ADVERTISEMENT

102 ടീമുകള്‍, 2220 കളിക്കാർ, 286 മത്സരങ്ങൾ, ഒരൊറ്റ വേദി!. സിംഗപ്പൂരിലെ സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചരിത്രത്തിന്റെ ഭാഗമായ ഈ ക്രിക്കറ്റ് ലീഗ് അരങ്ങേറിയത്. 2024 ജൂലൈ 13 നും സെപ്റ്റംബർ 15 നും ഇടയിൽ ഇരുപതു ദിവസങ്ങളിലായി നടന്ന സിംഗപ്പൂർ സോഷ്യൽ ക്രിക്കറ്റ് ലീഗ് അങ്ങനെ ഗിന്നസ് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം നേടുകയുണ്ടായി. ഒരു വേദിയില്‍ നടത്തപ്പെട്ട ഏറ്റവും വലിയ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് (Largest Single Location Cricket Tournament) എന്ന അപൂര്‍വമായ ബഹുമതി കരസ്ഥമാക്കിയ ഈ ക്രിക്കറ്റ്‌ ലീഗ് സംഘടിപ്പിച്ചത് കൊല്ലം കൊട്ടാരക്കര - ചെങ്ങമനാട് സ്വദേശി ഷാജി ഫിലിപ്‌സ് അമരക്കാരനായ സെങ്കാങ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു. 

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക വിധികർത്താവായ സോണിയ ഉഷിറോഗോച്ചിയാണ് സിലോണ്‍ സ്പോര്‍ട്സ് സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. സിംഗപ്പൂര്‍ പാർലമെന്റ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ചാൾസ് ചോങ്, എംപി വിശ്വ സദാശിവൻ, എന്നിവരും കളിക്കാരും അനുഭാവികളും പ്രത്യേക ചടങ്ങിൽ പങ്കെടുത്തു. ഷാജി ഫിലിപ്പ്‌സിനും, സെങ്കാങ് ക്രിക്കറ്റ് ക്ലബ്ബിനും അദ്ദേഹം പ്രസിഡന്റായ ‘കലാ സിംഗപ്പൂര്‍’ എന്ന സംഘടനക്കും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു അത്. സിംഗപ്പൂരിലെ ചടുലമായ കായിക സംസ്കാരത്തെയും ക്രിക്കറ്റിനോടുള്ള തങ്ങളുടെ അർപ്പണബോധത്തെയും അഭിനിവേശത്തെയും ഈ നേട്ടം ഉയർത്തിക്കാട്ടുന്നു. സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇങ്ങനെയൊരു ടൂർണമെന്റ് സംഘടിപ്പിച്ച് അവിശ്വസനീയമായ നേട്ടം കൈവരിച്ച ഷാജി ഫിലിപ്‌സ് ഏവര്‍ക്കും ഒരു പ്രചോദനമാണ്. 

എന്നാല്‍ ഇതിന്റെ സംഘാടനം അത്ര എളുപ്പം ആയിരുന്നില്ല. ഇങ്ങനെ ഒരു ആശയത്തിന്റെ തുടക്കം മുതൽ ഈ വലിയ നേട്ടം കൈവരിക്കുന്നത് വരെ, വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. സിആർ ഹേമു, വിജയ് ബദാമി തുടങ്ങിയ നിരവധി സുഹൃത്തുക്കള്‍ ഷാജിയോടൊപ്പം ടൂർണമെന്റ്  സംഘടിപ്പിക്കുന്നതിന് രാപ്പകൽ ചേര്‍ന്നുനിന്നു. മറ്റൊരു പ്രധാന കാര്യം ഈ ടൂർണമെന്റിലൂടെ ഇന്ത്യൻ കമ്മ്യൂണിറ്റി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നതാണ്. സിംഗപ്പൂർ ആധുനികതയുടെ മുഖാവരണം എടുത്തണിയുമ്പോഴും സാധാരണക്കാരായ നിരവധി തൊഴിലാളികൾ ഇവിടെയുണ്ട് എന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്. അങ്ങനെയുള്ള കുടിയേറ്റ തൊഴിലാളികളുടെ കായികപരമായ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ഇതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചതിലുമുള്ള  സാമൂഹിക പ്രതിബദ്ധത വിസ്മരിച്ചുകൂട. 

kollam-native-shaji-phillips-guinness-world-record-cricket-singapore-readers-corner

എന്റെ നാട്ടുകാരനായ ഷാജി ഫിലിപ്‌സിനെ മുൻപരിചയം ഉണ്ടായിരുന്നു. ഒരു ഹ്രസ്വസന്ദര്‍ശനത്തിനായി സിംഗപ്പൂരിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒന്ന് വിളിക്കുകയും ജോലിത്തിരക്കുകള്‍ക്കിടയിലും കാണാൻ എത്തുകയും ഒരുമിച്ചു കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച വേദിയിലേക്ക് അഭിമാനത്തോടെ എന്നെ കൂട്ടിക്കൊണ്ടു പോവുകയും മത്സരങ്ങൾ സംഘടിപ്പിച്ചതിനെ പറ്റിയും ഗിന്നസ് ലോക റെക്കോർഡ് എന്ന കടമ്പ കടന്നതിനെപറ്റിയൊക്കെ വാചാലനാവുകയും ചെയ്തു. 1997ല്‍ സിംഗപ്പൂരില്‍ ഗതാഗത മന്ത്രാലയത്തിലെ LTA യില്‍ പ്ലാന്നിംഗ് എഞ്ചിനീയറായി എത്തിയ ഷാജി ഇവിടുത്തെ കായിക കലാ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്. സിംഗപ്പൂർ മെട്രോയായ എംആർടിയിൽ (MRT) ഡപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഷാജി ഇപ്പോൾ സിംഗപ്പൂരിൽ നിന്ന് മലേഷ്യയിലേക്കുള്ള പുതിയ മെട്രോ പദ്ധതിയുടെ ജോലിത്തിരക്കിലാണ്. 2026 ല്‍ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി ലോകത്തിലെ ആദ്യത്തെ രാജ്യാന്തര മെട്രോ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. 

സിംഗപ്പൂര്‍ എംആർടിയുടെ ഉയര്‍ന്ന പദവിയിലേക്ക് അദ്ദേഹം എത്തിയത് ഇന്ത്യന്‍ അഭിമാനമായ കൊങ്കണ്‍ റയില്‍വേയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചതിന് ശേഷമാണ്. വളരെ സാധാരണമായ ഗ്രാമീണ ചുറ്റുപാടുകളിൽ പഠിച്ച് വളർന്ന ഷാജി സ്വപ്രയത്നം കൊണ്ട് ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ വ്യക്തിത്വമാണ്. ഭാര്യ സൂസന്‍ ഇവിടെ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു, രണ്ട് ആൺമക്കൾ റോഹന്‍, റോഷന്‍. പഠനകാലം മുതല്‍ ക്രിക്കറ്റിനോടുള്ള അതിയായ ആവേശം ജോലിത്തിരക്കുകൾക്കിടയിലും അദേഹം ഉപേക്ഷിച്ചിരുന്നില്ല. സിംഗപ്പൂരിൽ എത്തിയപ്പോഴും ഷാജി ക്രിക്കറ്റ് പ്രേമികളായ സുഹൃത്തുക്കളെയെല്ലാം കൂട്ടി ഇത്തരത്തിൽ ഒരു ക്ലബ്ബ് രൂപീകരിക്കുകയായിരുന്നു. പ്രൊഫഷണലിസത്തിന് പേരുകേട്ട സിംഗപ്പൂരിൽ ജോലിയിൽ നിന്നുള്ള ഒഴിവുസമയങ്ങള്‍ ആനന്ദകരമാക്കുവാനും സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാനും  അദ്ദേഹത്തിന് സാധിച്ചു. കൂടാതെ, ക്രിക്കറ്റിനുപരിയായി ആവശ്യയകതയിലിരിക്കുന്ന തൊഴിലാളികള്‍ക്കായി യാത്രാസഹായവും മരുന്നും മറ്റ് അടിയന്തര സഹായങ്ങളും നല്‍കിവരുന്നു.

kollam-native-shaji-phillips-guinness-world-record-cricket-singapore-readers-corner

ചൈനീസ് മലയാള വംശജർക്ക് പിന്നിൽ ജനസംഖ്യയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. ഇവിടെയുള്ള ആറരലക്ഷം ഇന്ത്യൻ വംശജരിൽ കൂടുതലും തമിഴരാണ്. ബ്രിട്ടീഷ് ഭരണമാണ് ഇന്ത്യയെ സിംഗപ്പൂരുമായി അടുപ്പിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യയെപ്പോലെ ബ്രിട്ടിഷ് കോളനിയായിരുന്ന സിങ്കപ്പൂരിലേയ്ക്കുള്ള കുടിയേറ്റം ആദ്യകാലത്ത് ഇന്ത്യാക്കാർക്ക് അത്ര പ്രയാസമേറിയതായിരുന്നില്ല. കൃഷിയുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടില്‍നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഇന്ത്യാക്കാര്‍ ആദ്യം ഇവിടെ എത്തുന്നത്. പിന്നീട് കച്ചവടത്തിനും നിര്‍മ്മാണ തൊഴിലിനുമായി ധാരാളം ഇന്ത്യക്കാരും ഇവിടെ എത്തി. 1965 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരു വികസിത രാജ്യമായി സിംഗപ്പൂർ മാറിയപ്പോൾ ധാരാളം പ്രൊഫഷണലുകളും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇവിടെ എത്തി. മുപ്പതിനായിരത്തോളം മലയാളികൾ സിംഗപ്പൂരില്‍ ഉണ്ട് എന്നാണ് കണക്ക്‌. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഭാരതീയര്‍ പ്രത്യേകിച്ച്‌ മലയാളികള്‍ ചേക്കേറുന്ന ഒരവസ്ഥ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ കേരളീയർ പ്രവാസികളുടെ വലിയ സമൂഹമായി ലോകമെമ്പാടും രൂപാന്തരപ്പെടുകയും ചെയ്തു. ഇന്നും സിംഗപ്പൂരിലെ ഒരു പ്രധാന സമൂഹമായി മലയാളികൾ തുടരുന്നു.

മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഷാജി ഫിലിപ്‌സും കൂട്ടരും ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് ഇദംപ്രദമായി ഈ വിഭാഗത്തില്‍ നൽകിയ അവാര്‍ഡ് നേടിയതിലൂടെ വരും തലമുറകളെ പ്രചോദിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്, എന്നാൽ ആദ്യത്തേത് ആർക്കും തകർക്കാൻ കഴിയില്ല. ഷാജി ഫിലിപ്‌സിനും സെങ്കാങ് ക്രിക്കറ്റ് ക്ലബ്ബിനും കലാ സിംഗപ്പൂരിനും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. മലയാളികളായ പ്രവാസികൾക്കെല്ലാം അഭിമാനിക്കാവുന്ന ഒരു നേട്ടമായി ഇത് മാറിക്കഴിഞ്ഞു.

English Summary:

Kollam Native Shaji Phillips sets Guinness World Record for Largest Single Location Cricket Tournament in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com