ഈ നാടുകളിലെ സ്ഥിരതാമസക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ട്രാവൽ വീസ നൽകാനൊരുങ്ങി ചൈന
Mail This Article
ഹോങ്കോങ്ങിലും മക്കാവുവിലും സ്ഥിരതാമസക്കാരായ വിദേശികൾക്ക് അഞ്ച് വർഷത്തെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ട്രാവൽ വീസയ്ക്ക് അപേക്ഷിക്കാമെന്ന് ചൈനയുടെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ. ഈ രണ്ട് നഗരങ്ങളിലെ വിദേശ സ്ഥിര താമസക്കാർക്ക് ജൂലൈ 10 മുതൽ ചൈനയിലേക്ക് പ്രവേശിക്കുന്നതിന് മൾട്ടിപ്പിൾ എൻട്രി ട്രാവൽ വീസകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഭരണകൂടം അറിയിച്ചു.
ജോലി ചെയ്യാനോ പഠിക്കാനോ മാധ്യമ പ്രവർത്തനം നടത്താനോ ഉദ്ദേശിക്കുന്ന വിദേശി സ്ഥിരതാമസക്കാർ മറ്റ് വീസകൾക്കോ റസിഡൻസ് പെർമിറ്റിനോ അപേക്ഷിക്കാം. കോവിഡിന് ശേഷം വിദേശ വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയും തിരികെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായുള്ള നടപടികളിൽ ഒന്നാണിത്.
ബ്രിട്ടിഷ് ഭരണത്തിൽ നിന്ന് ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയതിന്റെ 27-ാം വാർഷികത്തിലാണ് മൾട്ടിപ്പിൾ എൻട്രി ട്രാവൽ വീസയിൽ പുതിയ പരിഷ്കരണം കൊണ്ടുവന്നത്. യോഗ്യരായവർക്ക് ഹോങ്കോങ്ങിലും മക്കാവുവിലുമുള്ള ചൈന ട്രാവൽ സർവീസ് വഴി വീസ അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് 20 പ്രവൃത്തി ദിവസത്തിനുള്ളിൽ പെർമിറ്റുകൾ നൽകും. ഒരു അപേക്ഷയ്ക്ക് 34 ഡോളറാണ് നിരക്ക്. അതേസമയം പെർമിറ്റുകൾ പുതുക്കാനായി 32 ഡോളർ നൽകേണ്ടിവരുമെന്ന് ഭരണകൂടം അറിയിച്ചു.