ADVERTISEMENT

മലയാളിയുടെ ദേശാന്തര യാത്രകൾക്ക് വലിയ ചരിത്രമുണ്ട്. അപരിചിതവും അജ്ഞാതവുമായ ഒരു ലോകത്തേക്കാണ് പോകേണ്ടതെന്ന സാഹസത്തെ മനസാസ്വീകരിച്ചു കൊണ്ടുള്ള ഇത്തരം ദേശാന്തര യാത്രകളെ രണ്ടു ഘട്ടങ്ങളാക്കി തിരിക്കാം. മലയാളിയുടെ പ്രവാസത്തെക്കുറിച്ച് ഒട്ടേറെ എഴുത്തുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ആദ്യകാല പ്രവാസത്തിൽ അവരുടെ സർഗാത്മകത ജീവിതം തന്നെ നേരിട്ടുള്ള അവതരിപ്പിക്കലായിരുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ജീവിക്കൽ തന്നെയായിരുന്നു.

അതെവിടെയും ലിഖിതരൂപത്തിൽ രേഖപ്പെടുത്തലുകൾ ഉണ്ടായതുമില്ല. പച്ചയായ ജീവിതത്തിന്‍റെ നേർച്ച ചിത്രങ്ങൾ അപ്പപ്പോൾ ഒരു സാഹസ ജീവിതമെന്നോണം അവനവനിൽ തന്നെ പ്രകാശിപ്പിച്ചുകൊണ്ട് അവർ സ്വയം ജീവിതം എഴുതി തീർത്തു. എന്നാൽ രണ്ടാംഘട്ടത്തിൽ എത്തിയപ്പോൾ മലയാളിയുടെ ജീവിത സാഹചര്യങ്ങളിൽ  മാറ്റങ്ങൾ ഉണ്ടായി. ലോകമാസകലം ഉണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം സ്വാഭാവികമായും ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലയാളികളിലും കൃത്യമായി പ്രതിഫലിച്ചു.

അതുകൊണ്ടുതന്നെ ഒന്നാം തലമുറ പ്രവാസത്തിൽ നിന്ന് രണ്ടാം തലമുറയിലേക്ക് കടക്കുമ്പോൾ മലയാളിയുടെ കുടിയേറ്റ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു, പ്രത്യേകിച്ച് സാഹിത്യ-സംസ്കാരിക മേഖലയിൽ. ആദ്യകാലത്തെ കുടിയേറ്റക്കാർ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായി നിരവധി വെല്ലുവിളികൾ നേരിട്ടപ്പോൾ, രണ്ടാം തലമുറ ഭൗതിക-സാമൂഹികമായ വളർച്ചയെ തുടർന്ന് ഇവയെ അനായാസം മറികടക്കാൻ കഴിഞ്ഞു. ഇവരുടെ ജീവിതം സാമ്പത്തിക പുരോഗതി മാത്രമല്ല, സംസ്കാരിക ഇടപെടലുകളും ഈ മാറിയ ജീവിതത്തിൽ മുഖ്യമായ പങ്കുവഹിച്ചു. സാമ്പത്തിക പുരോഗതിയിൽ വന്ന മാറ്റം  സംസ്കാരിക രംഗത്തും പ്രതിഫലിച്ചു.

മലയാളിയുടെ ദേശാന്തര യാത്രകളിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള കഠിനമായ ശ്രമങ്ങളുടെ വലിയ ഒരു ചരിത്രമുണ്ട്. പ്രത്യേകിച്ച് ഗൾഫ് കുടിയേറ്റത്തിനു പറയാനുണ്ട്. തുടക്കത്തിൽ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലേക്കും കുടിയേറിയ മലയാളികളുടെ ശ്രദ്ധ മുഖ്യമായും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അവർ അനുഭവിച്ച ജീവിതം പരിമിതവും സംഘർഷപൂർണ്ണവുമായിരുന്നു. അവരുടെ ജീവിതം കഠിനാധ്വാനത്തിന്‍റെയും വിയോഗത്തിന്‍റെയും ചുറ്റിലും കെട്ടിപ്പടുത്തിരുന്നു, ഇതിന്‍റെ പശ്ചാത്തലത്തിൽ സംസ്കാരിക പ്രവർത്തനങ്ങൾക്കോ സൃഷ്ടിപരമായ ഇടപെടലുകൾക്കോ അവസരം കുറവായിരുന്നു.

എന്നാൽ, കാലക്രമേണ സാമ്പത്തിക പുരോഗതിയോടെ ഈ സമൂഹം അവരുടെ സംസ്കാരിക പാരമ്പര്യത്തോട് കൂടുതൽ ഇടപഴകാനും അവയെ സൃഷ്ടിപരമായി പ്രകടിപ്പിക്കാനും തുടങ്ങി. ഈ സാഹചര്യത്തിൽ നിന്ന് വേണം ദേശാന്തര മലയാള കഥകൾ എന്ന വലിയ സാഹസത്തെ വിലയിരുത്താൻ. എം ഒ രഘുനാഥ് എഡിറ്റ് ചെയ്തു ഇറക്കിയ ദശാന്തര മലയാള കഥകൾ എന്ന കഥകളുടെ സമാഹാരം ഈ ഒരു ചരിത്ര പ്രാധാന്യത്തെ കൂടി രേഖപ്പെടുത്തുന്നതാണ്. ലോകം പുരോഗമിച്ചപ്പോൾ, കൂടുതൽ ജനാധിപത്യവൽക്കരിച്ചപ്പോൾ, സാങ്കേതിക അറിവിൻറെ അതിരുകൾ മായ്ക്കപ്പെട്ടപ്പോൾ സ്വാഭാവികമായും രാജ്യങ്ങളുടെ അതിരുകളിൽ നിന്നും പരസ്പരം ജീവിതത്തിന്‍റെ നേർപറച്ചിലുകൾ കൈമാറാനും സർഗാത്മക ലോകത്ത് അത് കൂടുതൽ പ്രതിഫലിക്കാനും തുടങ്ങി.

ആറു വൻകരകളിൽ നിന്നായി 18 രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുടെ കഥകളുടെ അത്ഭുതകരമായ ഒരു സമാഹരണമാണ് ഈ പുസ്തകം. ഭൂപടങ്ങളിൽ ഒതുങ്ങാത്ത ഒരു കഥാ ഭൂഖണ്ഡത്തെയാണ് ഈ പുസ്തകം പ്രതിനിധീകരിക്കുന്നത്. രണ്ടാം തലമുറ, വിദേശരാജ്യങ്ങളിൽ ജനിച്ചോ വളർന്നോ വന്നത് കൊണ്ടും, ഒന്നാം തലമുറയുടെ ജീവത്യാഗത്തിന്‍റെ ഗുണഫലങ്ങൾ മലയാളികളിൽ എത്തിപ്പെട്ടു എന്നതിന്‍റെ തെളിവാണ് രണ്ടാം തലമുറക്ക് കൂടുതൽ സമാധാനമുള്ള ഒരു സാമ്പത്തിക സാഹചര്യത്തിൽ വളർന്നത്.

ഈ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളുമുണ്ടായി, ഇത് അവരുടെ ജഡിതായ വേരുകളെ കുറിച്ച് കൂടുതലറിയാനും അതിനെ പ്രാപിക്കുന്ന സൃഷ്ടിപരമായ പ്രവർത്തനങ്ങളിലേക്ക് കടക്കാനും പ്രചോദനം നൽകി. ഈ വ്യത്യസ്തത ചരിത്രത്തിന്‍റെയും ഭൗതികശാസ്ത്രത്തിന്‍റെയും വികാസമാണ്. ഈ കോണിൽ നിന്നു വേണം ഈ പുസ്തകത്തെ വായിച്ചെടുക്കാൻ. ഒപ്പം മലയാളി സഞ്ചരിച്ച വൻകരകളുടെ സർഗ്ഗജീവിതത്തിന്‍റെ ഒരു പരിച്ഛേദമായും ഈ കഥകളെ നമുക്ക് വായിക്കാം.

ഈ പുസ്തകത്തിൽ കഥകൾ എഴുതിയവരിൽ ചിലർ ഇതിനകം മലയാള ചെറുകഥ ലോകത്ത് അവരുടേതായ ഒരു കഥാപ്ര പ്രപഞ്ചത്തെ തീർത്തവരാണ്. നമ്മുടെ തൊട്ടടുത്ത അയൽ രാജ്യമാണെങ്കിൽ കൂടി അധികം മലയാളികൾ ചേക്കേറാതെ പോയ ഒരു രാജ്യമാണ് ചൈന. ചൈനയിൽ നിന്നും മലയാള കഥാ ലോകത്ത് ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച എഴുത്തുകാരിയാണ് ഫർസാന. അവരുടെ 'ഒരു ചൈനീസ് തെരുവ്' എന്ന കഥ. സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിക്കുന്ന സ്വർണച്ചായം പൂശിയ നീളം തലമുടിയുള്ള ചങ്ഷിയുടെ ജീവിത യാത്ര ഫർാന ഈ കഥയിൽ മനോഹരമായവതരിപ്പിക്കുന്നു.

ചാങ് ഷി യോട് മനശാസ്ത്രജ്ഞനായ ഡോക്ടർ ജിയോ ലിങ് നടത്തുന്ന പ്രണയാഭ്യർത്ഥന കഥയിലെ മനോഹരമായ രംഗമാണ്. ദൂരംകൊണ്ടും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടും മലയാളിക്ക് അത്ര പരിചിതമല്ലാത്ത എന്നാൽ വായനയിലൂടെ വായിച്ചറിഞ്ഞതും, കാൽപ്പന്ത് കളിയിലൂടെ ഏറെ പരിചിതമായ ഒരു ലാറ്റിൻ അമേരിക്കൻ ലോകമാണ് ബ്രസീൽ. ഏറെക്കാലമായി അവിടെ ജീവിക്കുന്ന കോട്ടയം രാമപുരത്തുകാരൻ ഷാജി തോമസിന്‍റെ ചില ഹൃദയഭാഷണങ്ങളാണ് 'ആമസോണിയ കൈപ്പിനീറിയ' എന്ന കഥ. ലോകത്തിൻറ ഹരിത ഹൃദയമായ ആമസോണിലെ ചാരായവും ചെറുനാരങ്ങയും പഞ്ചസാരയും ചേർത്തു നിർമിക്കുന്ന ഒരു പ്രത്യേകതരം പരമ്പരാഗത പാനീയമാണ് കൈപ്പിനീറിയ. പാനീയം പോലെ തന്നെ വ്യത്യസ്തമാണ് ഈ കഥയും.

ഷീല ടോമി എന്ന എഴുത്തുകാരിയുടെ സാഹിത്യ ഉയർച്ചയെപ്പറ്റി കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല, മെൽക്കിയാഡിസിൻ്റെ പ്രളയ പുസ്തകം എന്ന ആദ്യ കഥാസമാഹാരത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയാണ് ഷീല ടോമി. അവരുടെ 'കിളിനോച്ചിയിലെ ശലഭങ്ങൾ' എന്നൊരു മികച്ച കഥ ഈ സമാഹാരത്തിൽ ഉണ്ട്. മനസില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത വിപ്ലവഓര്‍മകളാല്‍ നിറയ്ക്കപെട്ട അണക്കെട്ടുകള്‍ ആണ് നാം, ജലം വറ്റി മണല്‍ കൂനകള്‍  പൊന്തിയ വിപ്ലവ സ്വപ്‌നങ്ങള്‍. നിറവേറ്റപ്പെടാതെ പോയ  ഈ ഓര്‍മകളെ യാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന കഥയിൽ രാഷ്ട്രീയമാണ് പറയുന്നത്, അതിനിടയില്‍ ഉറ്റു നോക്കുന്ന ജീവിതത്തിന്‍റെ തുടിപ്പ് തങ്ങി നിക്കുന്നത് കാണാം.

കാവേരി ലഷ്മി ഇത്തരം രാഷ്ട്രീയ ജിവിതത്തിന്‍റെ പ്രതീകമാണ്‌. എല്ലാം വറ്റിയ അഭയാര്‍ഥി ജീവിതത്തിലൂടെ ഇറ്റിറ്റായി വീഴുന്ന ജലാംശമാണ് ഈ കഥ. "അനുരാധപുരത്തെകുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത് പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധ സ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ് നിറയെ. കാവേരി ലക്ഷ്മി." ജീവിതങ്ങള്‍ അനവധി വീണുടഞ്ഞു തകര്‍ന്ന ഒരിടത്തിന്‍റെ  അന്വേഷണം വരലക്ഷിയിലൂടെ ഇന്ദു നടത്തുമ്പോള്‍ രാഷ്ട്രീയം നിറയാതെ തരമില്ലാതവിധം കൂടികുഴയുന്നു.

"ഒരു നിമിഷം... ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റായി ലക്ഷ്മി.. കൊടുങ്കാറ്റായ് ലക്ഷ്മി...!
'പുലികളാണ് പോലും! സോഷ്യലിസ്റ്റുകളാ അവര്. അടിമൈയാക്കപ്പെട്ടതാലതാന. അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?".

ഈ ചോദ്യം അന്നും ഇന്നും പ്രസക്തമാണ്. കഥയും.-  ഗൾഫ് ഭൂമിയിൽ നിന്നുള്ള മറ്റൊരു എഴുത്തുകാരിയാണ് സൗദി അറേബ്യയിൽ ജീവിക്കുന്ന സബീന എം സാലി. അവരുടെ ' "കടലോ കൂറ്റൻ തടാകമോ ഒക്കെ ആയിരുന്ന ഒരു ഭൂപ്രദേശം. കടലാളങ്ങളിൽ നീന്തി നടന്നിരുന്ന നീലക്കടലാനകൾ. നിറഞ്ഞൊഴുകുന്ന നദികൾ, പിന്നെപ്പോഴോ അതെല്ലാം വറ്റി...." ഇങ്ങനെ തുടങ്ങുന്ന ' ഖാത്തിലക്കാറ്റ് ' എന്ന കഥയുടെ യാത്ര ഈ ഭൂമികയുടെ പൗരാണിക ചരിത്രം കൂടിയാണ്.

ഒമാനിലെ മസ്കത്തിൽ ജീവിക്കുന്ന മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിനി ദിവ്യ പ്രസാദിന്‍റെ 'നാലുമണിക്ക് ഉണരുന്ന സ്ത്രീ', സിംഗപ്പൂരിൽ ഉള്ള വയനാട് സ്വദേശി ലിറ്റൻ. ജെ എഴുതിയ 'രണ്ടു ദ്വീപുകളും ആകാശപ്പറവയും'. യുഎസ് എയിലെ ടെക്സാസിൽ നിന്നും ഉള്ള മലപ്പുറത്ത് സ്വദേശി പ്രിയ ഉണ്ണികൃഷ്ണന്‍റെ ''. ദുബായിലുള്ള പ്രശാന്തൻ കൊളച്ചേരിയുടെ 'യൊറുബ'. അമേരിക്കയിലെ സാൻഡ് ഫ്രാൻസിസ്കോയിൽ ജീവിക്കുന്ന പ്രശസ്ത എഴുത്തുകാരൻ തമ്പി ആന്റണിയുടെ 'മെക്സിക്കൻ മതിൽ'. ഡോ:സുകുമാർ കാനഡയുടെ ' മാസ്ക് '. ന്യൂസിലാൻഡിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശി സാബു ഹരിഹരന്‍റെ 'കാണാതായ ലോകം'. ചിത്രകാരനും എഴുത്തുകാരനുമായ ദുബായിൽ നിന്നുള്ള രമേശ് പെരുമ്പിലാവിന്‍റെ 'ആത്മഹത്യ ചെയ്യുന്നവരുടെ കാട്'. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും എഴുതുന്നു തൃശൂർ സ്വദേശിനി സിമി ഷാനോയുടെ 'മാർത്തഹബ്ബിലെ റെഫ്യൂജികൾ'. സ്കോട്ട്ലാൻഡിൽ നിന്നുള്ള ജിൻസൺ ഇരിട്ടിയുടെയും  'നക്സൽ '. സൗത്ത് ആഫ്രിക്കയിൽ നിന്നും ഡോക്ടർ അജയ് നാരായണന്‍റെ 'തൃക്കണ്ണുകൾ തുറക്കുന്നവരുടെ ലോകം '. അയർലൻഡിൽ നിന്നും കണ്ണൂർ ജില്ലയിലെ ദയാനന്ദ് കെ.വിയുടെ 'മീനുകളും സീഗല്‍ പക്ഷികളും'. ജർമ്മനിയിൽ നിന്നും കണ്ണൂർ സ്വദേശിനി ഹേമയുടെ ' ആഴം '. റഷ്യയിൽ നിന്നും അജയ് കമലാകരൻ എഴുതിയ 'ദ സ്വിദാനിയ ഖബറോവ്‌സ്ക് '. മാലിദ്വീപിൽ നിന്നും കൊല്ലം ചവറ സ്വദേശിസുനിൽകുമാർ എം  എഴുതിയ 'ദോൻ ഹെയ്ലയും അലി ഫുളൂവും'. ജപ്പാനിൽ ജീവിക്കുന്ന യുവ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയനായ അമലിൻ്റെ ഈനു എന്നീ കഥകളാണ് ഈ സമാഹാരത്തെ 6 വൻകരകളെയും പ്രതിനിധീകരിച്ചുകൊണ്ട് സമ്പന്നമാക്കുന്നത്. സ്ഥലവും  കാലവും, ദേശവും,  രൂപപ്പെടുത്തിയ മാറ്റങ്ങൾ കഥകളുടെ ഏറ്റവും പുതിയ ആഖ്യാന പരീക്ഷണങ്ങൾ ഒക്കെ ഈ സമാഹാരത്തിലൂടെ വായിച്ചെടുക്കാം.

ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ സംഭവിച്ച ഭൗതിക വികസനം മലയാളി പ്രവാസിയുടെ പുതുതലമുറയുടെ ജീവിതത്തെയും സ്വത്വവുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. നൂതനവത്കരണം അവരെ അവരുടെ സംസ്‌കാരിക സംസ്കാരത്തിലേക്ക് ആഴത്തിൽ പരാമർശിക്കാൻ പ്രേരിപ്പിക്കുന്നു. ഗൾഫിൽ ഒരു പ്രധാനമായ കെട്ടുകഥയായി കാണപ്പെട്ടിരുന്ന ദാരിദ്ര്യത്തെയും അകലംപിടിപ്പിക്കലിനെയും മറികടന്ന്, മലയാളി സാമൂഹികമായി വളർന്ന് സൃഷ്ടിപരമായ ആശയങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

രണ്ടാം തലമുറ, ആധുനിക ജീവിതത്തിന്‍റെ സൗകര്യങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തി, കൂടുതൽ വൈവിധ്യങ്ങൾ നിറഞ്ഞതും സാംസ്കാരിക മിശ്രവംശതയെ ആവിഷ്ക്കരിക്കുന്നതുമായ ഒരു ജീവിതം നയിക്കുന്നു. ഇത്തരമൊരു വൈവിധ്യമുള്ള ജീവിതം സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളി സമുദായം സാഹിത്യത്തിൽ ഇത്തരം സൃഷ്ടിപരമായ പ്രകടനം നടത്തുന്നത് അവരുടെ സാംസ്കാരിക പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ്. പ്രവാസ ജീവിതത്തിന്‍റെ സൃഷ്ടിപരമായ പ്രതിഫലനമാണ്.

സൃഷ്ടിപരമായ സാഹിത്യ പ്രവർത്തനങ്ങൾ പ്രവാസി മലയാളികളുടെ അനുഭവങ്ങൾ അവതരിപ്പിക്കുന്ന ഒരു മുഖ്യപ്രവർത്തനമായി മാറിയിരിക്കുന്നു. കഥകളിലും കവിതകളിലുമാണ് മലയാളി പ്രവാസി തന്‍റെ ജീവിതം സൃഷ്ടിപരമായി രേഖപ്പെടുത്തുന്നത്. ഗൾഫിന്‍റെ ഭൗതിക അതിരുകൾക്കപ്പുറത്ത്, അവരിൽ പലരും തങ്ങളുടെ ഭൗതികപരമായി പരിമിതമായ അനുഭവങ്ങൾക്കപ്പുറം സാഹിത്യത്തിൽ ഒരു ഇടം കണ്ടെത്തുന്നു. ആറ് വൻകരകളിൽ ഉൾപ്പെട്ട പതിനെട്ട് രാജ്യങ്ങളിലെ മലയാളികളുടെ അനുഭവങ്ങളെ ഈ കഥകളിൽ അവതരിപ്പിച്ചിരിക്കുന്ന ഇത്തരം ഒരു കണ്ടത്തിലിന് ഇടം ഒരുക്കിയ തൃശ്ശൂർ സമത ബുക്സിന്‍റെ സാഹസത്തെ പ്രശംസിക്കാതെ വയ്യ.

പ്രശസ്ത ചെറുകഥാകൃത്ത് സിപി അനിൽകുമാറിന്‍റെ 'ആകാശത്തിലെ നക്ഷത്രങ്ങളോട് ഉപദേശിക്കരുത്, 'മതി ഇനി ജ്വലിക്കരുത്!' എന്ന നിരീക്ഷണം ഈ സമാഹാരത്തിൻ്റെ ആഴങ്ങളിൽ തൊടുന്നു. ദേശാന്തര മലയാള കഥകൾ എന്ന പുസ്തകത്തിലെ കഥകൾ പ്രവാസ ജീവിതത്തിന്‍റെ വൈവിധ്യങ്ങളെയും, സാംസ്കാരികപരമായി അവർ നേരിട്ട കടമകളെയും ആഴത്തിൽ പ്രതിപാദിക്കുന്നു എന്നതിനാൽ തന്നെ എഡിറ്റർ എന്ന നിലയിൽ എം. ഒ. രഘുനാഥ് ഒരു ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന ദൗത്യമാണ് നിർവഹിച്ചത്. പ്രസാധനം. സമത തൃശൂർ.

English Summary:

Deshandhara Malayala Kadhakal Book by M O Reghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com