‘ലാപ്‌സ്ഡ് എക്‌സ്‌റ്റൻഡഡ് വീസ’ ഇനിയില്ല: റഷ്യക്കാരും യുക്രെയ്ന്‍കാരും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രാജ്യം വിടണമെന്ന് ശ്രീലങ്ക
Mail This Article
കൊളംബോ ∙ യുക്രെയ്ൻ –റഷ്യ യുദ്ധത്തെത്തുടർന്ന്, ‘ലാപ്‌സ്ഡ് എക്‌സ്‌റ്റൻഡഡ് വീസ’യിൽ ശ്രീലങ്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് റഷ്യക്കാരും യുക്രെയ്ന്‍കാരും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. റഷ്യക്കാർ രാജ്യത്ത് അനധികൃതമായി ബിസിനസ് നടത്തുന്നെന്നും സ്വദേശികൾക്കു തൊഴിൽ നൽകാതെ ‘വെള്ളക്കാർക്ക് മാത്രം’ എന്ന നയം തുടരുന്നെന്നും സമൂഹ മാധ്യമത്തിൽ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
റഷ്യൻ, യുക്രെയ്ൻ വിനോദസഞ്ചാരികളുടെ വീസ കാലാവധി അവസാനിച്ചതിനാൽ ഫെബ്രുവരി 23 മുതൽ രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് ഇമിഗ്രേഷൻ അധികൃതർ ശ്രീലങ്കൻ ടൂറിസം മന്ത്രാലയത്തിന് നോട്ടിസ് നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. റഷ്യക്കാരും യുക്രെയ്ന്‍ക്കാരും ശ്രീലങ്കയിൽ കൂടുതൽ കാലം തങ്ങുന്നതായും റസ്റ്ററന്‍റുകളും നിശാക്ലബ്ബുകളും നടത്തുകയും വിദേശികളെ ജോലിക്ക് നിയമിക്കുകയും ചെയ്യുന്നെന്നും പണമിടപാടുകൾക്ക് ശ്രീലങ്കൻ നിയമത്തിനു വിരുദ്ധമായ രീതികൾ ഉപയോഗിക്കുന്നെന്നും പരാതി ലഭിച്ചതായി ശ്രീലങ്കൻ ടൂറിസം മന്ത്രാലയം അറിയിച്ചു. അത്തരം ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
അതേസമയം, മന്ത്രിസഭയുടെ അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനമെടുത്തതിനെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടുകൊണ്ട് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ ഓഫിസ് നോട്ടിസ് അയച്ചതായും റിപ്പോർട്ടുകളുണ്ട്