വിദേശത്ത് ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം; നാട്ടിൽ തിരിച്ചെത്തി മനുഷ്യക്കടത്ത്: മലയാളി പിടിയിൽ
Mail This Article
കൊല്ലം ∙ ഓൺലൈൻ തട്ടിപ്പിനായി യുവാക്കളെ വിദേശത്തേക്കു മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ പുതുവൽ ഹൗസിൽ ജയ്സ് ഉല്ലാസ് (30) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം വെള്ളിമൺ സ്വദേശി പ്രവീൺ മുൻപു പിടിയിലായിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു ജയ്സ് പിടിയിലായത്. ജയ്സ് ആണു പ്രവീണിനെ കംബോഡിയയിലേക്കു പോകാൻ സഹായിച്ചത്.
പ്രവീണിന്റെ സഹോദരൻ പ്രണവുമായി ചേർന്നാണു കേരളത്തിൽ നിന്നു യുവാക്കളെ മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കംബോഡിയൻ സ്വദേശിയും പ്രതിയാണ്. പ്രവീൺ കംബോഡിയയിൽ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടർന്നു, നാട്ടിൽ തിരിച്ചെത്തിയ ഇയാൾ മറ്റു സംഘാംഗങ്ങളുമായി ചേർന്നു യുവാക്കളെ കംബോഡിയയിലേക്കു കടത്തുകയായിരുന്നു. വിയറ്റ്നാമിലെ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം നൽകിയാണു പ്രതികൾ യുവാക്കളെ ആകർഷിച്ചിരുന്നത്. തുടർന്നു, പ്രതികൾ യുവാക്കളിൽ നിന്നു വീസ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് 2 മുതൽ 3 ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തു.