ADVERTISEMENT

കൊളംബോ / തൃശൂർ ∙ ശ്രീലങ്കൻ പൗരനായ ലഹരിമരുന്നു കേസ് പ്രതി കോടതിക്കുള്ളിൽ കറന്റ് പോയ തക്കംനോക്കി പൊലീസിനെ വെട്ടിച്ചു ചാടിപ്പോയി. ഒന്നിലേറെ ലഹരിമരുന്നു കേസുകളിൽ പ്രതിയായ അജിത് കിഷാന്ത് പെരേര (38) ആണു കടന്നുകളഞ്ഞത്. 

കോടതിക്കുള്ളിൽ കയറ്റുന്നതിനു തൊട്ടുമുൻപു ചട്ടപ്രകാരം പൊലീസ് വിലങ്ങഴിച്ചത് അജിത്തിനു രക്ഷയായി. വെളുത്ത മേൽവസ്ത്രവും കറുത്ത പാന്റ്സുമാണ് അണിഞ്ഞിരുന്നത് എന്നതിനാൽ അഭിഭാഷകനെന്ന മട്ടിൽ പുറത്തിറങ്ങി ഓടിമറഞ്ഞെന്നാണു പൊലീസ് കണക്കുകൂട്ടൽ.

ലഹരിമരുന്നുമായി ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് 3 വർഷം മുൻപാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സബ്ജയിലിലായിരുന്നു 3 മാസം തടവിൽ കഴിഞ്ഞത്. 2021 ജൂലൈയിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. വിയ്യൂർ ജയിലിൽ അജിത്തിന്റെ സെല്ലിൽ നിന്നു നിരോധിത ലഹരിവസ്തു പിടികൂടിയിരുന്നു. വിയ്യൂർ പൊലീസ് ഇതു സംബന്ധിച്ചു കേസെടുക്കുകയും ചെയ്തു. 

ഇതിന്റെ വിചാരണയ്ക്ക് അയ്യന്തോൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ മറ്റു 3 പ്രതികൾക്കൊപ്പമാണ് അജിത്തിനെ ഉച്ചയോടെ എത്തിച്ചത്. പൊലീസ് സംഘം ഒപ്പമുണ്ടായിരുന്നു. കോടതിമുറിയിലേക്കു കയറ്റുമ്പോൾ വിലങ്ങ് അഴിക്കണമെന്നാണു ചട്ടം. ഇതുപ്രകാരം പൊലീസ് വിലങ്ങുമാറ്റി അജിത്തിനെ ഉള്ളിലേക്കു കയറ്റി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാതിലിനു സമീപം കാവൽനിന്നു.

കോടതിമുറിക്കുള്ളിൽ കക്ഷികളും അഭിഭാഷകരും പൊലീസുമടക്കം വലിയ തിരക്കുള്ള സമയത്ത് അപ്രതീക്ഷിതമായി കറന്റ് പോയി. ഈ തക്കത്തിനു തിരക്കിലൂടെ ഊളിയിട്ട് അജിത്ത് പുറത്തേക്കു കടക്കുകയായിരുന്നു. ഇയാൾ മുങ്ങിയതു മനസ്സിലാക്കി പൊലീസ് തിരച്ചിൽ ആരംഭിക്കുമ്പോഴേക്കും അജിത്ത് കോടതി വളപ്പിനു പുറത്തുകടന്നു. ഇവിടെ നിന്ന് എവിടേക്കു രക്ഷപ്പെട്ടുവെന്നു കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുന്നുണ്ട്. അജിത്തിന്റെ വെളുത്ത ടീഷർട്ടിന്റെ പോക്കറ്റിനു സമീപം ഇന്ത്യൻ പാർലമെന്റ് എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

English Summary:

Sri Lankan Drug Suspect Escaped from the Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com