'മോചനത്തിനു 8 ലക്ഷം രൂപ; നിർദേശം അനുസരിച്ചില്ലെങ്കിൽ ക്രൂരമർദ്ദനം': മ്യാൻമറിലെ തട്ടിപ്പു സംഘങ്ങളുടെ വലയിൽ മലയാളി യുവാക്കൾ
Mail This Article
താനൂർ ∙ മ്യാൻമറിലെ സായുധ സൈബർ തട്ടിപ്പു സംഘങ്ങളുടെ വലയിൽ ജില്ലയിൽ നിന്നുള്ള കൂടുതൽ യുവാക്കൾ അകപ്പെട്ടതായി സൂചന. ഓൺലൈൻ റിക്രൂട്ട്മെന്റിലൂടെ ലഭിച്ച ജോലിക്കായി തായ്‌ലാൻഡിലേക്കു പോയ നന്നമ്പ്ര സ്വദേശി മ്യാൻമറിലെ തട്ടിപ്പു സംഘങ്ങളുടെ തടവിലാണെന്നു കാണിച്ചു ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
നന്നമ്പ്ര തെയ്യാല സൽമാൻ ഫാരിസിന്റെ ബന്ധുക്കളാണു പരാതി നൽകിയത്. നേരത്തെ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടു യുവാക്കളുടെ ബന്ധുക്കൾ സമാന പരാതി നൽകിയിരുന്നു. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം ചെയ്തു മ്യാൻമറിലെത്തിച്ച ശേഷം സൈബർ തട്ടിപ്പിനുപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി മഞ്ചേരി സ്വദേശിയായ യുവാവ് ഈയിടെ രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം നൽകിയാണു യുവാവ് രക്ഷപ്പെട്ടത്.
നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന സൽമാൻ പിന്നീട് നാട്ടിലെത്തി. കണ്ണൂർ സ്വദേശിയായ യുവാവ് വഴിയാണ് തായ്‌ലാൻഡിലേക്കുള്ള വീസ ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ 7നാണ് തായ്‌ലാൻഡിലേക്കു പുറപ്പെട്ടത്. കമ്പനി ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. അവിടെ എത്തിയ ശേഷം ഏജന്റ് സായുധ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോഴാണു തട്ടിപ്പു മനസ്സിലാക്കിയത്.
ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും മറ്റും സൈബർ തട്ടിപ്പിനാണ് സംഘം തന്നെ ഉപയോഗപ്പെടുത്തുന്നതെന്നു കുടുംബത്തിനയച്ച സന്ദേശത്തിൽ സൽമാൻ അറിയിച്ചു. മോചനത്തിനു 8 ലക്ഷം രൂപ നൽകണമെന്നു സംഘം ഭീഷണിപ്പെടുത്തുന്നതായും സംഘത്തിന്റെ നിർദേശം അനുസരിച്ചില്ലെങ്കിൽ ക്രൂരമായി ഉപദ്രവിക്കുന്നതായും സന്ദേശത്തിലുണ്ടായിരുന്നു.