''നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും വലിയ ചാറ്റർ ബോക്സ്''; ഓസ്ട്രേലിയയിലെ പഠന രീതി സമ്മാനിച്ചത് 'ഗോൾഡൻ ബുക്ക് അവാർഡ്'
Mail This Article
ഒന്‍പതു വയസ്സുകാരിയിൽനിന്ന്, ആഗോളതലത്തിൽ സന്നിധ്യമാറിയിക്കാനുള്ള ഒരു എഴുത്തുകാരിയുടെ തുടക്കമെന്ന് ജാൻവി ശിവരാജിന്റെ എഴുത്തിനെക്കുറിച്ചും ‘ദ് ചിപ്സ്’ എന്ന പുസ്തകത്തെക്കുറിച്ചും പറയാം. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമാണെങ്കിലും എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിപ്സിന്റെ രചന. 2024 ഗോൾഡൻ ബുക്ക് അവാർഡും ‘ദ് ചിപ്സ്’ എന്ന പുസ്തകം കരസ്ഥമാക്കി.
∙ നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും വലിയ 'ചാറ്റർ ബോക്സ്'
‘നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും വലിയ വായാടി’– ജാൻവി തന്നെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്. ഓസ്ട്രേലിയയില്‍ നാലാം ക്ലാസിൽ പഠിക്കുന്ന ജാൻവിക്ക് സംസാരിക്കാൻ വളരെ ഇഷ്ടമാണ്. സൂര്യനു കീഴിലുള്ള എല്ലാത്തിനെക്കുറിച്ചും അവൾ സംസാരിക്കും. സ്കൂളിൽ ട്രംപറ്റ് വായിക്കുന്നതാണ് മറ്റൊരു വിനോദം. ബാസ്കറ്റ്ബോൾ കളിക്കാനും പുസ്തകങ്ങൾ വായിക്കാനും വളരെ ഇഷ്ടമാണ്. ‘ഡയറി ഓഫ് എ വിംമ്പി കിഡ്’ ആണ് പ്രിയപ്പെട്ട പുസ്തകം. പുസ്തകത്തിന്റെ രചയിതാവായ ജെഫ് കിന്നിയാണ് ജാൻവിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ.
∙ അമ്മ പറഞ്ഞു, എഴുത്തുകാർക്ക് ലോകത്തെ മികച്ചതാക്കാൻ കഴിയും
ജാൻവി സംസാരിച്ചുകൊണ്ടേയിരിക്കുന്നു: ‘‘അമ്മ അഞ്ജലിക്ക് ഒരു വിഷൻ ബോർഡ് ഉണ്ടായിരുന്നു. അമ്മ അതിൽ 'Author' എന്നെഴുതി. ആർട്ടിസ്റ്റ് എന്നെഴുതിയിരുന്നെങ്കിൽ എനിക്ക് അദ്ഭുതം ഉണ്ടാകില്ലായിരുന്നു. Author എന്നെഴുതിയത് എന്തിനാണെന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, ഒരു എഴുത്തുകാരിക്ക് ലോകം കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാൻ കഴിയുമെന്ന്’’ ഇതായിരുന്നു ജാൻവിക്ക് എഴുതാനുള്ള പ്രചോദനം.
ജാൻവിക്കും തോന്നി പുസ്തകം എഴുതണമെന്ന്, ഒരു ഹ്യൂമറസ് ബുക്ക്. വായിക്കുന്നവർ ചിരിക്കണം. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നതാണ് ജാൻവിയുടെ ആഗ്രഹം. അപ്പോൾ ലോകം കുറച്ചുകൂടി മികച്ചതാകുമെന്നാണ് ജാൻവിയുടെ കാഴ്ചപ്പാട്.
തന്റെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളും ഭാവനയും ചേർത്താണ് ‘ദ് ചിപ്സ്’ ഒരുക്കിയിരിക്കുന്നത്. മിസ്റ്റർ ചിപ്പിന്റെ കുടുംബത്തിലെ കഥയെന്ന് ലളിതമായി പറയാം. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെ രസകരമാണ്. ചിപ്, ഒനിയൻ, സൂപ്പ്... എല്ലാവര്‍ക്കും ആഹാരത്തിന്റെ പേര്. അമ്മ ജസീക്ക മകൻ ഒനിയൻ ചിപ് എന്ന ഒനിയോട് ജേണൽ എഴുതിത്തുടങ്ങാൻ നിർദേശിക്കുന്നു. ഒനി അവന്റെ വികാരങ്ങളെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് ജസീക്ക ആഗ്രഹിച്ചു. ഈ ജേണലിലെ 20 അധ്യായങ്ങളാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും വായിക്കാവുന്ന പുസ്തകം. പ്രചോദനവും തമാശയും തേടുന്ന ആർക്കും പുസ്തകം ഇഷ്ടമാകും. അച്ഛൻ – ചിപ്, സഹോദരൻ സൂപ്പ് ചിപ്, അമ്മ ജസീക്ക, ഒനി എന്നവരുടെ കഥ പറയുന്ന, ഹാസ്യത്തിനൊപ്പം ഗൗരവമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന, ആസ്വാദ്യകരമായ വായനാനുഭവം നൽകുന്ന പുസ്തകമാണ് ‘ദ് ചിപ്സ്’. ചിരിക്കാൻ ഇഷ്ടപ്പെടുന്ന ആർക്കും വായിക്കാൻ തിരഞ്ഞെടുക്കാവുന്ന പുസ്തകം.
ഓരോരുത്തർക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും ലോകത്തെ സന്തോഷകരമായ സ്ഥലമാക്കാൻ സഹായിക്കാനുമാണ് ജാൻവി പുസ്തകം എഴുതിയത്. സ്വപ്നങ്ങൾ കൈവിടാതിരിക്കാൻ എല്ലാവർക്കും പ്രചോദനമാണ് തനിക്ക് ലഭിച്ച ഗോൾഡൻ ബുക്ക് അവാർഡ് എന്ന് ജാൻവി പറയുന്നു. എപ്പോഴും ആരുടെയെങ്കിലും ദിവസം ശോഭനമാക്കാൻ ആഗ്രഹിക്കുന്നു ജാൻവി.
നർമബോധമുള്ള ഈ ഒൻപതുവയസ്സുകാരി ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ അഭിപ്രായമുള്ള വിഡിയോ ഗെയിം കളിക്കുന്ന, പെയിന്റിങ്ങും എഴുത്തും ആസ്വദിക്കുന്ന കൊച്ചു മിടുക്കി തന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന്, അറിയപ്പെടുന്ന എഴുത്തുകാരിയും ഗെയിം ഡിസൈനറും ആകാനാണ് ആഗ്രഹിക്കുന്നത്.
അമ്മയ്ക്കും അച്ഛനും ഒപ്പം സിഡ്നിയിലെ കാസിൽ ഹില്ലിലാണ് ജാൻവി താമസിക്കുന്നത്. അമ്മ അഞ്ജലി ഗോപാലകൃഷ്ണൻ തൃശൂർ സ്വദേശിയാണ്. കണ്ടന്റ് ക്രിയേറ്ററായ അഞ്ജലി തന്നെയാണ് പുസ്തകം ഡിസൈൻ ചെയ്തിരിക്കുന്നതും. അമ്മയും മകളും ചേർന്നൊരുക്കിയ പുസ്തകമെന്ന് ചിപ്സിനെക്കുറിച്ചു പറയാം. അച്ഛൻ ശിവരാജ് തിരുനൽവേലി സ്വദേശിയാണ്. ജാൻവിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കുടുംബം ഓസ്ട്രേലിയയിൽ എത്തിയത്.
വായനയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഓസ്ട്രേലിയയിലെ പഠന രീതിയെന്ന് അഞ്ജലി പറയുന്നു. അധ്യാപകർ പഠനത്തിന്റെ ഭാഗമായി ദിവസവും കഥകൾ പറഞ്ഞു കേൾപ്പിക്കും. ഇതെല്ലാം ജാൻവിയുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.