ലോക ബ്രാൻഡുകളോട് കിടപിടിക്കാൻ സ്വന്തം ഉൽപന്നങ്ങളുമായി ലുലു
Mail This Article
ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ സ്വന്തം ഭക്ഷ്യ സംസ്കരണശാലയും ലോജിസ്റ്റിക്സ് കേന്ദ്രവും വരുന്നു. ഓസ്ട്രേലിയൻ ട്രേഡ് കമ്മിഷണറും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഇതു സംബന്ധിച്ച കരാറിൽ ഗൾഫൂഡ് മേളയിൽ ഒപ്പുവച്ചു. 24 ഏക്കർ ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മേയിൽ ആരംഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.
നോയിഡയിലെ ഭക്ഷ്യ സംസ്കരണശാലയുടെ പ്രവർത്തനം നവംബറിൽ തുടങ്ങും. കളമശേരിയിൽ പ്രഖ്യാപിച്ച ഭക്ഷ്യ സംസ്കരണ ശാലയുടെ രൂപരേഖയ്ക്ക് അന്തിമ അനുമതി നൽകി. ഉടൻ നിർമാണം ആരംഭിക്കും. ഫൂഡ് പ്രോസസിങ് കേന്ദ്രങ്ങൾ പൂർത്തിയാകുന്നതോടെ ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലു നേടും. മികച്ച മേന്മയിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യോൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ കയറ്റുമതി 8000 കോടി രൂപയുടേതാകും. അടുത്ത വർഷത്തോടെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, മത്സ്യം എന്നിവയാണ് ലുലു കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യുഎസ്, പോർച്ചുഗൽ, ഈജിപ്ത്, അൾജീരിയ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
ലുലുവിന്റെ ഓഹരി വിൽപനയ്ക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐപിഒയ്ക്ക് 6 മാസത്തെ ജോലികൾ കൂടി പൂർത്തിയാകാനുണ്ട്. അബുദാബിയിലും സൗദിയിലുമാണ് ഓഹരി വിൽപന നടത്തുക. ലാഭവിഹിതം ഉപഭോക്താക്കളുമായി പങ്കുവയ്ക്കുമെന്നും യൂസഫലി പറഞ്ഞു. പുതിയ ഷോപ്പ് ഔട്‌ലെറ്റ് മാളിൽ മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്യും. ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്ക് കൂടുതൽ അവസരം ലഭിക്കുന്ന സമയമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഫൂഡ് പാർക്കാണ് ഗുജറാത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്നും യൂസഫലി പറഞ്ഞു.