ന്യൂസീലൻഡിൽ സൈബർ സെക്യൂരിറ്റി മേഖലയിൽ അവസരങ്ങളേറെ; അറിയാം വിശദമായി
Mail This Article
വെല്ലിങ്ടൻ∙ ടെക്നോളജി നെഗറ്റീവായും പോസിറ്റിവായും ഉപയോഗിക്കാം. ന്യൂസീലൻഡില്‍ ഗതാഗതം, ആരോഗ്യം, ബാങ്കിങ് തുടങ്ങിയ എല്ലാ മേഖലകളും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് . ഇതിലെല്ലാം വ്യക്തി വിവരങ്ങൾ ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ സംരക്ഷിക്കണം. ന്യൂസീലൻഡിൽ താമസിക്കുന്ന സൈബർ സെക്യൂരിറ്റി വിദഗ്ധയായ രമ്യാ കിരൺ സൈബർ സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കുന്നു. ജോലിയിലും കരിയറിലുമുള്ള വെല്ലുവിളികളെയും തൊഴിലവസരങ്ങളെയും കുറിച്ച് രമ്യ വ്യക്തമാക്കുന്നു
∙ സൈബർ സെക്യൂരിറ്റി മേഖലയിലേക്ക് എത്തിയത്
പതിനഞ്ച് വർഷത്തിലേറെ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങാണ് പഠിച്ചത്. നെറ്റ്‌വർക്ക് ഓഡിറ്ററായാണ് കരിയറിന്റെ തുടക്കം. യാദൃച്ഛികമായാണ് സൈബർ സെക്യൂരിറ്റി മേഖലയിൽ എത്തുന്നത്. സ്ത്രീകൾ ആ കാലത്ത് ഐടിയിൽ വളരെ കുറവായിരുന്നു. കേരളത്തിലും മുംബൈയിലും ജീവിച്ച ശേഷമാണ് ന്യൂസീലൻഡിലെത്തുന്നത്.
∙ ന്യൂസീലൻഡിലെ അവസരം
ഭർത്താവിന് ഇവിടെ ഒരു പ്രൊജക്ട് ചെയ്യാൻ അവസരം ലഭിച്ചു. ഇവിടെ ജോലി ആയാസരഹിതമായിരുന്നു. മുംബൈയിൽ ഞങ്ങൾ സ്ഥിരതാമസമാക്കിയിരുന്നതിനാൽ തിരിച്ചു പോയി. പിന്നെ ഒരു വർഷത്തിനു ശേഷം ന്യൂസീലൻഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. വെല്ലിങ്ടണിൽ താമസമാക്കി. ജോലിയെക്കുറിച്ചോ മറ്റോ ഗൈഡ്‌ലൈൻ തരാൻ ആരും ഉണ്ടായിരുന്നില്ല. ഇവിടെ തിരഞ്ഞെടുപ്പ് സമയമായതിനാൽ ജോലി കിട്ടാനും ബുദ്ധിമുട്ടായിരുന്നു. പിന്നീട് സെക്യൂരിറ്റി കണ്‍സൽറ്റൻസി സർവീസിൽ ആദ്യ ജോലി ലഭിച്ചു.
ഒരുപാടു പേർ ഇപ്പോൾ സൈബർ സെക്യൂരിറ്റി മേഖലയിലേക്കു വരുന്നുണ്ട്. ഈ മേഖലയിലേക്കു വരുന്നവർ ടെക്നോളജി നന്നായി മനസ്സിലാക്കാണം. മാറ്റം എപ്പോഴും ഉണ്ടാകും. ഒരുപാട് തൊഴിലവസരം ഉണ്ട്. സൈബർ സെക്യൂരിറ്റിയിൽ തന്നെ ഒരുപാട് വിഭാഗങ്ങളുണ്ട്. കരിയർ ആരംഭിച്ചതിനു ശേഷം താത്പര്യമുള്ള മേഖലയിൽ ഹയർസ്റ്റഡീസ് നടത്തുകയും ചെയ്യാം. കഴിവുള്ളവർക്ക് ന്യൂസീലൻഡിൽ ഏറെ അവസരങ്ങളുണ്ട്.
സൈബർ സെക്യൂരിറ്റിയെക്കുറിച്ച് എല്ലാവർക്കും ധാരണ ഉണ്ട്. എന്നാൽ അബദ്ധം പറ്റില്ല എന്നാണ് എല്ലാവരുടെയും ചിന്ത. സോഷ്യൽ മീഡീയ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണം. പ്രൈവസി സെറ്റ് ചെയ്യുക, വ്യക്തി വിവരങ്ങൾ കൂടുതലായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കാം.