരുന്നു. അന്ന് ചുവന്ന ചെമ്പരത്തി ചൂടിച്ചാണ് കൊച്ചന്നയെ കാളി തിരികെ വിട്ടത്. അമ്മായി കണ്ടെങ്കിലും കൊച്ചന്ന കൂട്ടാക്കിയില്ല. കാളിയുണ്ടെങ്കിൽ ഇനി ഈ ലോകത്ത് തന്നെ ഒന്നും ബാധിക്കില്ല എന്ന മട്ടായിരുന്നു കൊച്ചന്നയ്ക്ക്. കേറിപ്പിടിക്കാൻ വരുന്ന കറിയപ്പാപ്പൻമാരെ വാക്കത്തിപ്പിടി കൊണ്ടു നേരിടും. കഴിക്കാൻ അന്നം കാടും പുഴയും തരും. കാളി, കാളി മാത്രമാണ് വേണ്ടത്. കൊച്ചന്നയ്ക്കന്ന് പതിനഞ്ച് വയസാണ്. ബാധയെന്നൊരു സങ്കൽപം പോലും അവളിൽ വേരോടിയില്ല. അത്രയേറേ രാത്രിയുമായി കൊച്ചന്ന കൂട്ടായിക്കഴിഞ്ഞിരുന്നു. 

പക്ഷെ തോട്ടത്തിൽ കുടുംബത്തിന് അത് ബാധയായിരുന്നു. ഉറക്കച്ചടവോടെ ഇരിക്കുന്ന കൊച്ചന്ന, രാത്രികൾ തോറും ഒറ്റയ്ക്ക് നടക്കാൻ പോകുന്ന ബാധ കേറിയ കൊച്ചന്ന. ഒക്കേത്തിനും കാരണം കാളിയുടെ കൂടോത്രമാണ്. വീട്ടിൽ പൂട്ടിയിട്ട കൊച്ചന്നയെ കാണാൻ കാളിയെത്തിയ അന്ന് തടുക്കാൻ ചെന്നതാണ് ഇളേപ്പൻ കറിയ. തലയിൽ എന്തോ വന്നിടിച്ചതും ബോധം പോയതും മാത്രെ അയാൾക്കറിയു... പക്ഷെ കാളി അയാളെ ഓർമിപ്പിച്ചു. കറിയപ്പാപ്പൻ നിന്ന് വിയർത്തു. ആകെ പകച്ചു. കാളിയാരോടും ഈ കഥ പറയരുതെന്നത് കറിയാച്ചന്റെ നിലനിൽപിന്റെ പ്രശ്നമായിരുന്നു. അടുത്ത ദിവസം കാളിയെ കാണാൻ കൊച്ചന്ന ഇറങ്ങിയപ്പൊ ഇരുട്ടിന്റെ മറവിൽ നാല് പണിക്കാരേ കൂട്ടി കറിയാച്ചനും ഇറങ്ങി. ബാധയൊഴിക്കാൻ കൂടോത്രക്കാരിയെ തീയിട്ട് കൊന്ന തോട്ടത്തിൽ വീട്ടിലെ ധീരനായി കറിയാച്ചൻ മാറി. തനിക്ക് മുന്നിലാളുന്ന തീ കണ്ട് ഞെട്ടി നിലവിളിയായി കൊച്ചന്ന. കറിയയുടെ കൈവിടുവിച്ച് പുഴക്കരയിലോട്ടും തിരിച്ചും വെള്ളത്തിനായി ഓടി. തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് കണ്ട കൊച്ചന്ന ഒടുക്കം തലയിലടിച്ച് പ്രാകി. തോട്ടത്തിലെ പെങ്കൊച്ചിന് എന്തോ കടുത്ത ബാധയായിരുന്നെന്ന് കണ്ട് നിന്നവരെല്ലാം വിലയിരുത്തി. 

 ആ നിമിഷത്തിൽ നിലാവ് കൊണ്ട് കൊച്ചന്നയ്ക്ക് പൊള്ളലേറ്റു. രുചിച്ച രുചികളെല്ലാം കയ്പായി പരിണമിച്ചു. അന്ന് മുതലാണ് വാസ്തവത്തിൽ കൊച്ചന്ന ബാധയേറ്റവളായത്.

കൊച്ചന്നയ്ക്ക് രാത്രിയുറക്കം നഷ്ടപ്പെട്ടിരുന്നു. അവളുടെ സ്വപ്നങ്ങളിൽ കാളി വന്ന് നാടൻ പാട്ടുകൾ പാടി. അവൾക്കൊപ്പമിരുന്ന് കാട്ടുതേനും ചുട്ട ഇറച്ചിയും കിഴങ്ങും തിന്നു. തീയിൽ പെട്ട് പൊള്ളി നിലവിളിക്കുന്ന കാളിയിലാണ് എല്ലാ സ്വപ്നങ്ങളും അവസാനിക്കുക. കൊച്ചന്ന രാത്രിയിലിറങ്ങി നടക്കലായി ഒരല്പം ആത്മശാന്തിക്കായി. കാളിയെ കൊന്നത് താനാണെന്നൊരു കുറ്റബോധത്തിൽ കൊച്ചന്ന നീറി.

‘ആരും ഇനി പേടിക്കണ്ട, കൊരട്ടിമുത്തിക്ക്  കൊച്ചന്നയെ അടിമ ഇരുത്തി. കയ്യിൽ നൂലും കെട്ടിച്ചിട്ടുണ്ട്. ഇനി പ്രശ്നമുണ്ടാകത്തില്ലെന്ന് അച്ചൻ വാക്ക് തന്നിട്ടുണ്ട്. ഇനി പ്രശ്നമുണ്ടായാൽ അച്ചൻ നേരിട്ട് ഇങ്ങ് വന്ന് പ്രാർഥിക്കും. എന്റെ കുഞ്ഞിനെ മാതാവ് കാക്കട്ടെ..’ വൈകിട്ട് കുരിശുവര കഴിഞ്ഞ് ലോനപ്പാപ്പൻ എല്ലാരോടുമായി പറഞ്ഞുനിർത്തി. പുഴക്കരയിൽ നിന്ന് പാതി വെന്തൊരു നിലാവ് പൊന്തൻപുഴ കാട് കേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com