ADVERTISEMENT

മെൽബൺ ∙ റിലീസ് തീയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയാറെടുക്കുന്നു.

ഓസ്ട്രേലിയയിൽ മാത്രം 42 തീയറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു.  ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് അൻപതിലധികം തീയറ്ററുകളിൽ എങ്കിലും ഓസ്ട്രേലിയയിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസീലൻഡിൽ ഇതിനോടകം പതിനേഴു തീയറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞത്  ന്യൂസീലൻഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്.

ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ഓസ്ട്രേലിയയിലും  ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസീലൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു.

അതേ സമയം ഓസ്ട്രേലയയിലെ നിരവധി പ്രമുഖ മലയാളി സംരംഭങ്ങളും മലയാളി സംഘടനകളും സിനിമക്ക്‌ പിന്തുണയുമായി എത്തിയിട്ടുണ്ട്. മെൽബൺ ആസ്ഥാനമായ ഫ്‌ളൈ വേൾഡ് ഇന്റർനാഷണൽ ഗ്രൂപ്പ്‌, ക്യാൻബറ ആസ്ഥാനമായ പ്രിന്റ് ആൻഡ് സൈൻ ഗ്രൂപ്പ്, സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം, പെർത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള ന്യൂസ്‌, പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, ടാസ്മാനിയ ആസ്ഥാനമായ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിൻ ആസ്ഥാനമായ ഡാർവിൻ മലയാളി അസോസിയേഷൻ തുടങ്ങിയ ഗ്രൂപ്പുകളും സംഘടനകളും സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളിൽ സജീവമാണ്. ക്യുൻസ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് കോസ്റ്റ് ഇവന്റ്സ് എന്ന മലയാളി യുവജന സാംസ്‌കാരിക സംഘടനയും ദേശീയതലത്തിൽ സിനിമയുടെ പ്രചാരണം ഏറ്റെടുത്ത് സജീവമായി തന്നെ രംഗത്തുണ്ട്.

English Summary:

Mammootty's 'Bramayugam' In Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com