ADVERTISEMENT

സിഡ്‌നി∙  കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ. ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്.  വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേസമയം നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ രാജ്യാന്തര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസ ദാതാക്കളെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സർക്കാരിന് ലഭിക്കുന്നതും പുതിയ നിയമത്തിലെ സവിശേഷതയാണ്. 

രാജ്യാന്തര വിദ്യാർഥികൾക്ക് അനിയന്ത്രിതമായ ജോലി സമയം ഉൾപ്പെടെ മുൻ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് കാല ഇളവുകൾ നേരത്തെ നിർത്തലാക്കിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്കായി നിയമങ്ങൾ കർശനമാക്കുന്നതിനാണ് ലക്ഷ്യമെന്ന് അന്ന് സർക്കാർ പറഞ്ഞിരുന്നു.

ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി)
വിദ്യാർഥി വീസകൾക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം  ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി)  സർക്കാർ കൊണ്ടുവന്നു. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്യാർഥി വീസയ്‌ക്കുള്ള എല്ലാ അപേക്ഷകരും പഠിക്കുന്നതിന് വേണ്ടിയായിരിക്കണം രാജ്യത്തേക്ക് വരേണ്ടത്. ഓസ്‌ട്രേലിയയിൽ പഠിക്കുന്നതാണ് അവരുടെ വിദ്യാർഥി വീസയുടെ പ്രാഥമിക കാരണമെന്നതിനാൽ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താൻ പുതിയ ടെസ്റ്റ് ലക്ഷ്യമിടുന്നു. 

ഓസ്‌ട്രേലിയയിൽ പഠിച്ച ശേഷം,  സ്ഥിര താമസത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്താനാണ് ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാർഥി വീസ അനുവദിക്കുന്നതിന്, എല്ലാ അപേക്ഷകരും തങ്ങൾ ജനുവിൻ സ്റ്റുഡന്റ് മാനദണ്ഡമോ ജനുവിൻ സ്റ്റുഡന്റ് ആശ്രിത മാനദണ്ഡമോ തൃപ്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കണം.

ഓൺലൈൻ വിദ്യാർഥി വീസ അപേക്ഷാ ഫോമിൽ, ജനുവിൻ സ്റ്റുഡന്റ് മാനദണ്ഡങ്ങൾ പരിശോധിക്കാം. അപേക്ഷകന്‍റെ നിലവിലെ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ, കുടുംബം, സമൂഹം, തൊഴിൽ, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റിലേക്കുള്ള അപേക്ഷയിൽ പരിശോധിക്കും. ഓസ്‌ട്രേലിയയിൽ ഈ കോഴ്‌സ് പഠിക്കാൻ അപേക്ഷകൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഉദ്ദേശിച്ച കോഴ്സിന്‍റെ ആവശ്യകതകളെക്കുറിച്ചും ഓസ്‌ട്രേലിയയിൽ പഠിക്കുന്നതിലും താമസിക്കുന്നതിനെക്കുറിച്ചും ഉള്ള അവരുടെ ധാരണയും അപേക്ഷകൻ വ്യക്തമാക്കണം.

കോഴ്‌സ് പൂർത്തിയാക്കുന്നത് അപേക്ഷകന് എങ്ങനെ പ്രയോജനകരമാകുമെന്ന് അറിയിക്കണം. ഓരോ ചോദ്യത്തിനും പരമാവധി 150 വാക്കുകളുള്ള ഉത്തരങ്ങൾ ഇംഗ്ലിഷിൽ എഴുതണം. മുമ്പ് വിദ്യാർഥി വീസ കൈവശമുള്ള അപേക്ഷകർക്കോ നോൺ-വിദ്യാർഥി വീസയിൽ നിന്ന് ഓസ്‌ട്രേലിയയിൽ അപേക്ഷ സമർപ്പിക്കുന്നവർക്കോ ഒരു അധിക ചോദ്യം നേരിടേണ്ടി വരും. 

English Summary:

Australia Tightens Student Visa Rules As Migration Hits Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com