ലളിത ജീവിതത്തിൽ നിന്ന് ആഡംബരത്തിലേക്ക്: ഒറ്റ തീരുമാനം സൈഡലിന് നേടി തന്നത് കോടികളുടെ പണകിലുക്കം
Mail This Article
പെർത്ത്∙ മിനിമം വേതനമുള്ള ജോലിയിലും ലളിതമായ ജീവിതശൈലിയിലും കഴിഞ്ഞിരുന്ന ജീവിതമായിരുന്നു കുറച്ച് വർഷം മുൻപ് വരെ സൈഡൽ സിയറയുടേത്. 35 വയസ്സുള്ള സൈഡലിന് ഇന്ന് ലിമിറ്റഡ് എഡിഷൻ ആസ്റ്റൺ മാർട്ടിൻ, പോർഷെ, മസെരാട്ടി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ കാർ ശേഖരം സ്വന്തമായിയുണ്ട്. ഗോൾഡ് കോസ്റ്റിലെ ‘വീട്' വാങ്ങാൻ 4.5 മില്യൻ ഡോളറാണ് സൈഡൽ ചെലവഴിച്ചത്. വാരാന്ത്യം ആഘോഷിക്കുന്നതിനായി പലപ്പോഴും 30,000 ഡോളർ സൈഡൽ ചെലവഴിക്കുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏഴ് വർഷം മുൻപ് മാതാപിതാക്കളുടെ ആയോധനകല അക്കാദമി നടത്തുകയായിരുന്നു സൈഡൽ. അന്ന് ചെറിയ തുകയാണ് വേതനമായി ലഭിച്ചിരുന്നത്. ‘‘കുറച്ച് കാലം മുൻപ് വരെ 'ആഡംബര'ങ്ങൾക്ക് പോലും ബജറ്റ് ചെയ്തിരുന്ന ഞാൻ ഇന്ന് യാത്ര ചെയ്യുമ്പോൾ ഒരു ദിവസത്തെ ഹോട്ടൽ താമസത്തിനായി 3000 ഡോളർ വരെ ചെലവഴിക്കുന്നു. പണ്ടത്തെ എനിക്ക് ഇത് സാധ്യമായിരുന്നില്ല’’ - സൈഡൽ സിയറ ഫീമെയിലിനോട് പറഞ്ഞു.
2016-ൽ, സൈഡൽ ഒരു വലിയ റിസ്ക് എടുക്കാൻ തീരുമാനിച്ചു - മുഴുവൻ സമ്പാദ്യവും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാനായിരുന്നു ആ തീരുമാനം. "ഞാൻ അതിനെക്കുറിച്ച് കേട്ടുകൊണ്ടിരുന്നു, അതിനെ സംബന്ധിച്ച കാര്യങ്ങൾ ഞാൻ വായിച്ചു. ഒടുവിൽ ആ മാർഗത്തിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു" സൈഡൽ പറഞ്ഞു.
ആദ്യം 2,000 ഡോളർ ഇതിനായി നീക്കി വച്ചെങ്കിലും നിക്ഷേപിക്കാൻ ഭയമായിരുന്നു. പക്ഷേ പിന്നീട് താൻ നടത്തിയ നിക്ഷേപങ്ങളിൽ പലതും വലിയ തോതിൽ ലാഭം നടത്തി തരുന്നത് സൈഡൽ കണ്ടു. നിക്ഷേപിച്ച 900 ഡോളർ , മൂന്ന് മാസത്തിനുള്ളിൽ 110,000 ഡോളർ ആയി വർധിച്ചുവെന്നും അന്ന് ആദ്യമായി ആറ് അക്ക സംഖ്യ തനിക്ക് ലഭിച്ചത് കണ്ട് അതിശിയിച്ചുവെന്നും സൈഡൽ പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
"എന്‍റെ സ്വന്തം പണം കൈകാര്യം ചെയ്യാൻ എനിക്ക് ഭയമായിരുന്നു. ഒരു തെറ്റായ ക്ലിക്ക് ചെയ്ത് എല്ലാം അപ്രത്യക്ഷമാക്കും. ഞാൻ അതിന് ആഗ്രഹിച്ചില്ല" - സൈഡൽ വ്യക്തമാക്കുന്നു. ഭയം ഉണ്ടായിരുന്നിട്ടും, സൈഡൽ വീണ്ടും നിക്ഷേപം തുടർന്നു. അങ്ങനെ കൂടുതൽ ലാഭം നേടി.
‘‘ ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നവർ സ്‌ക്രീനിലെ അക്കങ്ങളോട് വൈകാരികമായി ബന്ധം പുലർത്താൻ പാടില്ല. അവയെ യഥാസമയം യഥാർഥ പണമാക്കി മാറ്റേണ്ടതുണ്ട്. കാരണം ക്രിപ്‌റ്റോ കറൻസിയിൽ വലിയ തിരിച്ചടികളുടെ കാലം ഉണ്ടാകുന്നത് പതിവാണ്. അപ്പോൾ ഫണ്ടുകൾ 90 ശതമാനം പിന്നോട്ട് പോകുന്നു. ഈ പ്രതിസന്ധി കാലം നീണ്ടുനിൽക്കുന്നതിനാൽ നിക്ഷേപകർക്ക് നഷ്ടം സംഭവിക്കാറുണ്ടെന്നും ’’ സൈഡൽ കൂട്ടിച്ചേർത്തു.