ലോകം ഇനിയും മനോഹരമാകട്ടെ; നവം നവങ്ങളായ ദിനങ്ങളെ സ്വാഗതം
Mail This Article
ഭൂമി വീണ്ടും ഒരു വർഷത്തെ ഉദയാസ്‌തമയങ്ങൾ സമ്മാനിച്ച് പുതുവർഷത്തിലേക്ക് നമ്മെ നയിക്കുന്നു. കാലമേ നീയെന്നെ തൊടുന്നതെന്തുകൊണ്ടെന്നും കാലമേ നീയെന്നെ തൊടാത്തതെന്തുകൊണ്ടെന്നും ചോദിക്കുന്നവരുണ്ടാകാം; പോയ കാല ലാഭനഷ്ട കണക്കു നോക്കാതെ, വരും കാല പ്രതീക്ഷകൾക്കായി കണ്ണും കാതും മെയ്യും സമർപ്പിക്കാം.
ശ്രീകുമാരൻ തമ്പിസാർ എഴുതിയത്,
'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു ...
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു,
ജീവിതം ഇത് ജീവിതം!'
ജീവിതം അങ്ങനെയാണ്, അല്ലെങ്കിൽ ആയിരിക്കണം, സുഖ ദുഃഖ സമ്മിശ്രം.
ഭാസ്കരൻ മാസ്റ്റർ ജീവിതത്തെ കാവ്യപുസ്തകമാക്കി അവതരിപ്പിച്ചു.
'കാവ്യ പുസ്തകമല്ലോ ജീവിതം !
അനഘഗ്രന്ഥമിതാരോ തന്നൂ
മനുഷ്യന്റെ മുമ്പിൽ തുറന്നു വെച്ചു ...
ജീവന്റെ വിളക്കും കൊളുത്തി വെച്ചു, അവൻ ആവോളം വായിച്ചു മതിമറക്കാൻ ...
ആസ്വദിച്ചീടണം ഓരോ വരിയും
ആനന്ദസന്ദേശ രസമധുരം!'
മാസ്റ്റർ പിന്നെയൊന്നോർമിപ്പിച്ചു, കൂട്ടലും കിഴിക്കലും പിഴച്ചാലും ജീവിതം മധുരകാവ്യമെന്നു മറക്കല്ലേ എന്ന്.
ആശാൻ, കുമാരനാശാൻ, നമ്മെ പൂന്തോട്ടത്തിലേക്കു വളരെ മുന്നെ കൂട്ടികൊണ്ടുപോയി പൂക്കാലം കാണിച്ചു തന്നിട്ടുണ്ട്.
'പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേൻമാവ് പൂക്കുന്നശോകം ...'
മനോഹരമായ പൂന്തോട്ടം പോലെ പലപല വർണ്ണ പുഷ്പങ്ങളാകണം ജീവിതം. ഓരോ ദിനവും ഓരോ പൂക്കൾ!
ആ പൂക്കൾ കൊണ്ട് 'ആ പൂമാല" കോർക്കാം എന്നാണ് ചങ്ങമ്പുഴ പാടിയത് .
'ആരുവാങ്ങുമിന്നാരു വാങ്ങുമെന്നാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം..'
ഈ പൂക്കൾ ജീവിതത്തെ പ്രതിഫലിപ്പിക്കുമ്പോൾ സമൂഹം ആകൃഷ്ടരാകും, അടുത്തേക്കടുത്തേക്കെത്തും,
ഒ എൻ വി സാറിന്റെ വരികൾ പാടിക്കൊണ്ട് !
'പൂക്കാരാ....പൂതരുമോ?
കൈ കുമ്പിളിൽ നിന്നൊരു പൂ തരുമോ?
പാവ കുഞ്ഞു മയങ്ങി, എൻ കുഞ്ഞുറങ്ങി ..
കൈവിരലുണ്ട് മയങ്ങി,
അവൻ കണി കണ്ടുണരാൻ ഒരു പനിനീർ പൂ തരുമോ?'
കുഞ്ഞാണ് ഉണരേണ്ടത്, അതായതു പുതുതലമുറ, പുതുകാലം.
കഥകളിലൂടെ നമ്മൾ വൃന്ദാവനത്തെ കുറിച്ചറിഞ്ഞിട്ടുണ്ട് , ആ സ്വർഗ്ഗ സമാന മനോഹാരിത നാം സ്വപ്നം കണ്ടിട്ടുണ്ടാവും.
യൂസഫ് അലി കേച്ചേരി സാർ എഴുതിയ പോലെ,
'സ്വർഗ്ഗം താണിറങ്ങി വന്നതോ?
സ്വപ്നം പീലിനീർത്തി നിന്നതോ?'
എന്ന് അദ്ദേഹത്തിന്റെ തന്നെ തൂലികയാൽ വരച്ചിട്ട 'പൊന്നാര്യൻ കതിരിട്ടു കസവിട്ടു നിൽക്കുന്ന ഈ ഭൂമി'യെ ജീവിതത്താൽ ആസ്വദിച്ചു പാടണം 'പ്രകൃതീശ്വരി നിന്റെ ആരാധകൻ ഞാനൊരാസ്വാദകൻ .... ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ, ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ..'
ഭൂമിയിലെ സ്വപ്നവും സ്വർഗ്ഗവും ഗൃഹങ്ങളാണ് ; വീടുകളാണ് പൂന്തോട്ടങ്ങൾ.
എസ് രമേശൻ നായർ ചേട്ടന്റെ സന്ധ്യാ നാമം ചൊല്ലി വീടിനെ പൂജിക്കണം, ചന്ദനം മണക്കുന്ന പൂന്തോട്ടത്തിൽ ചന്ദ്രികമെഴുകിയ മണിമുറ്റത്തിരുന്നു ഉച്ചത്തിൽ...
ഓരോ വീടുകളും പൂന്തോട്ടങ്ങളായാൽ ഈ ലോകം വൃന്ദാവനമാകും. ഇന്നുള്ളവർ മാതൃക തീർക്കണം, പൂക്കളാകണം. അതു കണ്ടു ഇറുത്തെടുത്തു പുതുതലമുറ മാല കോർക്കും അവരുടെ ജീവിതത്തിൽ, ഈ വർത്തമാനകാലം ആവശ്യപ്പെടുന്നതും ഇത് തന്നെ.
വയലാർ പാടിയത് ഏറ്റു പാടാൻ സാധിക്കും,
'എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ, ഇവിടം വൃന്ദാവനമാക്കൂ'
ഈ ലോകം ഇനിയും മനോഹരമാകട്ടെ,
നവം നവങ്ങളായ ദിനങ്ങളെ സ്വാഗതം,
പുതുവർഷാശംസകൾ.