ഫീസ് അടയ്ക്കാനും അപേക്ഷാ ഫോം വാങ്ങുവാനും സഹായിക്കുന്ന അധ്യാപകർ; നടൻ മുരളിയുമായുള്ള ആത്മബന്ധം, ജീവിതം പറഞ്ഞ് ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’
Mail This Article
മലയാളിയുടെ പാരിസ്ഥിതികവും സാമൂഹികവും ജീവൽ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതുമായ നിരവധി ഡോക്യുമെന്‍റെറികളിലും ദൃശ്യവൽക്കരിച്ച സാഹിത്യ രൂപങ്ങളിലുമെല്ലാം പ്രഫ. അലിയാറിന്‍റെ ശബ്ദമുദ്ര കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കിടയിൽ പതിഞ്ഞിട്ടുണ്ട്. അതെ, കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ആ ബലിഷ്ഠ സൗന്ദര്യം പേറുന്ന ശബ്ദം തൊടാത്ത മലയാളിയുടെ ജീവിത മേഖലകളില്ല.
ഇന്ന് നമ്മുടെ ഭാഷ വൈകല്യങ്ങളുടെ ഊന്നുവടികളിൽ താങ്ങിയും തൂങ്ങിയും സഞ്ചരിക്കുന്ന വർത്തമാന സാഹചര്യത്തിൽ പ്രഫ. അലിയാർ നിവർന്നു നിൽക്കുന്ന ഭാഷയുടെയും വെള്ളിടിവീഴാത്ത ശബ്ദത്തിന്‍റെയും കനപ്പെട്ട ഒരു പാഠപുസ്തകമാണ്.
ഒട്ടും സുഖകരമല്ലാത്ത ജീവിത സാഹചര്യങ്ങൾക്ക് നടുവിൽ നിന്നും തളരാത്ത ഇച്ഛാശക്തിയോടെ നടന്നു കയറിയ ഒരു ഭൂതകാലം ഈ കോളജ് അധ്യാപകനുണ്ട്. ആ പ്രതിസന്ധികൾ കടന്ന കാലത്തെ ഏറ്റവും ലളിതമായി പ്രഫ.അലിയാർ നിർവചിക്കുന്ന തലക്കെട്ടാണ് ഈ പുസ്തകത്തിനുള്ളത്, “വിശ്വസിച്ചാലും ഇല്ലെങ്കിലും “.
കർമം എന്നോ കാലം എന്നോ ഗുരുഭൂതന്മാരുടെ അനുഗ്രഹാശിസുകൾ എന്നോ ഒക്കെ പറയാവുന്ന നിരവധി അത്ഭുതങ്ങളും യാദൃച്ഛികതകളും നിറഞ്ഞതാണ് പ്രഫ. അലിയാരുടെ ജീവിതം. അതിലേക്ക് ഒരു ഓലച്ചൂട്ടിന്‍റെ വെളിച്ചം വിതറുകയാണ് '' വിശ്വസിച്ചാലും ഇല്ലെങ്കിലും " എന്ന ഈ ഓർമപ്പുസ്തകം.
ഇതിൽ നിറയുന്ന ഓർമകൾക്ക് നിലാവിന്‍റെ വിശുദ്ധിയുണ്ട്. കിണറ്റുവെള്ളത്തിന്‍റെ നൈർമ്മല്യമുണ്ട്. ഒരു നാടൻ പാട്ടിന്‍റെ ഈണമുണ്ട്. നാട്ടിടവഴികളിൽ പൂത്തുനിൽക്കുന്ന ഒരു പൂച്ചെടിയുടെ ആത്മവിശ്വാസമുണ്ട്.
ഗൗരവവും അച്ചടക്കവും വേണ്ട അക്കാദമിക് ജീവിതത്തിന്‍റെ കയറ്റിറക്കങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സംഭവബഹുലമായ ഒരു കലാ സാഹിത്യ ജീവിതം നയിക്കുവാനും ധാരാളം പേരെ തനിക്കൊപ്പം ചേർത്തു പിടിക്കുവാനും ശ്രമിച്ചതിന്‍റെ കലർപ്പില്ലാത്ത കാഴ്ചകൾ ഒരുക്കി തരികയാണ് പ്രഫസർ അലിയാർ.
ഒരുപക്ഷേ പുതിയ കാലം അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന അനേകം ജീവിതാനുഭവങ്ങളുടെയും ആനന്ദങ്ങളുടെയും സഹനങ്ങളുടെയും കടപ്പാടുകളുടെയും ത്യാഗങ്ങളുടെയും അന്തമില്ലാത്ത യാത്രകളുടെയും ഒരു വലിയ ലോകം തന്നെ അലിയാറിനൊപ്പം ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നു.
അത് വായനക്കാരെ ഓർമകളുടെ മാമ്പഴം പൊഴിയുന്ന തണൽക്കുടകൾക്ക് കീഴിലേക്ക് കൊണ്ടു പോകുന്നു.അത് മലയാളി വളരെയൊന്നും അകലെയല്ലാതെ ജീവിച്ച ഒരു കാലഘട്ടം കൂടിയാണ്. അതിന്‍റെ സവിശേഷതയാണ്. അങ്ങനെ പറയുമ്പോൾ മനുഷ്യൻ യന്ത്ര വേഗങ്ങൾക്കൊപ്പം ചലിച്ച് പരിഷ്കാരിയാകുന്നതിനുമുൻപ് ഹൃദയംകൊണ്ട് സംവദിച്ചിരുന്ന മനുഷ്യരെക്കുറിച്ചുള്ള പുസ്തകം കൂടിയാണെന്ന് പറയാം.
മൊബൈലും അതിവേഗ പാതകളുമെല്ലാം ചേർന്ന് ഒരുക്കിത്തരുന്ന ജീവിതത്തിലേക്ക് മനുഷ്യർ ''ഞാൻ…ഞാൻ…. “ എന്നു പറഞ്ഞ് നടന്നു കയറിയ ഒരു ലോകത്തിനു മുൻപ് നിർലോഭം കൊടുത്തും കണക്കു സൂക്ഷിക്കാതെ, പറയാതെ സ്നേഹവും ധനവും ഒക്കെ വാങ്ങിയും ജീവിച്ച മനുഷ്യരുടെ നഖച്ചിത്രങ്ങൾ ഈ രചനയിൽ തെളിമയോടെ കാണാം. അലിയാർ സാറിന്‍റെ “വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പുസ്തകം എന്തുകൊണ്ട് ഇക്കാലത്ത് വായിക്കണം - എന്നതിനള്ള മറുപടിയും ഇതുതന്നെ.
ശബ്ദം പോലെ തന്നെ മുഴക്കമുള്ളതാണ് അലിയാർ സാറിന്‍റെ ഇതുവരെയുള്ള ജീവിതവും. മൂന്നു പതിറ്റാണ്ടുകൊണ്ട് നേടിയ അതിവിപുലമായ ശിഷ്യസമ്പത്തിനുള്ളിൽ ഒരു രാജകുമാരനെ പോലെ, നിത്യ യൗവന പ്രസരിപ്പോടെ ഇന്നും അലിയാർ സാർ തിരക്കുകൾക്കുള്ളിൽ ജീവിക്കുന്നു. പൂർവ ജന്മ പരമ്പരകളുടെ ഒരു വലിയ അനുഗ്രഹം തന്നെ ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഉടനീളം ഉണ്ട്. അതെല്ലാം ഈ പുസ്തകത്തിൽ സവിസ്തരം പറയുന്നു.
ഒപ്പം നിന്നവരെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്നതിനു പകരം അവർക്ക് കയറിപ്പോകുവാൻ സ്വന്തം തോളും മുതുകും കാണിച്ചുകൊടുത്ത അപൂർവ്വം മനുഷ്യഗുണമുള്ള കലാകാരന്മാരിൽ ഒരാളാണ് പ്രഫസർ അലിയാർ. അതുകൊണ്ടുതന്നെ അലിയാർ സാർ മിക്കപ്പോഴും കർട്ടനു പിന്നിൽ ആയിരുന്നു.
ഒരു പക്ഷേ പ്രഫസർ അലിയാർ നാടകത്തിന്‍റെ അതിവിശാലമായ ലോകത്തേക്ക് നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടു പോകാതിരുന്നെങ്കിൽ, നരേന്ദ്രപ്രസാദ് ഇന്ന് വെറുമൊരു സാഹിത്യ നിരൂപകനായി മാത്രമേ ചരിത്രത്തിൽ ഇടം നേടുമായിരുന്നുള്ളൂ. എന്നല്ല, ഇന്ന് മലയാളിയുടെ സാംസ്കാരിക ചലച്ചിത്ര രംഗത്ത് ഇത്രമേൽ ശോഭയുടെ തിളങ്ങില്ലായിരുന്നു.
പ്രഫസർ നരേന്ദ്രപ്രസാദവും ഭരത് മുരളിയും കഥാകൃത്ത് വി പി ശിവകുമാറുമൊക്കെ അങ്ങനെ ഒരു വസന്ത കാലത്തിന്‍റെ പ്രതിനിധികൾ ആയിരുന്നു. അവർ കണ്ട സ്വപ്നങ്ങൾക്ക് മാരിവില്ലിന്റെ നിറങ്ങൾ ഉണ്ടായിരുന്നു. അതൊന്നും പറയാതെ അലിയാർ സാറിന് മുന്നോട്ടുപോകാൻ ആകില്ല. അങ്ങനെ നിരവധി പേരുടെ കലാജീവിതത്തിൽ ഒരു മന്ദമാരുതന്നെ പോലെ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് അലിയാർ സർ.
പ്രഹരങ്ങളെയും തലോടലുകളെയും പുരസ്കാരങ്ങളെയും തിരസ്കാരങ്ങളെയും ഒക്കെ ഒരേ മനസ്സോടെ കാണുവാൻ കഴിഞ്ഞ അപൂർവതയാണ് അലിയാറിന്‍റെ ജീവിത വിജയം. അലിയാറിന്റെ ജീവിതത്തിൽ “ഞാൻ” എന്ന ഭാവത്തേക്കാൾ ഞങ്ങൾ എന്ന കൂട്ടി പിടുത്തത്തിനാണ് പ്രാധാന്യം. ഒരു പക്ഷേ മലയാളി മറന്നുപോയ ഒരു സാംസ്കാരിക പരിസരത്തിന്റെ പ്രതിഫലനം കൂടിയാണ് അത്തരം ചേർന്നുപോകലുകൾ.
മനുഷ്യർക്ക് ഈ ഭൂമിയിൽ പല രീതിയിൽ ജീവിക്കാം. ഒഴുക്കിനൊപ്പവും ഒഴുക്കിനെതിരെയും. ഒഴുക്കിനെതിരെ ജീവിക്കുന്നവർ ബുദ്ധികൊണ്ട് ഉണർന്നിരിക്കുന്നു. ഒഴുക്കിനൊപ്പം പോകുന്നവർ ഹൃദയം കൊണ്ടാണ് സഞ്ചരിക്കുക. ഏറെക്കുറെ സുരക്ഷിതം ബുദ്ധി കൊണ്ടുള്ള ജീവിതമാണെങ്കിലും ജീവിതം എന്ന വലിയ നാടകത്തിന്‍റെ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ അറിയണമെങ്കിൽ ഒഴുക്കിനൊപ്പം കാലപ്രവാഹത്തിൽ നിർമമതയോടെ നീന്തി നീന്തി പോകണം. അങ്ങനെ ഒഴുകുകയാണ് അലിയാർ സാർ.
എസ് എസ് എൽ സി പരീക്ഷ രണ്ട് തവണ പരാജയപ്പെട്ട്, പിന്നീട് ആ കടമ്പ ശ്രമപ്പെട്ട് കടന്ന് ഉയരങ്ങളിലേക്ക് കയറിയ ജീവിതം പറഞ്ഞു കൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. പരാജയങ്ങളുടെ ആഴങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കയറിപ്പോയ ഒരു പരിശ്രമശാലിയെ അവിടെ വായനക്കാർക്ക് കാണാം. കാലം കാത്തുവെച്ച വലിയൊരു യാദൃശ്ചികത ആ വിദ്യാഭ്യാസത്തിന്‍റെ നാൾവഴികളിലുണ്ട്.
മൂന്നുതവണ എസ് എസ് എൽ സി എഴുതി പരാജയത്തിന്‍റെ കയ്പ്പുനീർ കുടിച്ചെങ്കിലും 1971ൽ എം എ പാസായതിന്റെ അടുത്തവർഷം തന്നെ കോളജ് അധ്യാപകനായി ജോലിയിൽ കയറുമ്പോൾ, അതൊരു പരാജയത്തിനുശേഷം സംഭവിച്ച വലിയ കാവ്യനീതിയാകുന്നു. അല്ലെങ്കിൽ കാലം ഇങ്ങനെയൊരു മനുഷ്യനെ ഉലയിൽ എന്നോണം പാകപ്പെടുത്തി എടുക്കില്ലല്ലോ.
കേരളത്തിൽ ഒരിക്കൽ സജീവമായിരുന്ന ട്യൂട്ടോറിയൽ കോളജുകളുടെ മുഖം അലിയാർ സാറിന്‍റെ ഈ ഒരൊറ്റ ലേഖനത്തിൽ നിന്നുതന്നെ നമുക്ക് മനസിലാകും. അങ്ങനെ പതിനായിരം പേജുകളിൽ പകർത്തി എഴുതാവുന്ന നിരവധി സംഭവങ്ങനെ പാരായണക്ഷമതയുള്ള പതിനെട്ട് കുറുപ്പുകൾക്കുള്ളിലാക്കി ഈ പുസ്തകത്തിനുള്ളിൽ ഒരുക്കി വച്ചിരിക്കുന്നു. അനുഭവങ്ങളുടെ ഒരു വലിയ കടലാണ് ഈ പുസ്തകം.
ഒരു കഥയിലോ നാടകത്തിലോ സിനിമയിലോ ഒക്കെ മാത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള നിരവധി ട്വിസ്റ്റുകൾ ഈ ചെറിയ കുറിപ്പുകൾക്കുള്ളിൽ കാണാം. പവിത്രമായ ഗുരുശിഷ്യബന്ധം ഈ പുസ്തകത്തിന്‍റെ ഒരു അന്തർധാരയാണ്. ഒരുവേള ലളിതമായും സുന്ദരമായും അതോടൊപ്പം ഗഹനമായും ചരിത്രത്തിനും കാലത്തിനും ഒപ്പം ഒരു കൊതുമ്പ് വള്ളത്തിലന്നോണം സഞ്ചരിക്കുകയാണ്, പ്രഫസർ അലിയാർ.
പഠിപ്പിച്ച അധ്യാപകനെ ആദരിക്കുവാനും അതേ അധ്യാപകനിൽ നിന്ന് തിരിച്ച് ആദരവേറ്റ് വാങ്ങുവാനും ഒക്കെയുള്ള മഹാഭാഗ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള അപൂർവ്വം മനുഷ്യരിൽ ഒരാളാണ് അലിയാർ സാർ. പിന്നീട് അതേ അധ്യാപകന്റെ ചേതനയറ്റ ശരീരം മെഡിക്കൽ കോളജിൽ തന്‍റെ തന്നെ ഒരു പ്രിയപ്പെട്ട ശിഷ്യന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ അനുഭവിച്ച വൈകാരിക പ്രക്ഷുബ്ധത യൊക്കെ ഈ പുസ്തകത്തിലെ താളുകളിൽ ജീവന്‍റെ തുടിപ്പുകളായി ഉണർന്നിരിക്കുന്നു.
കോഴിക്കോട് ഫറൂഖ് കോളജിൽ ഇംഗ്ലിഷ് ബിരുദാനന്ദ ബിരുദത്തിന് സീറ്റ് ഉറപ്പിച്ച ശേഷം കൊല്ലം എസ് എൻ കോളജിൽ മലയാളം ഐച്ഛിക വിഷയമായി എടുത്ത് എം.എ. പഠിച്ച് ജീവിതത്തിന്‍റെ വിധി തന്നെ മാറ്റി മറിച്ചതും അനുഭവ വിവരണമായി ഇതിലുണ്ട്. എന്തൊരു കുഴമറിച്ചിലുകൾ ആണ് അതെല്ലാം!
ഫീസ് അടയ്ക്കാനും അപേക്ഷാ ഫോം വാങ്ങുവാനും സഹായിക്കുന്ന അധ്യാപകർ ഇതാണ് നിന്‍റെ വഴി എന്ന് പറയാതെ പറയുന്നു. അത് കാലത്തിന്റെ മറ്റൊരു ചുവരെഴുത്തായിത്തീരുന്നു. അല്ലെങ്കിൽ മറ്റൊരു പ്രഹേളിക. എവിടെയൊക്കെയോ യാദൃശ്ചികതകളും അനുഗ്രഹങ്ങളും ഒപ്പം കൂടിയതിന്റെ തെളിവുകൾ.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിൽ മലയാളിയുടെ പുലർച്ചകളിലും സന്ധ്യകളിലും സായാഹ്നങ്ങളിലുമെല്ലാം അലിയാർ സാറിന്‍റെ ശബ്ദ സാന്നിധ്യം ഉണ്ട്. വൈവിധ്യമാർന്ന നിരവധി ഓർമകളുടെ ഈ പുസ്തകം തീർച്ചയായും വായനക്കാർ ഏറ്റെടുക്കും.
സാഹിത്യ നിരൂപണത്തിൽ മാത്രം ആണ്ടു മുഴുകി ജീവിച്ചിരുന്ന നരേന്ദ്രപ്രസാദിനെ നാടകത്തിന്റെയും സിനിമയുടെയും ലോകത്തേക്ക് കൂട്ടിയ പ്രേരക ശക്തിയായിരുന്നു പ്രഫസർ അലിയാർ. ഗവൺമെൻറ് ആർട്സ് കോളജിൽ നിന്നും ആരംഭിക്കുന്ന ആ സൗഹൃദം പിന്നീട് വളർന്നു പൂത്തുലഞ്ഞത് ഇദ്ദേഹത്തിന്‍റെ മറ്റൊരു രചനയിലൂടെ മലയാളികൾ ഇതിനകം അറിഞ്ഞു കഴിഞ്ഞ വസ്തുതകളാണ്.
പ്രക്ഷേപണ കലയുടെ ആചാര്യസ്ഥാനത്ത് മലയാളി പ്രഫസർ അലിയാറിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും അലിയാർ സാറിന്‍റെ കലാസാംസ്കാരിക ജീവിതം സംഭവബഹുലമായ മറ്റൊരു വലിയ എപ്പിസോഡാണ്. അവിടെ ഇദ്ദേഹത്തിന്‍റെ നാടക ജീവിതവും നാടകത്തിന് പിന്നിലുള്ള ജീവിതവും രേഖപ്പെടുത്താതെ മുന്നോട്ടു പോകാനാകില്ല. അക്കാര്യവും ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകളിൽ പലയിടങ്ങളിലായി ചിതറി കിടക്കുന്നു.
നടൻ മുരളിയുമായുള്ള ആതമബന്ധമാണ് മറ്റൊരു കുറിപ്പിൽ പറയുന്നത്. വെളിയം പഞ്ചായത്തിലെ അടുത്തടുത്ത രണ്ടു വാർഡുകളിലായി ജനിച്ച രണ്ടു പ്രതിഭാശാലികൾ. അവസാന നിമിഷം അപേക്ഷാ ഫോമുമായി പിഎസ്‌സി ഓഫിസിന്റെ കുന്നുകയറിയ അനുഭവവുമൊക്കെ അലിയാർ സാർ ഇതിനുള്ളിൽ വിശദീകരിക്കുന്നുണ്ട്. അതൊക്കെ വായിക്കുന്ന വായനക്കാരനും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു പോകും.
തീർച്ചയായും ഓരോ വായനക്കാരനെയും “നിമിത്തം “ എന്ന ജീവിതത്തിലെ ചില യാദൃശ്ചികതകളെക്കുറിച്ച് ബോധ്യപ്പെടുത്തുവാൻ ഈ ഒരൊറ്റ അനുഭവം മാത്രം മതിയാകും.
ഈ കുറിപ്പിലെ ശിപായി ഒരു പക്ഷേ ആ അപേക്ഷാ ഫോം നിരസിച്ചിരുന്നുവെങ്കിൽ, പ്രഫസർ അലിയാർ എന്ന കോളജ് അധ്യാപകൻ ഇന്നുണ്ടാകുമായിരുന്നില്ല. തീർച്ചയായും ഓരോ വായനക്കാരനും വായിച്ചിരിക്കേണ്ട മറ്റൊരു കുറിപ്പാണിത്.
ഭാവി പ്രവചനങ്ങളിലും നിമിത്തങ്ങളിലും ഒക്കെ അറിഞ്ഞോ അറിയാതെയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന കുറച്ചേറെ അനുഭവങ്ങളിലൂടെയും പ്രഫസർ അലിയാർ കടന്നു പോയിട്ടുണ്ട്.
ആ സംഭവങ്ങൾക്കു കൂടി ഇണങ്ങുന്നതാണ് “വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പേര്.
നർമ്മത്തിൽ പൊതിഞ്ഞ വേദനയോടെ അലിയാർ സാർ അതൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിലും ചെറിയ വേദനയും വിശ്വാസവും ഒക്കെ ഒരു തിരിവെട്ടമായി തെളിയും. നിറയും.
തിരുവനന്തപുരത്തെ കലാകാരന്മാരുടെ സങ്കേതം ആയിരുന്ന “നികുഞ്ജം”ത്തെ കുറിച്ചും അവിടത്തെ സായാഹ്നങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ അലിയാർ സാർ പറയുന്നുണ്ട്.
പത്രപ്രവർത്തകനായ സുരേഷ് വെള്ളിമുറ്റത്തെക്കുറിച്ചും ഭാസ്കരപിള്ള എന്ന വ്യത്യസ്തനായ ഡ്രൈവറെക്കുറിച്ചും അക്കിത്തം ഒരു ഫോട്ടോയിലേക്ക് സ്നേഹപൂർവ്വം വിളിച്ചു നിറുത്തിയതുമെല്ലാം അലിയാർ സാർ ഓർക്കുന്നു.
പത്മരാജനിലൂടെ വളർന്ന് മമ്മൂട്ടിയിലേക്ക് നീളുന്ന വലിയൊരു സൗഹൃദത്തെക്കുറിച്ചും പ്രഫസർ അലിയാർ ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.
മമ്മൂട്ടി കുടിച്ച കട്ടൻചായയും അതു പകർന്നുവെച്ച രണ്ട് ഗ്ലാസുകളെക്കുറിച്ചും കൂടി പറയുന്ന രസകരമായ ഒരു ഓർമ്മ കൂടി പകർത്തി വച്ചുകൊണ്ടാണ് അലിയാർ സാറിന്‍റെ ഈ പുസ്തകം പൂർത്തിയാകുന്നത്.
ഒരു മനുഷ്യന്‍റെ സംഭവബഹുലമായ യാത്ര വളരെ ചെറിയ വാക്കുകളിലും വരികളിലുമായി ഇവിടെ നിറഞ്ഞു തുളുമ്പുന്നു. മലയാളിയുടെ കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകൾ കണ്ട സാംസ്കാരിക സാമൂഹിക സാഹിത്യ പരിസരമാണ് ഈ പുസ്തകം. അതെ, ഒരു കാലഘട്ടത്തിന്‍റെ പരിച്ഛേദം.
അലിയാർ സാറിന് ഒരു മേഖലയും അപരിചിതമല്ല. ഒരു മനുഷ്യരിലേക്കും ചെന്നുചേരുവാൻ തടസ്സമില്ല. ഹൃദയ വിശാലത കൊണ്ടും ലാളിത്യം കൊണ്ടും ഏതു മനുഷ്യനിലേക്കും എളുപ്പം ചെന്നു ചേരുവാനുള്ള ഒരു പാത അലിയാർ സാർ മുന്നിൽ തുറന്നിട്ടിരിക്കുന്നു. വലിപ്പച്ചെറുപ്പങ്ങളില്ല, ശബ്ദഗാംഭീര്യത്തിന്റെ തലപ്പൊക്കം ജീവിതത്തിലോ പ്രവൃത്തിയിലോ പെരുമാറ്റങ്ങളിലോ ഇല്ല. പത്മരാജൻ വിശേഷിപ്പിച്ചത് പോലെ “ശബ്ദ സുഭകൻ “ മാത്രമല്ല അലിയാർ സർ.
ഈ പുസ്തകത്തിൽ പ്രിയ ശിഷ്യനായ ഡോ. എൻ.പി. വിജയകൃഷ്ണൻ വിശേഷിപ്പിച്ചതുപോലെ അക്ഷരസ്ഫുടതയുടെയും ഗദ്യക്രമത്തിന്റെയും ആഖ്യാന ചാരുതയുടെയും സ്വച്ഛസുന്ദരമായ വാണീനർത്തനം തന്നെയാണ് പ്രഫസർ അലിയാർ എന്ന് ഈ പുസ്തകം ആശങ്കകൾക്കൊന്നും ഇടതരാതെ അടിവരയിടുന്നു.