ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം വരുന്നു പെർത്തിൽ
Mail This Article
പെർത്ത്∙ ഓസ്‌ട്രേലിയയിലെ പെർത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം നിർമാണത്തിന് ശ്രീരാം വേദിക് ആൻഡ് കൾച്ചറൽ ട്രസ്റ്റ്. ഏകദേശം 721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക. 150 ഏക്കറിലാണ് 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രാമക്ഷേത്ര നിർമാണം. ക്ഷേത്രമെന്ന സാമ്പ്രദായിക സങ്കൽപ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ.ഹരേന്ദ്ര റാണ വെളിപ്പെടുത്തി. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇന്‍റർനാഷനൽ ശ്രീരാമവേദിക് ആൻഡ് കൾച്ചറൽ യൂണിയൻ (ഐ എസ് വി എ സി യു) സാംസ്കാരികവും ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ കേന്ദ്രമായിട്ടാണ് ക്ഷേത്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷേത്ര സമുച്ചയത്തിൽ ഉദ്യാനങ്ങൾ, നിർദ്ദിഷ്ട രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിനു പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാൾ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുൾപ്പെടെയുള്ള ആത്മീയ ഇടങ്ങൾ ക്ഷേത്രത്തിലുണ്ടാകും. ടെക്നോളജി ഗാർഡൻ പോലുള്ള മേഖലകളോടൊപ്പം ചില സാങ്കേതിക ഇടങ്ങളും ക്ഷേത്രത്തിൽ ഉൾപ്പെടുത്തും.
കാർബൺ മലനീകരണം പൂർണമായി ഒഴിവാക്കുന്നതായി ജൈവ-മലിനജല സംസ്‌കരണ പ്ലാന്‍റും സൗരോർജ്ജ പ്ലാന്‍റും ഉൾപ്പെടുത്തി പരിസ്ഥിതി സുസ്ഥിര കേന്ദ്രമെന്ന നിലയിലായിരിക്കും ക്ഷേത്ര നിർമാണം.