ADVERTISEMENT

ടോക്കിയോ ∙ കഴിഞ്ഞ മാസം നടന്ന മിസ് ജപ്പാൻ 2024 മത്സരത്തിലെ വിജയി കരോലിന ഷിനോ സൗന്ദര്യമൽസരത്തിലെ വിജയിപ്പട്ടം തിരിച്ചുനൽകി.വിവാഹിതനായ ഒരു പുരുഷനുമായുള്ള ബന്ധം പരസ്യമായതിനെ തുടർന്നാണിതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ ജനിച്ച കരോലിന വളർന്നത് ജപ്പാനിലാണ്. മിസ് ജപ്പാൻ കിരീടം കരോലിന നേടിയതും വിവാദമായിരുന്നു. ജാപ്പനീസ് വംശജയല്ലാത്ത ഒരാൾ എങ്ങനെയാണ് 'മിസ് ജപ്പാൻ' മൽസരത്തിൽ വിജയിയാകുക എന്നായിരുന്നു വിമർശകരുടെ ചോദ്യം.

തകുമ മേദ എന്ന ഡോക്ടറുമായി കരോലിനയ്ക്ക് ബന്ധമുണ്ടെന്ന് ഷുകൻ ബുൻഷുൺ വാരികയാണ് വെളിപ്പെടുത്തിയത്. മത്സരത്തിന്‍റെ സംഘാടകർ ആദ്യം ഷിനോയെ പിന്തുണച്ചു. ഡോക്ടർ വിവാഹിതനാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് കരോലിന ഷിനോ പറഞ്ഞതായി സംഘാടകർ അറിയിച്ചിരുന്നു. പിന്നീട്, വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കരോലിന ഡേറ്റിങ് നടത്തിയതെന്ന വിവരം പുറത്ത് വന്നതോടെ, തെറ്റിദ്ധരിപ്പിച്ചതിന് സംഘാടകരോട് കരോലിന മാപ്പ് പറഞ്ഞു. 

‘‘ഞാൻ ഉണ്ടാക്കിയ വലിയ പ്രശ്‌നത്തിനും എന്നെ പിന്തുണച്ചവരെ വഞ്ചിച്ചതിലും  ഖേദിക്കുന്നു. ലേഖനം വന്നതിനു ശേഷം ആശയക്കുഴപ്പവും ഭയവും കാരണം സത്യം തുറന്ന് പറയാൻ കഴിഞ്ഞില്ല’’ – കരോലിന ഷിനോ ഇൻസ്റ്റഗ്രാമിൽ  വ്യക്തമാക്കി. മിസ് ജപ്പാൻ കിരീടം ഉപേക്ഷിക്കാനുള്ള കരോലിനയുടെ തീരുമാനം മിസ് ജപ്പാൻ അസോസിയേഷൻ സ്വീകരിച്ചു. സ്‌പോൺസർമാരും ജഡ്ജിമാരും ഉൾപ്പെടെയുള്ളവരോട് അസോസിയേഷൻ ക്ഷമാപണം നടത്തി. മിസ് ജപ്പാൻ കിരീടത്തിന് ഈ വർഷം അവകാശികളുണ്ടാവില്ല. മത്സരത്തിന്‍റെ ചരിത്രത്തിൽ ഇത് അപൂർവ സംഭവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com