ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം
Mail This Article
ന്യൂഡൽഹി∙ മേഖലയിലെ നിലവിലെ ‘സാഹചര്യം’ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന ഇറാന്‍റെ ഭീഷണികൾക്കിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉപദേശം.
യുഎസും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരന്മാർക്കും സമാനമായ യാത്രാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൗരന്മാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി പരിമിതപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇസ്രയേൽ ഹമാസ് സംഘർഷം ആറു മാസമായി തുടരുന്നതിനിടെ ഇറാൻ ഇസ്രയേലിനെതിരെ രംഗത്ത് വരുന്നത്. സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായുള്ള പിരിമുറുക്കം കുറയ്ക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോട് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ട്.