തായ്‌ലൻഡിൽ വിനോദസഞ്ചാരി കുത്തേറ്റ് മരിച്ചു; ദൂരൂഹം
Mail This Article
ക്രാബി ∙ തായ്‌ലൻഡിൽ വിനോദയാത്രയ്ക്കിടെ പെർത്ത് സ്വദേശി കുത്തേറ്റു മരിച്ചു. തീരദേശ പട്ടണമായ ക്രാബിയിലെ ഒരു ബാറിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് 35 കാരനായ പെർത്ത് സ്വദേശിക്ക് വയറ്റിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും 43 കാരനായ അമേരിക്കക്കാരനെ തായ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ക്രാബി ജയിലിലേക്ക് മാറ്റി. ഇരുവരും മുമ്പ് പരിചയക്കാരല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഫോറിൻ അഫയേഴ്‌സ് ആൻഡ് ട്രേഡ് ഡിപ്പാർട്ട്‌മെന്റാണ് മരണം സ്ഥിരീകരിച്ചത്. കുടുംബത്തിന് കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും അറിയിച്ചു.