7 ദിനങ്ങൾ, 7 ലോകാദ്ഭുതങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി മാഗ്ഡി ഈസ
Mail This Article
കെയ്റോ ∙ കുട്ടിക്കാലത്തെ ഒരു സ്വപ്നം മാഗ്ഡി ഈസയെന്ന സഞ്ചാരിക്ക് ലോക റെക്കോർഡാണ് നേടിക്കൊടുത്തിരിക്കുന്നത്. ഈജിപ്ഷ്യനായ മാഗ്ഡി ഈസ (45) പൊതുഗതാഗതം മാത്രം ഉപയോഗിച്ച് വെറും 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് ലോകാദ്ഭുതങ്ങൾ സന്ദർശിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈസയുടെ നേട്ടം അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.
ചൈനയിലെ വൻമതിലിൽ നിന്നാണ് ഈസയുടെ യാത്ര ആരംഭിച്ചത്. തുടർന്ന് ഇന്ത്യയിലെ താജ്മഹലും ജോർദാനിലെ പുരാതന നഗരമായ പെട്രയും സന്ദർശിച്ചു. അതിനുശേഷം റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, പെറുവിലെ മച്ചു പിച്ചു എന്നിവിടങ്ങളിലേക്ക് യാത്രത്തിരിച്ചു. മെക്സിക്കോയിലെ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സയിലാണ് ഈസയുടെ പര്യടനം അവസാനിച്ചത്.
ഏകദേശം ഒന്നര വർഷമെടുത്താണ് യാത്രയ്ക്കുള്ള പദ്ധതി തയാറാക്കിയത്. കഴിഞ്ഞ വർഷം ഇംഗ്ലിഷുകാരൻ ജാമി മക്ഡൊണാൾഡ് സ്ഥാപിച്ച റെക്കോർഡാണ് ഈസ മറിക്കടന്നത്. തന്റെ സാഹസീക യാത്രയിൽ ഈസ നിരവധി വെല്ലുവിളികൾ നേരിട്ടു. ഉറങ്ങിപോയതോടെ പെട്രയിലേക്കുള്ള പതിവ് ബസ് നഷ്‌ടമായി പകരം മറ്റൊരു ബസ് കണ്ടെത്തേണ്ടി വരികയായിരുന്നു. പെറുവിൽ നിന്ന് മെക്‌സിക്കോയിലേക്കുള്ള തന്റെ വിമാനവും അദ്ദേഹത്തിന് നഷ്‌ടമാകേണ്ടതായിരുന്നു. എന്നാൽ എയർലൈൻ ജീവനക്കാരുടെ സഹായം കൊണ്ട് യാത്ര സാധ്യമായി.
ഏഴ് അദ്ഭുതങ്ങൾ സന്ദർശിക്കുക എന്നത് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നുവെന്ന് ഈസ പറയുന്നു. വ്യക്തിപരമായ സംതൃപ്തിക്കപ്പുറം ജീവിതത്തിലെ ചില സമ്മർദങ്ങൾ മറക്കുന്നതിന് ഈ യാത്ര സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ് ഈസയുടെ യാത്ര.