രാജ്യാന്തര അവയവ ദാനം ഇറാൻ കേന്ദ്രീകരിച്ച്: ഒരു ദാതാവിന് 60 ലക്ഷംരൂപ വരെ; ലാഭത്തെച്ചൊല്ലി തർക്കം, വെളിപ്പെടുത്തൽ
Mail This Article
കൊച്ചി ∙ പാലക്കാട് ∙രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായ പാലക്കാട് സ്വദേശി ഒരു വർഷം മുൻപേ വീടുവിട്ടുപോയതായി വിവരം എന്നാൽ ഇതു സംബന്ധിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. 29 വയസ്സുള്ള യുവാവിനെക്കുറിച്ചു രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
വീടും സ്ഥലവും വിറ്റ പണം യുവാവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. നഗരത്തിനു സമീപം വീടുവാങ്ങാൻ പിതാവു ശ്രമിക്കുന്നതിനിടെ ഓൺലൈൻ ഗെയിമിലൂടെ തുകയിൽ വലിയ ഭാഗം യുവാവ് നഷ്ടപ്പെടുത്തി.
അതേച്ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാങ്കേതിക കോഴ്സ് കഴിഞ്ഞ ഇയാൾ കുറച്ചുകാലം പെയിന്റിങ് ജോലിക്കു പോയിരുന്നു. പലരിൽ നിന്നും പണം കടംവാങ്ങി. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നതായി സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. ഇടക്കാലത്ത് കൂട്ടുകാരുമായി ബന്ധമില്ലാതായി. ഇതിനിടെ പാലക്കാട് ടൗണിലെ രണ്ടു പേർക്ക് ഇയാൾ വിദേശ ജോലി വാഗ്‌ദാനം ചെയ്തെങ്കിലും സംശയം തോന്നിയ അവർ പിൻമാറി. മനുഷ്യക്കടത്തിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട സബിത്തിന്റെ മൊഴികളാണ് അന്വേഷണം പാലക്കാട് എത്തിച്ചത്.
വിദേശത്തേക്കു കടത്തിയതായി മൊഴി ലഭിച്ച മുപ്പതോളം പേരെ കണ്ടെത്തി അവരുടെ ഇപ്പോഴത്തെ അവസ്ഥ മെഡിക്കൽബോർഡ് രൂപീകരിച്ചു പരിശോധിക്കാൻ നീക്കം തുടങ്ങി. വൃക്കദാനത്തിനു വേണ്ടിയാണ് ഇവരിൽ പലരേയും വിദേശത്തേക്കു കടത്തിയത്. വൃക്കയ്ക്കു പുറമേ കരളിന്റെ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കണം.
അവയവ ദാനത്തിനായി വിദേശത്തേക്കു കടത്തിയ അതിഥിത്തൊഴിലാളികൾ പലരും തിരിച്ചു വന്നിട്ടില്ല. ഇവർക്ക് എന്താണു സംഭവിച്ചതെന്നു പരിശോധിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ സബിത്ത് നൽകുന്ന മൊഴികൾ കേന്ദ്ര ഏജൻസികൾക്കു കൈമാറും.
ഇറാനിലെ ആശുപത്രികളിലാണ് അവയവമാറ്റം കൂടുതലായി നടന്നിട്ടുള്ളത്. ഒരു ദാതാവിനെ ഇറാനിലെത്തിക്കുമ്പോൾ റാക്കറ്റിന് 50 മുതൽ 60 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. കൂടുതൽ ഇരകൾ റാക്കറ്റിന്റെ കെണിയിൽ അകപ്പെട്ടതോടെ ലാഭം പങ്കിടുന്നതു സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ തർക്കമുണ്ടായിരുന്നു. പണം കുറച്ചു മാത്രം ലഭിച്ച ഏജന്റുമാർ വാഗ്‍ദാനം ചെയ്ത 10 ലക്ഷം രൂപ പോലും നൽകാതെ ഇരകളെ കബളിപ്പിക്കാൻ തുടങ്ങിയതോടെയാണു വഞ്ചിതരായവർ അന്വേഷണ ഏജൻസികൾക്കു വിവരം നൽകി സബിത്തിന്റെ അറസ്റ്റിനു വഴിയൊരുക്കിയത്.
അവയവം നഷ്ടപ്പെട്ട പലരും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്.
വലപ്പാട് പയച്ചോട് നെറ്റിക്കോട്ട് കോളനിയിലെ വിലാസമാണു സബിത്തിന്റെ പാസ്പോർട്ടിലുള്ളത്. എന്നാൽ 10 ദിവസം മാത്രമാണു സബിത്ത് ഇവിടെ വാടകയ്ക്കു താമസിച്ചതെന്നു നാട്ടുകാർ പറഞ്ഞു. കൊടുങ്ങല്ലൂർ, പെന്ത്രോപ്പിന്നി എന്നിവിടങ്ങളിലും ഇയാൾ വാടകയ്ക്കു താമസിച്ചിട്ടുണ്ട്.
ഈ വിലാസങ്ങളിലും പാസ്പോർട്ട് എടുത്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
∙ നീക്കം രഹസ്യം
മനുഷ്യക്കടത്തിന്റെ പൂർണ വിവരങ്ങൾ പൊലീസും കേന്ദ്ര ഏജൻസികളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പോലും ഈ ഘട്ടത്തിൽ പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച കർശന നിർദേശം.