പോത്ത് കറി, കൊഞ്ച്, നാടൻ മീൻ കറി; മെൽബണിലുണ്ട് തനിനാടൻ കള്ളുഷാപ്പ്, ങേ, ഇത് കേരളമല്ലേ!
Mail This Article
ഞങ്ങൾ മലയാളികൾക്കിടയിൽ മാത്രമല്ല, ഓസ്ട്രേലിയക്കാർക്കിടയിലും മറ്റുരാജ്യങ്ങളിൽ നിന്നുള്ള കുടിയറ്റക്കാർക്കിടയിലും തരംഗമാണ് ഓസ്ട്രേലിയയിലെ മെൽബണിൽ ഫിറ്റ്സ്റോയിയിലെ സ്മിത്ത് സ്ട്രീറ്റിൽ തുടങ്ങിയ നാടൻ കേരളാ കള്ളുഷാപ്പ്. മിഷ ട്രോപ്പ് എന്ന ഷെഫാണ് നമ്മുടെ ഷാപ്പ് വിഭവങ്ങളുമായി ഇത് ഓസ്ട്രേലിയയ്ക്കു പരിചയപ്പെടുത്തിയത്. പോത്ത് കറി, പോർക്ക് പെപ്പർ റോസ്റ്റ്, കൊഞ്ച്, നാടൻ മീൻ, കണവ തുടങ്ങിയവയെല്ലാം കിട്ടും.
ഇടയ്ക്ക് മലയാളി രുചികൾ തേടിപ്പോകുന്നത് ഞങ്ങൾ ഓസ്ട്രേലിയൻ മലയാളികളുടെ ശീലമാണ്. ഈ കള്ളുഷാപ്പിലേക്കുള്ള യാത്രയും വെറുതെയായില്ല. മാർത്താണ്ഡന്റെ കള്ളുഷാപ്പ് (ടോഡി ഷോപ് ബൈ മാർത്താണ്ഡൻ) എന്നാണ് മുഴുവൻ പേര്. കേരളത്തിലെത്തി കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞു തന്നെയാണ് ഇതിന്റെ ഉടമ ഷാപ്പുരുചികൾ പരീക്ഷിച്ചത്.
ഞാനെത്തുമ്പോൾ കേരളാബന്ധമുള്ള ഉടമ അവിടെയുണ്ടായിരുന്നില്ല. പക്ഷേ, പെർത്തിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള രണ്ടു ജീവനക്കാരാണു പാചകക്കാർ. അർജന്റീനയിൽ നിന്നുള്ള ലേഡിയാണു മൂന്നാമത്തെ ജീവനക്കാരി. തെങ്ങിൻകള്ളിനും രുചിയുണ്ട്. അത് വരുന്നത് എവിടെ നിന്നാണെന്നു ഞാൻ അന്വേഷിച്ചു. ശ്രീലങ്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ധാരാളം കള്ളെത്തുന്നുണ്ട്.
നമ്മുടെ ആലപ്പുഴയിലെ ഷാപ്പുകളെ ഓർമിപ്പിക്കുന്നവിധം പിങ്ക് നിറത്തിലുള്ള പെയിന്റടിച്ചും ഭിത്തിയിൽ അൽപം തേപ്പ് അടർന്ന രീതിയിൽ ഡിസൈൻ ചെയ്തുമൊക്കെ പരമാവധി മലയാളിത്തം കൊണ്ടുവന്നിട്ടുള്ള ഷാപ്പിലിരുന്ന് മീനും പോത്തുമൊക്കെ രുചിച്ചു നോക്കിയപ്പോഴൊരു സംശയം. ങേ, ഇതു കേരളമല്ലേ?!
(മനോരമ ലൈഫിക്കു വേണ്ടി മെൽബണിലെ മലയാളി വ്ലോഗർ ശ്രീജിത് ശ്രീകുമാർ മെൽബണിലെ കള്ളുഷാപ്പ് സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ട്)